കൊച്ചി : ലഹരി മരുന്ന് ഇടപാട് സംബന്ധിച്ച തർക്കമാണ് കൊച്ചി നഗരത്തെ ഞെട്ടിച്ച ഫ്ലാറ്റ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് സംശയിക്കുന്നു. കൊല്ലപ്പെട്ട സജീവ് കൃഷ്ണയും പ്രതി അര്‍ഷാദും ലഹരിക്ക് അടിമകളായിരുന്നുവെന്നും ഈ ഇടപാടിലെ തർക്കത്തിനിടെയാണ് കൊലപാതകമുണ്ടായതെന്നുമാണ് പൊലീസ് വിശദീകരിച്ചത്. പ്രതി അര്‍ഷാദിനെ മഞ്ചേശ്വരത്ത് നിന്ന് കാസർകോട് പൊലീസ് പിടികൂടുമ്പോൾ ലഹരി പദാര്‍ത്ഥങ്ങളും ബാഗിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ടെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷൻ വിശദീകരിച്ചു. പ്രതി അർഷാദിന് എതിരെ കൊണ്ടോട്ടിയിൽ ഒരു മോഷണകേസ് കൂടിയുണ്ടെന്നും പൊലീസ് അറിയിച്ചു.
മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണയെ ഇന്നലെയാണ് കാക്കനാട് ഇടച്ചിറയിലെ ഓക്സോണിയ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പക്ഷേ കൊല നടന്നത് രണ്ടു ദിവസം മുൻപാണെന്നാണ് പൊലീസ് നിഗമനം. കാസര്‍കോട് നിന്നും അർഷാദിന്റെ സഹായിയും പിടിയിലായിട്ടുണ്ട്. കോഴിക്കോട് സ്വദേശിയായ അശ്വന്താണ് അര്‍ഷാദിനെ രക്ഷപ്പെടാൻ സഹായിച്ചത്. പിടികൂടിയപ്പോൾ ഇരുവരുടേയും കയ്യിൽ ലഹരി പദാർത്ഥങ്ങൾ ഉണ്ടായിരുന്നു. അർഷാദിന്റെ ബാഗിൽ നിന്നും കഞ്ചാവും എംഡിഎം എയും പിടികൂടിയിട്ടുണ്ടെന്നും ഈ കേസിലെ നടപടിക്രമങ്ങൾക്ക് ശേഷമാകും പ്രതിയെ കൊച്ചിയിലേക്ക് എത്തിക്കുകയെന്നും പൊലീസ് അറിയിച്ചു.