Uncategorized

‘ഹർ ഘർ തിരംഗ’ നാളെ മുതൽ; വീടുകളിൽ ത്രിവർണ പതാക ഉയരും

ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഹർ ഘർ തിരംഗ’ നാളെ മുതൽ.   20 കോടിയിലധികം വീടുകൾക്ക് മുകളിൽ ത്രിവർണ പതാക ഉയർത്തുകയാണ്  പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. നാളെ മുതൽ മൂന്ന് ദിവസങ്ങളിലായി പരിപാടി സംഘടിപ്പിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരും, കേന്ദ്രഭരണ പ്രദേശങ്ങളിൽ ലെഫ്. ഗവർണർമാരുമാണ് ഏകോപിപ്പിക്കുക.

സംസ്ഥാനത്ത് കുടുംബശ്രീയാണ് വീടുകൾക്ക് മുകളിൽ ഉയർത്താനുള്ള പതാകകൾ നിർമിക്കുന്നത്. സ്കൂൾ വിദ്യാർത്ഥികൾ മുഖേന പതാകകൾ വീടുകളിലെത്തും. 30 രൂപയാണ് ഒരു കുട്ടിയിൽ നിന്ന് ഇതിനായി ഈടാക്കുന്നത്. സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ പതാക വിതരണം ഇന്ന് നടക്കും. 

കുടുംബശ്രീ സംസ്ഥാന വ്യാപകമായി ‘ഹർ ഗർ തിരംഗ’, (എല്ലാ വീടുകളിലും പതാക) പദ്ധതിക്കായി  50 ലക്ഷം ദേശീയ പതാകകളാണ്  തയ്യാറാക്കിയിട്ടുള്ളത്. കുടുംബശ്രീയുടെ എഴുന്നൂറോളം തയ്യൽ യൂണിറ്റുകളിൽ നാലായിരത്തോളം കുടുംബശ്രീ അംഗങ്ങളാണ് പതാക നിർമാണത്തിൽ പങ്കാളികളായത്. ദേശീയ പതാകയുടെ അളവായ  3:2 എന്ന അനുപാതത്തിൽ തന്നെയാണ് കുടുംബശ്രീ അംഗങ്ങൾ പതാക നിർമ്മിക്കുന്നത്. ഏഴ് വ്യത്യസ്ത വലിപ്പത്തിലാണ് ദേശീയ പതാകകൾ നിർമിച്ചിരിക്കുന്നത്. 20 രൂപ മുതൽ 120 രൂപ വരെയാണ് പതാകയുടെ വില. ഇതിലൂടെ ഒരു കോടിയിലേറെ രൂപയുടെ വരുമാനം കുടുബശ്രീക്ക് നേടാനാകും എന്നാണ് പ്രതീക്ഷ.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button