പക്ഷികളോട് ക്രൂരത: നീർകാക്കകളും കുഞ്ഞുങ്ങളും ചത്ത സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ
തിരൂരങ്ങാടി/മലപ്പുറം:വി കെ പടി അങ്ങാടിക്ക് സമീപം ദേശീയപാത വികസനത്തിന്റെ ഭാഗമായി മരം മുറിച്ചു നീക്കുന്നതിനിടെ ഷെഡ്യൂള്‍ നാല് വിഭാഗത്തില്‍പ്പെട്ട നീർകാക്കകളും കുഞ്ഞുങ്ങളും ചത്ത സംഭവത്തിൽ മൂന്നുപേർ വനംവകുപ്പ് കസ്റ്റഡിയിൽ. മരംമുറിച്ചുമാറ്റിയ മണ്ണുമാന്തി യന്ത്രത്തിന്റ ഡ്രൈവർ കോയമ്പത്തൂർ സ്വദേശി മുത്തുകുമാർ (39), ഈറോഡ് സ്വദേശിയായ മഹാലിംഗം (22), ജാർഖണ്ഡ് സ്വദേശി വികാസ് കുമാർ രജക് (22) എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
മണ്ണുമാന്തിയന്ത്രവും കസ്റ്റഡിയിലെടുത്തു. സംഭവത്തെ തുടർന്ന് വന്യജീവി സംരക്ഷണ നിയമപ്രകാര വനംവകുപ്പ് കരാറുകാർക്കെതിരെ കേസെടുത്തിരുന്നു. വ്യാഴാഴ്‌ചയാണ് മരം മുറിച്ചത്. ഇതിൽ കൂടുകൂട്ടിയിരുന്ന നീർകാക്കകൾ ചാവുകയും മുട്ടകൾ നശിക്കുകയുംചെയ്തു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. അനുമതിയുണ്ടായാലും പക്ഷികളും പക്ഷിക്കൂടുകളുമുള്ള മരങ്ങളാണെങ്കില്‍ അവ ഒഴിഞ്ഞുപോകുന്നതുവരെ മുറിച്ചുമാറ്റരുതെന്ന വനംവകുപ്പിന്റെ നിര്‍ദേശം ലംഘിച്ചാണ് മരംമുറി നടന്നത്. വെള്ളിയാഴ്ച വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.
സാമൂഹിക വനവൽക്കരണ വിഭാഗം ആർഎഫ്ഒ മുഹമ്മദ് നിഷാൽ, ഡിഎഫ്ഒ സജികുമാർ, ഫോറസ്റ്റ് കൺസർവേറ്റർമാരായ നരേന്ദ്ര ബാബു, ആർ കീർത്തി, എടവണ്ണ ആർഎഫ്ഒ റഹീസ്, നിലമ്പൂർ നോർത്ത് ഡിഎഫ്ഒ അശ്വിൻ കുമാർ, വിജിലൻസ് വിഭാഗം ആർഎഫ്ഒ രമേശൻ, ഡിഎഫ്ഒ സുനിൽകുമാർ എന്നിവരാണ് സ്ഥലം സന്ദർശിച്ചത്.