Uncategorized

മുഖ്യമന്ത്രിയും മന്ത്രിമാരും ഒക്ടോബറിൽ യൂറോപ്പ് സന്ദർശിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഒക്ടോബറിൽ യൂറോപ്പ് സന്ദർശിക്കും. ലണ്ടൻ, ഫിൻലാൻഡ്, നോർവ്വേ എന്നിവിടങ്ങളിൽ സന്ദർശനം നടത്താനാണ് തീരുമാനം.  വിദ്യാഭ്യാസ മേഖലയിലെ ചർച്ചകൾക്കായാണ് ഫിൻലാൻഡിലേക്കുള്ള യാത്ര.

ഫിൻലൻഡിലേക്കുള്ള യാത്രയിൽ മുഖ്യമന്ത്രിക്കൊപ്പം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ഉണ്ടാകും. ചീഫ് സെക്രട്ടറി വി പി ജോയി, വിദ്യാഭ്യാസവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരും സംഘത്തിലുണ്ടാകുമെന്നാണ് വിവരം. വിദ്യാഭ്യാസമേഖലയിലെ സഹകരണം അടക്കം ചർച്ച ചെയ്യുന്നതിനാണ് ഫിൻലാൻഡ് സന്ദർശനം. മുമ്പ് ഫിൻലൻഡ് സർക്കാർ പ്രതിനിധികൾ കേരളം സന്ദർശിച്ചിരുന്നു. ഇവരുടെ ക്ഷണപ്രകാരമാണ് ഫിൻലൻഡ് സന്ദർശനമെന്നാണ് വിശദീകരണം.

മുഖ്യമന്ത്രിയും സംഘവും ഫിൻലൻഡിലെ നോക്കിയ നിർമ്മാണ യൂണിറ്റും സന്ദർശിച്ചേക്കും. ഫിൻലൻഡിന് പുറമേ നോർവെയും സംഘം സന്ദർശിക്കും. ലണ്ടൻ സന്ദർശനത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ അടക്കമുള്ളവരുണ്ടാകുമെന്നാണ് റിപ്പോർട്ട്. അതേസമയം ടൂറിസം മേളയിൽ പങ്കെടുക്കാൻ മന്ത്രി പിഎ മുഹമ്മദ് റിയാസും സംഘവും പാരിസിലേക്ക് പോകും. ഈ മാസം 20 മുതൽ 24 വരെയാണ് സന്ദർശനം.

വിദേശയാത്രയ്ക്ക് കേന്ദ്രസർക്കാരിൽ നിന്നുള്ള അനുമതിക്കായി പൊതുഭരണവകുപ്പ് നടപടി ആരംഭിച്ചിട്ടുണ്ട്. മറ്റു മന്ത്രിമാരുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button