കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവിന്റെ ഒൻമ്പതാം വർഷത്തെ മഴയാത്ര കുറ്റ്യാടി ചുരത്തിൽ നടന്നു
കുറ്റ്യാടി: കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവിന്റെ ഒൻമ്പതാം വർഷത്തെ മഴയാത്ര കുറ്റ്യാടി ചുരത്തിൽ നടന്നു. യാത്ര കേരള വനം വന്യജീവ് ബോർഡ് അംഗം പ്രൊഫ ശോഭീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കാവിലും പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ജി ജോർജ് അധ്യക്ഷനായി. മുൻ വിദ്യാഭ്യാസ ഉപഡയറക്ടർ ഇ കെ സുരേഷ് കുമാർ, വനമിത്ര പുരസ്കാര ജേതാവ് വടയക്കണ്ടി നാരായണൻ,സേവ് ഓർഡിനേറ്റർമാരായ സെഡ്. എ.സൽമാൻ, ഷൗക്കത്ത് അലി എരോത്ത് മഴയാത്ര കൺവീനർ ഷഫീഖ് മുക്കത്ത്, സുമ പള്ളിപ്പുറം, സി കെ രാജലക്ഷ്മി, ഷാജുഭായ് ശാന്തിനികേതൻ, ആഷോ സമം, അബ്ദുലത്തീഫ് കുറ്റിപ്പുറം തുടങ്ങിയവർ സംസാരിച്ചു. പക്രംതളത്തു നിന്ന് ആരംഭിച്ച യാത്ര കാനനപാതയിലൂടെ സഞ്ചരിച്ച് പൂതംപാറയിൽ സമാപിച്ചു.
നിരവധി വിദ്യാലയങ്ങളിൽ നിന്നായി ആയിരത്തിലേറെ വിദ്യാർഥികളും അധ്യാപകരും യാത്രയിൽ അണിനിരന്നു. വിദ്യാർത്ഥികൾക്ക് പുറമെ വടകര തർജ്ജനി ലയൺസ് ക്ലബ്ബ്, ജേസിസ് കുറ്റ്യാടി, അലയൻസ് ഇന്റർനാഷനൽ ഉൾപ്പെടെ നിരവധി സംഘടനകൾ പങ്കാളികളായി. യാത്ര ആരംഭിച്ചതു മുതൽ കിനിഞ്ഞ് പൊയ്ത മഴ കുട്ടികൾക്ക് ആവേശമായി. കാട്ടരുവിയിൽ കുളിച്ചും കളിച്ചും മഴയാത്ര വേറിട്ട അനുഭവമാക്കി മാറ്റി. കാർഷിക വേഷവിധാനങ്ങൾ ധരിച്ച്, പാട്ടുകൾ പാടി ,ഇലകളിൽ ചായങ്ങൾ കൊണ്ട് മുദ്രാവാക്യങ്ങൾ എഴുതി, പാളത്തോപ്പിവെച്ച് , വിത്തുകൾ കാട്ടിലെറിഞ്ഞ് ഒക്കെയാണ് വിദ്യാർത്ഥികൾ യാത്രയിൽ പങ്കാളികളായത്. ഇതിൻറെ അടിസ്ഥാനത്തിൽ നാല് വിദ്യാലയങ്ങൾ പുരസ്കാരങ്ങൾക്ക് അർഹരായി. കുറ്റ്യാടി എം ഐ യു പി സ്കൂൾ ഒന്നാം സ്ഥാനവും വട്ടോളി സംസ്കൃതം ഹയർസെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും എം സി എം യു പി സ്കൂൾ മയ്യനൂർ, എ എം യു പി സ്കൂൾ കായക്കൊടി എന്നിവർ മൂന്നാം സ്ഥാനവും നേടി. യാത്രയിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകൾ നൽകി.
കോവിഡ് കാരണം കഴിഞ്ഞ വർഷം മഴയാത്ര നടത്തിയിരുന്നില്ല.