ബിനോയ് കോടിയേരി പ്രതിയായ പീഡനക്കേസ് ഒത്തുതീര്‍പ്പിലായതായി സൂചന. കേസ് പിൻവലിക്കാൻ ഇരു കക്ഷികളും കോടതിയിൽ അപേക്ഷ നൽകി
മുംബൈ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ മകൻ ബിനോയ് കോടിയേരി പ്രതിയായ പീഡനക്കേസ് കക്ഷികൾ പരസ്പരം സംസാരിച്ച് ഒത്തുതീര്‍പ്പിലായതായി സൂചന. പരാതിക്കാരിയായ യുവതിയും ബിനോയിയും കേസ് നടപടികൾ അവസാനിപ്പിക്കാൻ കോടതിയിൽ അപേക്ഷ നൽകി. ഒത്തുതീര്‍പ്പിനെക്കുറിച്ച് പ്രതികരിക്കാൻ പരാതിക്കാരിയായ യുവതി തയ്യാറായിട്ടില്ല. കുട്ടിയുടെ ഭാവി മുൻനിര്‍ത്തി കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിലേക്ക് എത്തി എന്നാണ് ഇരുവരും കോടതിയിൽ നൽകിയ അപേക്ഷയിൽ പറയുന്നത്. ഒത്തുതീര്‍പ്പ് വ്യവസ്ഥകളെക്കുറിച്ച് ഇപ്പോൾ പരസ്യമായി പറയാനാകില്ലെന്ന് ബിനോയ് കോടിയേരി പ്രതികരിച്ചു. പരാതിക്കാരിയായ യുവതിയും മറിച്ചൊരു പ്രതികരണത്തിന് തയ്യാറായിട്ടില്ല.
പരാതിക്കാരിയായ യുവതിക്ക് നഷ്ടപരിഹാരം നൽകാൻ നേരത്തെ തന്നെ കോടതിക്ക് പുറത്ത് ധാരണയായതായി വാർത്തകൾ പ്രചരിച്ചിരുന്നു. കേസ് ഒത്തുതീര്‍പ്പാക്കാൻ ഇരുകൂട്ടരും കോടതിയിൽ അപേക്ഷ നൽകിയതായാണ് സൂചന. തനിക്കെതിരായ പരാതി വ്യാജമാണെന്നും എഫ് ഐ ആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബിനോയ് കോടിയേരിയാണ് ആദ്യം ബോംബൈ ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഡി എൻ എ പരിശോധനയിലൂടെ കുട്ടിയുടെ പിതൃത്വം തെളിയിക്കാൻ കോടതി ഉത്തരവിട്ടു. ഇതേ തുടര്‍ന്ന് ഡി എൻ എ പരിശോധന നടന്നെങ്കിലും ഫലം രണ്ട് വര്‍ഷമായിട്ടും പുറത്ത് വിട്ടിട്ടില്ല. അതിപ്പോഴും കോടതിയുടെ പരിഗണനയിൽ ഇരിക്കുകയാണ്. ഡി എൻ എ ഫലം തന്റെ കേസ്സിനെതിരാവും എന്ന് വ്യക്തമായതോടെ കേസ് ഒത്തുതീര്‍പ്പാക്കാൻ ബിനീഷ് കോടിയേരി നിർബന്ധിതനാകുകയായിരുന്നു എന്നറിയിന്നു. കുട്ടിയുടെ ഭാവി മുൻനിര്‍ത്തിയാണ് ഒത്തുതീര്‍പ്പിലേക്ക് പോകുന്നത് എന്ന് കോടതിയിൽ നൽകിയ അപേക്ഷയിൽ പറഞ്ഞ് കോടതിക്ക് പുറത്ത് കേസ്സ് തീർക്കാൻ തീരുമാനിക്കുകയായിരുന്നു. കേസ്സുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് യുവതിയും എഫ്ഐആര്‍ റദ്ദാക്കണമെന്ന് ബിനോയിയും അപേക്ഷയിൽ ആവശ്യപ്പെട്ടിരുന്നു. അപേക്ഷ ഫയലിൽ സ്വീകരിച്ച കോടതി ഇതൊരു ക്രിമിനൽ കേസ് ആയതിനാൽ വിശദമായി പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കാം എന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.