ഡിപിആറിൽ കെ റെയിൽ പദ്ധതിയുടെ സാങ്കേതികത സംബന്ധിച്ച് മതിയായ വിശദാംശങ്ങളില്ലെന്ന് കേന്ദ്ര സർക്കാർ
ന്യൂഡൽഹി: ഡിപിആറിൽ കെ റെയിൽ പദ്ധതിയുടെ സാങ്കേതികത സംബന്ധിച്ച് മതിയായ വിശദാംശങ്ങളില്ലെന്ന് കേന്ദ്ര സർക്കാർ. പദ്ധതി സംബന്ധിച്ച് വിശദമായി പരിശോധന ആവശ്യമാണ്. കെ റെയിലിനോട് വിവരങ്ങൾ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നൽകിയില്ലെന്നും പാർലമെന്റിൽ രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
പദ്ധതിയുടെ അലൈൻമെന്റ് സ്ലാംഗ്, ബന്ധപ്പെട്ട ഭൂമിയുടേയും സ്വാകാര്യ ഭൂമിയുടേയും വിശദാംശങ്ങൾ, റെയിൽവേ ക്രോസിങ്ങുകളുടെ വിവരങ്ങൾ തുടങ്ങിയ കാര്യങ്ങൾ അറിയിക്കാൻ കേരളത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആവശ്യമായ വിവരങ്ങൾ കെ റെയിൽ നൽകിയില്ലെന്നും മന്ത്രി പാർലമെന്റിൽ അറിയിച്ചു. ഇക്കാര്യങ്ങളിൽ വിശദാംശങ്ങൾ ലഭിച്ച ശേഷം കൂടുതൽ സാങ്കേതിക പരിശോധന നടത്തും. മണ്ണിന്‍റെ അവസ്ഥ, ഡ്രെയിനേജ്, പരിസ്ഥിതി പ്രശ്നങ്ങള്‍, കടബാധ്യതകള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ആലോചന നടത്തേണ്ടതുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.
പദ്ധതിയെക്കുറിച്ച് കൂടുതൽ പരാതികൾ ഉയരുന്നുണ്ട്. ആയിരക്കണക്കിന് ഹെക്ടര്‍ കൃഷിയോഗ്യമായ ഭൂമി, ഇരുപതിനായിരം വീടുകളും വ്യാപാരസ്ഥാപനങ്ങളുമൊക്കെ പദ്ധതിയുടെ പേരില്‍ ഇല്ലാതവുമെന്നാണ് പ്രധാന പരാതി. നിർദ്ദിഷ്ട കെ റെയിൽ അലൈൻമെന്റ് നിരവധി മതസ്ഥാപനങ്ങൾ തകർക്കുമെന്നുളള പരാതികളും ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്രം പാർലമെന്റിൽ മറുപടി നൽകി.