ശക്തമായ മഴ തുടരുന്നു; ദേശീയപാത നിർമാണ പ്രവർത്തികൾ നിലച്ചു
കൊയിലാണ്ടി: ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തികൾക്ക് വേഗം കൂടിയിരുന്നെങ്കിലും, ശക്തമായ മഴ കാരണം പലേടത്തും പ്രവർത്തികൾ സ്തംഭനത്തിലായി. അഴിയൂർ മുതൽ വെങ്ങളം വരെ 40.5 കിലോമീറ്റർ നീളത്തിൽ ആറുവരിയിൽ സർവീസ് റോഡ് ഉൾപ്പെടെയാണ് ദേശീയ പാത വികസനം നടക്കുന്നത്. ഈ റീച്ചിൽ 1382.56 കോടി രൂപ ചിലവിലാണ് പ്രതീക്ഷിക്കുന്നത്. 2021 ജൂണിൽ ആരംഭിച്ച പ്രവർത്തികൾക്ക് രണ്ടര വർഷമാണ് നിർമാണ കാലാവധി. അദാനി എൻറർപ്രൈസസാണ് ടെൻണ്ടർ ഏറ്റെടുത്തിരിക്കുന്നത്.
കനത്ത മഴയെ തുടർന്നുള്ള വെള്ളക്കെട്ടും പുതുതായി മണ്ണിട്ട് റോഡ് നിർമിക്കുമ്പോൾ കൂറ്റൻ ലോറികളുടെ ടയറുകൾ മണ്ണിൽ താഴ്ന്നുപോകുന്നതും കാരണം പ്രവർത്തി പല സ്ഥലങ്ങളിലും നിർത്തിവെക്കേണ്ടി വരുന്നു. നന്തി ചെങ്ങോട്ട്കാവ് ബൈപ്പാസിൽ 24 മീറ്റർ വീതിയിൽ, കൊല്ലം നെല്ല്യാടി റോഡിലും ചെങ്ങോട്ടുകാവിലും അടിപ്പാത നിർമാണം നടക്കുന്നുണ്ട്. അടിപ്പാത നിർമാണത്തെ തുടർന്ന് നെല്ല്യാടി റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ട്, നാട്ടുകാരിൽ പ്രതിഷേധമുളവാക്കി. നിർമ്മാണ കമ്പനി മണ്ണുമാന്തി ഉപയോഗിച്ച് റോഡിൻ്റെ പടിഞ്ഞാറു ഭാഗത്ത് നിന്ന് തോടുകീറി വഴിതിരിച്ചു വിട്ടതോടെ റോഡിലൂടെ ഒഴുകിയിരുന്ന വെള്ളത്തിന് ഇപ്പോൾ ശമനം വന്നിട്ടുണ്ട്.
ചെങ്ങോട്ടുകാവിൽ നിലവിലുള്ള ദേശീയപാതയുമായി ബൈപ്പാസ് സന്ധിക്കുന്നിടത്താണ് അടിപ്പാത പണിയുന്നത്. ഇവിടെ ദീർഘദൂര ട്രക്കുകൾക്ക് പാർക്കു ചെയ്യാൻ കഴിയുന്ന, വിപുലമായ ട്രക്ക് ലൈനോടെയാണ് പാത നിർമ്മാണം. കൊയിലാണ്ടി താമരശ്ശേരി സംസ്ഥാന പാത മുറിച്ചു കടക്കുന്ന കോമത്തുകരയിൽ മേൽപാതയാണ് നിർമിക്കുന്നത്. കൊയിലാണ്ടി മുത്താമ്പി റോഡിലും അടിപ്പാത നിർമാണം ഉടൻ ആരംഭിക്കും. അടിപ്പാത നിർമിച്ച ശേഷം ക്രെയിൻ ഉപയോഗിച്ച് ഉയർത്തി വെക്കുന്ന സംവിധാനമായതിനാൽ റോഡിൽ ഗതാഗത തടസ്സം ഉണ്ടാവില്ല. തിരുവങ്ങൂരിൽ അത്തോളി കുനിയിൽ കടവ് റോഡ് ദേശീയപാതയുമായി ചേരുന്നിടത്തും അടിപ്പാത നിർമിക്കുന്നുണ്ട്. പൊയിൽക്കാവ്, പൂക്കാട് എന്നിവിടങ്ങളിൽ കൂടി അടിപ്പാത നിർമിക്കണമെന്ന് ജനങ്ങൾ ആവശ്യം ഉയർത്തിയിട്ടുണ്ട്.