കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കാന്‍ നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷന്‍; കരാറില്‍ ഒപ്പുവയ്ക്കാതെ കെഎസ്ഇബി
കേന്ദ്രപൊതുമേഖലാ സ്ഥാപനമായ നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷന്‍ സംസ്ഥാനത്തിന് കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കാന്‍ തയ്യാറായിട്ടും കരാറില്‍ ഒപ്പുവയ്ക്കാതെ കെഎസ്ഇബി. നിലവില്‍ സ്വകാര്യ കമ്പനികളില്‍ നിന്ന് വാങ്ങുന്നതിനെക്കാള്‍ ഒരു രൂപ കുറച്ച് വൈദ്യുതി നല്‍കാമെന്നാണ് നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷന്റെ താത്പര്യപത്രം.
യൂണിറ്റിന് നാല് രൂപ 35 പൈസ എന്ന നിരക്കിലാണ് ഇപ്പോള്‍ സംസ്ഥാനം വൈദ്യുതി വാങ്ങുന്നത്. 3 രൂപ ആറ് പൈസയ്ക്കാണ് നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷന്‍ വൈദ്യുതി നല്‍കുക. കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് പുറമേ എട്ട് സ്വകാര്യ കമ്പനികളില്‍ നിന്നു കൂടിയാണ് കേരളം നിലവില്‍ വൈദ്യുതി വാങ്ങുന്നത്. ഇവയെല്ലാം യൂണിറ്റിന് നാല് രൂപ 35 പൈസ എന്ന നിരക്കിലാണ്. ഈ സാഹചര്യത്തിലാണ് നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷന്‍ സംസ്ഥാനത്തിന് കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കാമെന്ന് താത്പര്യം ഇറക്കുന്നത്. കഴിഞ്ഞ ദിവസം കോര്‍പറേഷന്റെ അധികൃതര്‍ തിരുവനന്തപുരത്ത് നേരിട്ടെത്തുകയും കരാറില്‍ ഒപ്പിടാന്‍ സമ്മതമറിയിക്കുകയും തിയതി അറിയിക്കുകയും ചെയ്തിട്ടും കെഎസ്ഇബി കരാറില്‍ ഒപ്പുവയ്ക്കുന്നതിന് വിമുഖത കാട്ടുകയാണ്.
റെഗുലേറ്ററി കമ്മിഷന്റെ അനുമതിയില്ലെന്ന സാങ്കേതിക കാരണങ്ങളടക്കം പറഞ്ഞാണ് കോടികളുടെ ലാഭമുണ്ടാകുന്ന കരാര്‍ കെഎസ്ഇബി ഒപ്പുവയ്ക്കാത്തത്. 400 മെഗാവാട്ട് വൈദ്യുതി നല്‍കാമെന്നാണ് നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷന്‍ താത്പര്യമറിയിക്കുന്നത്. കര്‍ണാടകയും തമിഴ്‌നാടും അടക്കമുള്ള സംസ്ഥാനങ്ങള്‍ 1600 മെഗാവാട്ട് വരെ വൈദ്യുതി വാങ്ങാമെന്ന് കരാറില്‍ ഒപ്പുവച്ചിട്ടും കേരളം പിന്‍ വലിഞ്ഞുനില്‍ക്കുകയാണ്.