കേരളം വീണ്ടും നെഹ്റു ട്രോഫി വള്ളംകളി ആവേശത്തിലേക്ക്
ആലപ്പുഴ : 68-ാമത് നെഹ്റുട്രോഫി വള്ളംകളി ഇന്ന് പുന്നമടക്കായലിൽ നടക്കും. 20 ചുണ്ടൻവള്ളങ്ങൾ ഉൾപ്പെടെ 77 കളിവള്ളങ്ങൾ ജലമേളയിൽ മാറ്റുരയ്ക്കും. രാവിലെ 11ന് ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരം ആരംഭിക്കും.ഉച്ചയ്ക്ക് ശേഷമാണ് ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളും ഫൈനലും.നെഹ്റുട്രോഫി വള്ളംകളിയോടനുബന്ധിച്ച് ഇന്ന് രാവിലെ 9 മണി മുതല്‍ ആലപ്പുഴ നഗരത്തില്‍ വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
20 ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്. 22 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 79 വള്ളങ്ങളാണ് രജിസ്റ്റർ ചെയ്തത്. രണ്ട് ചുണ്ടൻ വള്ളങ്ങൾ പിന്മാറി. 77 വള്ളങ്ങളാണ് മാറ്റുരയ്ക്കുന്നത്. നാല് ട്രാക്കുകൾ വീതമുള്ള ഹീറ്റ്സുകളിലായാണ് മത്സരങ്ങൾ നടക്കുക. ഹീറ്റ്സിൽ ഏറ്റവും മികച്ച സമയത്ത് ഫിനിഷ് ചെയ്യുന്ന നാല് വള്ളങ്ങൾ ഫൈനലിൽ മത്സരിക്കും. ആകെ ഒൻപത് വിഭാഗങ്ങളിലാണ് മത്സരം. ഫൈനലിൽ വിജയിക്കുന്ന ചുണ്ടൻ വള്ളത്തിനാണ് നെഹ്റു ട്രോഫി സമ്മാനിക്കുക.
മന്ത്രിമാരായ കെഎൻ ബാലഗോപാൽ, കെ രാജൻ, കെ പ്രസാദ്, പിഎ മുഹമ്മദ് റിയാസ്, റോഷി അഗസ്റ്റിൻ എന്നിവർ പങ്കെടുക്കും. വള്ളംകളി ഗാലറികളുടെ ടിക്കറ്റ് വിൽപന നേരത്തേ തുടങ്ങിയിരുന്നു. ഓൺലൈനായും സർക്കാർ ഓഫീസുകളിൽ നിന്നും ടിക്കറ്റ് വാങ്ങാം. ജീനി, പേ ടിഎം ഇൻസൈഡർ, സൗത്ത് ഇന്ത്യൻ ബാങ്ക് എന്നിവയുടെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ടിക്കറ്റുകൾ വിൽക്കുന്നുണ്ട്. 100 മുതൽ 3000 രൂപവരെയാണ് ടിക്കറ്റ് നിരക്ക്.