മരട് വിധിയെ അനുകൂലിച്ച് വി.എസ്; ഫ്‌ളാറ്റ് നിർമാതാക്കളെ കരിമ്പട്ടികയിൽ പെടുത്തണം
നിയമം ലംഘിച്ച് നിർമിച്ച മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങൾ പൊളിക്കണമെന്ന സുപ്രിംകോടതി വിധിയെ അനുകൂലിച്ച് വി.എസ് അച്യുതാനന്ദൻ. രാജ്യത്തെ നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് മരട് വിധിയെന്നും നിയമം ലംഘിച്ച് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്ന നിർമാതാക്കളെ കരിമ്പട്ടികയിൽ പെടുത്തണമെന്നും വി.എസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. നിയമത്തെ അനുസരിക്കുകയാണ് ചെയ്യേണ്ടത്. ഇത്തരം നിർമാണങ്ങൾക്ക് വഴിവിട്ട് അനുമതി നൽകിയവർക്കെതിരെ നിയമനടപടി സ്വീകരിക്കണം. ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരും വിചാരണ ചെയ്യപ്പെടണം. ഇന്ന് നടക്കാനിരിക്കുന്ന സർവകക്ഷി യോഗം ഇക്കാര്യങ്ങൾ പരിഗണിക്കണമെന്നും അച്യുതാനന്ദൻ ആവശ്യപ്പെട്ടു.
നിലവിൽ നിയമ നടപടി തുടരുന്ന ഫ്‌ളാറ്റുകളുടെ വിൽപ്പനയുടെ കാര്യത്തിലും നിലപാട് ചർച്ച ചെയ്യണമെന്ന് വി.എസ് ആവശ്യപ്പെട്ടിട്ടുണ്ട്. മരടിലെ അനധികൃത ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിച്ചു നീക്കണമെന്ന സുപ്രിംകോടതിയുടെ വിധി രാജ്യത്തെ നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലുള്ളതാണ്. നിയമങ്ങൾ ലംഘിച്ച് ഇത്തരം നിർമാണ പ്രവർത്തനങ്ങൾ നടത്തുകയും പിന്നീടിത് ശ്രദ്ധയിൽ പെടുമ്പോൾ നീതിപീഠങ്ങളിൽനിന്ന് സ്റ്റേ സമ്പാദിച്ച ശേഷം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയും പിന്നീടത് വിറ്റഴിക്കുകയും ചെയ്യുകയാണ് ഒരു കൂട്ടം ബിൽഡർമാർ ചെയ്തുകൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ നിയമം ലംഘിച്ച് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്ന ബിൽഡേഴ്‌സിനെ കരിമ്പട്ടികയിൽ ചേർക്കുകയാണ് വേണ്ടതെന്നും വി.എസ് വ്യക്തമാക്കി.