Uncategorized

ഡീസൽ പ്രതിസന്ധി; കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ വെട്ടിച്ചുരുക്കാന്‍ ഉത്തരവ്

തിരുവനന്തപുരം: ഡീസലടിക്കാന്‍ പണമില്ലാത്തതിനാല്‍ മൂന്നു ദിവസം കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ വെട്ടിച്ചുരുക്കാന്‍ കെ എസ് ആര്‍ ടി സി മാനേജിങ് ഡയറക്ടറുടെ ഉത്തരവ് . ഓര്‍ഡിനറി സര്‍വീസുകള്‍ക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതനുസരിച്ച് വെള്ളിയാഴ്ച അമ്പത് ശതമാനവും ശനിയാഴ്ച 25 ശതമാനവും സര്‍വീസുകള്‍ മാത്രമാണ് നടത്തുക. ഞായറാഴ്ച പൂര്‍ണമായും സര്‍വീസ് ഒഴിവാക്കും.  

നിലവിലെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിന്റെ ഭാഗമായും ഡീസലിന്റെ ലഭ്യത കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലും മോശം കാലാവസ്ഥയിലുമാണ് വരുമാനമില്ലാതെ സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്ന സാഹചര്യം ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

വരുമാനം ലഭിക്കുന്ന ഫാസ്റ്റ് പാസഞ്ചര്‍ മുതലുള്ള സൂപ്പര്‍ ക്ലാസ് സര്‍വീസുകള്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയും ഉച്ചക്ക് ശേഷം  കൃത്യമായി ഓപ്പറേറ്റ് ചെയ്യുകയും ഞായറാഴ്ച്ച ഉച്ചക്ക് ശേഷം എല്ലാ ദീര്‍ഘദൂര സര്‍വീസുകളും ഓപ്പറേറ്റ് ചെയ്യുകയും തിങ്കളാഴ്ച്ച തിരക്ക് ഉണ്ടാകുമ്പോള്‍ ഏതാണ്ട് പൂര്‍ണമായും ഓപ്പറേറ്റ് ചെയ്യുകയും വേണമെന്ന് ഉത്തരവില്‍ പറയുന്നു. തിങ്കളാഴ്ച ലഭ്യമായ ഡീസല്‍ ഉപയോഗിച്ച് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവാത്ത രീതിയില്‍ പരമാവധി ഓര്‍ഡിനറി സര്‍വീസുകള്‍ ട്രിപ്പുകള്‍ ക്രമീകരിച്ച് ഓപ്പറേറ്റ് ചെയ്യണമെന്നും ഉത്തരവിലുണ്ട്.

കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ജൂണ്‍മുതലുള്ള ശമ്പളം നല്‍കാനുണ്ട്.ഇപ്പോള്‍ ഇന്ധനത്തിനുള്ള പണമാണ് ശമ്പളം നല്‍കാനുപയോഗിക്കുന്നത്. അതുകൊണ്ട് ഇന്ധനപ്രതിസന്ധി ഇനിയും തുടരുമെന്നാണ് ജീവനക്കാര്‍ പറയുന്നത്. അതേസമയം പണമില്ലാത്തതുകൊണ്ടല്ല ഐ ഒ സിയിലെ തൊഴിലാളിയൂണിയനുകളുടെ സമരം കാരണമാണ് ഡീസല്‍ പ്രതിസന്ധിയുണ്ടായതെന്ന് കെ എസ് ആര്‍ ടി സി അധികൃതറുടെ വാദം.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button