വടകര കടലിൽ മത്സ്യബന്ധനവള്ളം മറിഞ്ഞ് രണ്ടുപേർ മരിച്ച സംഭവം തീരദേശമേഖലയെ സങ്കടക്കടലിലാക്കി.
![](https://calicutpost.com/wp-content/uploads/2022/08/02-18.jpg)
വടകര : കടലിൽ മത്സ്യബന്ധനവള്ളം മറിഞ്ഞ് രണ്ടുപേർ മരിച്ച സംഭവം തീരദേശമേഖലയെ സങ്കടക്കടലിലാക്കി. കുറേനാളത്തെ ക്ഷാമത്തിനുശേഷം ഏതാനുംനാളുകളായി മോശമല്ലാതെ മീൻ കിട്ടുന്നുണ്ട്. കടലോരം അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയിലുമാണ്. ഇതിനിടയിലാണ് ഇടിത്തീപോലെ ദുരന്തമെത്തിയത്.
പ്രകൃതിക്ഷോഭമൊന്നുമില്ലാത്തതിനാൽ ചെറിയ അപകടമായിരിക്കുമെന്നാണ് എല്ലാവരും ആദ്യം കരുതിയത്. രണ്ടുപേർ വടകരയിലും ഒരാൾ കുരായിടിയിലും സുരക്ഷിതരായി എത്തിയെന്ന വാർത്തയാണ് ആദ്യം പരന്നത്. എന്നാൽ, അഴിത്തലയിലെത്തിച്ച മത്സ്യത്തൊഴിലാളികൾ മരിച്ചെന്ന വാർത്ത വൈകാതെയെത്തി. മരിച്ച അച്യുതനെയും അസീസിനെയും മത്സ്യബന്ധനവള്ളങ്ങളിലാണ് അഴിത്തല ഫിഷ്‌ലാൻഡിങ് സെന്ററിലെത്തിച്ചത്. അപ്പോഴേക്കും ഇവിടെ ആംബുലൻസ് ഉൾപ്പെടെ തയ്യാറാക്കിനിർത്തിയിരുന്നു. അഴിത്തല വാർഡ് കൗൺസിലർ പി.വി. ഹാഷിം ഉൾപ്പെടെയുള്ളവർ ഇവിടെ എല്ലാറ്റിനും നേതൃത്വം നൽകി. കരയ്ക്കെത്തുമ്പോൾ ഇരുവർക്കും ജീവനുണ്ടായിരുന്നു. എന്നാൽ, ആശുപത്രിയിലെത്തുംമുമ്പേ മരണം സംഭവിച്ചു. അപകടവിവരം പുറത്തറിയാൻ വൈകിയതാണ് മരണത്തിലേക്കു നയിച്ചത്.
നീന്തിരക്ഷപ്പെട്ട ഷൈജു കരയ്ക്കെത്തി വിവരംപറഞ്ഞശേഷമാണ് രക്ഷാപ്രവർത്തനം ആരംഭിക്കുന്നത്. അപ്പോൾത്തന്നെ ഒന്നരമണിക്കൂർ കഴിഞ്ഞു. അത്രയും സമയം നീന്തിപിടിച്ചുനിന്നെങ്കിലും ജീവിതത്തിലേക്ക് നീന്തിക്കയറാൻ ഇരുവർക്കും സാധിച്ചില്ല. . അപകടവിവരമറിഞ്ഞ് അഴിത്തലമുതൽ പൂഴിത്തലവരെയുള്ള തീരത്തുനിന്ന് ജനം വടകര ജില്ലാ ആശുപത്രിയിലെത്തി.