നവതിയിലും നാണിയമ്മയ്ക്ക് പാട്ടാണ് പ്രിയം
ഒരാഴ്ച മുമ്പാണ് ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിലെ മേലൂരിലെ മീത്തൽ നാണിയമ്മ തൊണ്ണൂറാം പിറന്നാൾ ആഘോഷിച്ചത്. മക്കളും, പേരക്കുട്ടികളുമൊക്കെ വന്ന് കേക്ക് മുറിച്ചൊക്കെയായിരുന്നു ആഘോഷം. ആഘോഷങ്ങളുടെയും, വാർധ്യക്ക സഹജമായ വയ്യായ്മകളുടെ നടുവിലും പത്തെൺപത് വർഷങ്ങൾക്കുമ്പ് പഠിച്ച പാട്ടുകൾ പാടുന്നതിലാണ് നാണിയമ്മയുടെ സന്തോഷം. ബന്ധുക്കളും അടുത്ത വീട്ടുകാരുമൊക്കെ വന്നാൽ അവർക്ക് പാട്ടുകൾ പാടിക്കൊടുക്കാൻ നാണിയമ്മയ്ക്ക് നല്ല ഉത്സാഹമാണ്. ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി. സ്കൂളിൽ പഴയ അഞ്ചാം ക്ലാസുവരെയായിരുന്നു നാണിയമ്മയുടെ വിദ്യാഭ്യാസം. അന്നത്തെ നിലയ്ക്ക് സ്കൂൾ ടീച്ചറാവാൻ അതൊക്കെ മതി. കൂടെ പഠിച്ച പലരും ആ തൊഴിലിലേക്ക് പോവുകയും ചെയ്തു. പക്ഷെ നാണിയമ്മക്ക് മീത്തൽ കരുണാകരൻ നായരുടെ ഭാര്യയായും ഏഴുമക്കളുടെ അമ്മയായുമുള്ള ജീവിതമാണ് കാലം നൽകിയത്.
കൃഷിയും കർഷക തൊഴിലുമൊക്കെയായി കടന്നുപോയ ജീവിതത്തിന്റെ സായാഹ്നത്തിലാണ് പാട്ടിന്റെ പാലാഴി നാണിയമ്മയിൽ ഒഴുകി പരക്കുന്നത്. ദേവ സ്തുതികളും, ഓമനത്തിങ്കൾക്കിടാവോ പോലുള്ള പാട്ടുകളും, ശീലാവതിയും, സന്താനഗോപാലവും, കമലാകാന്തന്റെ കാരുണ്യശീലവും, അന്നത്തെ പാഠ പുസ്തകത്തിലെ പദ്യങ്ങളുമൊക്കെ വലിയ തെറ്റുകുറ്റങ്ങളോ, കൊഴിഞ്ഞു പോക്കുകളോ ഇല്ലാതെ നാണിയമ്മയുടെ ശേഖരത്തിൽ ഇപ്പോഴുമുണ്ട്.
പാട്ടു പാടിക്കൊണ്ടിരിക്കെ ഇനി വയ്യ എന്നു പറഞ്ഞ് നിർത്തുമെങ്കിലും അടുത്ത നിമിഷം തന്നെ പാട്ടിന്റെ തുടർച്ച നാണിയമ്മയുടെ നാവിൻ തുമ്പിലെത്തും.
കാഴ്ചക്കും, കേൾവിക്കും വലിയ കുഴപ്പമൊന്നുമില്ലങ്കിലും പാട്ടിന്റേതല്ലാത്ത ഓർമ്മകൾ ചിലപ്പോഴൊക്കെ ക്രമം തെറ്റിപ്പോകും. അവിടെ മക്കളുടെ പേരൊക്കെ പരസ്പരം മാറിപ്പോവുകയും, ചോദ്യങ്ങൾ ആവർത്തിക്കുകയും ചെയ്യും. അപ്പോഴും ആവർത്തിച്ചു വരുന്ന പാട്ടിന്റെ വരികൾ ക്രമം തെറ്റാതെ വന്നുകൊണ്ടേയിരിക്കും. പുതിയ കാലത്ത് പാഠപുസ്തകത്തിൽ ചൊല്ലി പഠിച്ച പാട്ടുകൾ ഓർക്കാൻ കഴിയുന്നവർ തന്നെ വിരളമായിരിക്കും. പുതിയ രീതിയിൽ അത്തരം ഹൃദിസ്തമാക്കൽ തന്നെ പഠനത്തിന്റെ ഭാഗമല്ലാതായിട്ടുമുണ്ടാവും. എട്ടു പതിറ്റാണ്ടു മുമ്പത്തെ തന്റെ ഗുരുനാഥൻമാരെ നാണിയമ്മക്കോർമ്മയില്ലങ്കിലും, അന്നു പഠിച്ച പാട്ടുകൾ ഓർമ്മകളിലെ പൂമരമായി ഇപ്പോഴും പൂത്തു കൊണ്ടേയിരിക്കുന്നു.