KERALA

1038 പ്രളയ ബാധിത വില്ലേജുകളിൽ ഒരു വർഷം മൊറട്ടോറിയം

 

 

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇൗ വർഷം പ്രളയം ബാധിച്ച 1038 വില്ലേജുകളിലെയും വായ്പകൾക്ക് കഴിഞ്ഞ ഓഗസ്റ്റ് 23 മുതൽ ഒരു വർഷത്തേക്ക് മൊറട്ടോറിയം അനുവദിക്കാൻ സംസ്ഥാന തല ബാങ്കേഴ്സ് സമിതി (എസ്എൽബിസി) തീരുമാനിച്ചു. കൃഷി, കൃഷി അനുബന്ധ, ഭവന, വിദ്യാഭ്യാസ, ചെറുകിട– ഇടത്തരം വ്യവസായ വായ്പകൾക്കാണ് ആനുകൂല്യം. വിദ്യാഭ്യാസ വായ്പയ്ക്കു മാത്രം 6 മാസത്തെ മൊറട്ടോറിയമേയുള്ളൂ.

33 ശതമാനത്തിലേറെ നാശനഷ്ടമുണ്ടായ വില്ലേജുകളിലെ താമസക്കാർക്കാണ് അർഹത. ദുരിതബാധിതമായി റവന്യു വകുപ്പ് പ്രഖ്യാപിച്ച എല്ലാ വില്ലേജുകളും ഇതിൽപ്പെടും. ജൂലൈ 31ന് വായ്പാ കുടിശികയില്ലാത്തവർക്കേ മൊറട്ടോറിയത്തിനായി വായ്പ പുനഃക്രമീകരിക്കാൻ കഴിയൂ. അതിനു ശേഷം മുടങ്ങിയവർക്ക് തടസ്സമില്ല. 33– 50% നഷ്ടമുണ്ടായ വില്ലേജുകാർക്ക് തിരിച്ചടവ് കാലാവധി 2 വർഷം നീട്ടി നൽകും. 50 ശതമാനത്തിലേറെയുള്ള വില്ലേജുകളിൽ 5 വർഷം വരെ നീട്ടും.

 

ദുരിത ബാധിത വില്ലേജുകാർക്ക് ജാമ്യമില്ലാതെ അധികവായ്പ നൽകാനും മന്ത്രി വി.എസ്. സുനിൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. കേരളത്തിൽ മൊത്തം 1572 വില്ലേജുകളുണ്ട്.

 

ഇടപാടുകാർ ചെയ്യേണ്ടത്

 

വായ്പ പുനഃക്രമീകരിക്കാൻ അപേക്ഷിക്കുന്നവർക്കു മാത്രമേ ആനുകൂല്യം ലഭിക്കൂ. നാളെ മുതൽ നവംബർ 25 വരെ അപേക്ഷിക്കാം. കൂടുതൽ വായ്പ വേണ്ടവർ അതിനും അപേക്ഷിക്കണം. കഴിഞ്ഞ വർഷത്തെ പ്രളയത്തെത്തുടർന്നുള്ള മൊറട്ടോറിയം ആനുകൂല്യം 10% പേർക്കു പോലും ലഭിക്കാത്തതിനു കാരണം പുനഃക്രമീകരണ അപേക്ഷ നൽകാത്തതാണ്.

 

മൊറട്ടോറിയം

 

വായ്പാ തിരിച്ചടവിന് അവധി നൽകലാണ് മൊറട്ടോറിയം. ഒരു വർഷത്തെ മൊറട്ടോറിയമാണെങ്കിൽ ആ ഒരു വർഷം മുതലും പലിശയും തിരിച്ചടയ്ക്കേണ്ട. അതു കഴിയുമ്പോൾ തിരിച്ചടവ് പുനരാരംഭിക്കണം. മൊറട്ടോറിയം സമയത്ത് അടയ്ക്കേണ്ടിയിരുന്ന പലിശത്തുക, തിരിച്ചടയ്ക്കാൻ ബാക്കിയുള്ള വായ്പത്തുകയിൽ ഉൾപ്പെടുത്തും. ഇതനുസരിച്ച് പ്രതിമാസ തിരിച്ചടവുതുക ഉയരും.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button