കൊയിലാണ്ടി നഗരസഭയിലൊരാൾക്ക് ചെള്ളുപനി ബാധിച്ചതായി ഔദ്യോഗിക സ്ഥിരീകരണം ലഭിക്കാത്ത വാർത്ത. രോഗി സുഖംപ്രാപിച്ചു വരുന്നു.
നഗരസഭയിലെ ഒരാൾക്ക് ചെള്ളുപനി ബാധിച്ചതായി വാർത്ത. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് എലീസ ടെസ്റ്റ് പോസിറ്റീവായത്. ഇതിന് ആരോഗ്യവകുപ്പിന്റെ ഔദ്യാഗിക സ്ഥിരീകരണം ഇനിയും ലഭിച്ചിട്ടില്ല. പന്തലായനി പന്ത്രെണ്ടാം വാർഡിലെ പുതുക്കുട്ടി ഭാഗത്തുള്ള എഴുപത്തിരണ്ട് കാരനാണ് രോഗം ബാധിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ഇയാൾക്ക് പനിയും രോഗലക്ഷണങ്ങളുമുണ്ടായിരുന്നു. എന്നാൽ പ്രാദേശിക ചികിത്സയിൽ രോഗമെന്തെന്ന് വ്യക്തമാകാത്തതിനെ തുടർന്നാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് റെഫർ ചെയ്തത്. അവിടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
എന്നാൽ ഇയാൾക്കിപ്പോൾ പനിയോ രോഗലക്ഷണങ്ങളോ ഇല്ല. നാളെയോടെ മിക്കവാറും ആശുപത്രി വിടാനാകും എന്ന് പ്രതീക്ഷിക്കുന്നു. വീട്ടിലോ പരിസര പ്രദേശങ്ങളിലോ മറ്റാർക്കും രോഗലക്ഷണങ്ങളില്ല. രോഗബാധിതനായ ആൾ പുറത്തൊന്നും പോകുന്നയാളല്ലാത്തത് കൊണ്ട് രോഗകാരിയായ എലിച്ചെള്ളിന്റെ ലാർവ ഈ പ്രദേശങ്ങളിലുണ്ടോ എന്ന പരിശോധന നടക്കേണ്ടതുണ്ട്. കൊയിലാണ്ടിയിലെ ആരോഗ്യവിഭാഗം ടീമായി ഈ പ്രദേശങ്ങളിലാകെ പരിശോധന നടത്തുകയും ജനങ്ങളെ ബോധവൽക്കരിക്കുകയും ചെയ്തിട്ടുണ്ട്. ഡി എം ഒ യുടെ നേതൃത്വത്തിൽ വിദഗ്ധസംഘം നാളെ ഈ പ്രദേശത്ത് പരിശോധന നടത്തും. രോഗകാരിയായ എലിച്ചെള്ളിന്റെ ലാർവയെ (Mite) കണ്ടെത്താൻ കഴിയുമോ എന്ന് പരിശോധിക്കും. സാദ്ധ്യത വിരളമാണ്. അത്രയേറെ സൂഷ്മ ജീവിയാണ് ഈ ലാർവ.
വ്യാപകമായി രോഗം പകരാനുള്ള സാദ്ധ്യത കുറവാണെന്നും ആളുകൾ ഭയപ്പെടേണ്ട സഹചര്യമില്ലന്നും ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. കഴിഞ്ഞ മാസം പയ്യോളി, അരിക്കുളം ഭാഗങ്ങളിൽ രോഗബാധ കണ്ടെത്തിയിരുന്നെങ്കിലും വിരലിലെണ്ണാവുന്ന കേസ്സുകളിൽ ഒതുങ്ങുകയായിരുന്നു. രോഗകാരിയായ സൂഷ്മ ജീവിയുടെ സാന്നിദ്ധ്യം ഈ പ്രദേശത്ത് കണ്ടെത്താനാവുമോ എന്നത് മാത്രമാണ് പ്രശ്നം.