വിവാഹ വീട്ടിൽ നിന്ന് മോഷണം പോയ സ്വർണാഭരണങ്ങൾ കണ്ടെത്തി
ഇക്കഴിഞ്ഞ ദിവസം വിവാഹ വീട്ടിൽ നിന്ന് മോഷണം പോയ സ്വർണാഭരണങ്ങൾ കണ്ടെത്തി. വളയത്തിന് സമീപം വാണിമേൽ വെളളളിയോട് വിവാഹ വീട്ടിൽ നിന്ന് മോഷണം പോയ 28 പവൻ സ്വർണാഭരണങ്ങളാണ് കണ്ടെത്തിയത്. വീട്ടിലെ ഫ്ലഷ് ടാങ്കിനകത്ത് നിന്നാണ് ആഭരണങ്ങൾ കണ്ടെത്തിയത്. വീട്ടുടമസ്ഥൻ അറിയിച്ചതിനെ തുടർന്ന് വളയം പൊലീസ് വീട്ടിലെത്തി പരിശോധനകൾ നടത്തി.
വാണിമേൽ നടുവിലക്കണ്ടി സ്വദേശി ഹാഷിംകോയ തങ്ങളുടെ വീട്ടിൽ നിന്ന് മകളുടെ വിവാഹത്തിനായി കരുതിയിരുന്ന സ്വർണാഭരണങ്ങളാണ് ശനിയാഴ്ച രാത്രി കാണാതായത്. കിടപ്പുമുറിയുടെ അലമാരയിലായിരുന്നു ആഭരണങ്ങൾ. വിവാഹത്തലേന്നുളള സൽക്കാരത്തിന് ശേഷം മുറിയിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
അത്യാവശ്യം അയൽക്കാരും ബന്ധുക്കളും മാത്രമേ വെളളിയാഴ്ച നടന്ന സൽക്കാരത്തിനെത്തിയിരുന്നുളളു. രാത്രി ഒൻപതിനും പത്തിനുമിടയിൽ കവർച്ച നടന്നതായാണ് വീട്ടുകാരുടെ സംശയം. അതേസമയം നേരത്തെ തീരുമാനിച്ചത് പ്രകാരം വിവാഹ ചടങ്ങുകൾ നടന്നു. സംഭവത്തില്‍ വളയം പൊലീസ് അന്വേഷണം തുടരുകയാണ്.