Uncategorized

മരട് ഫ്ലാറ്റ് വിവാദം
ഒരടയാളപ്പെടുത്തലാണ്.
നമ്മുടെ കക്ഷിരാഷ്ട്രീയം
എത്രയേറെ അഴുകി ജീർണ്ണിച്ചിരിക്കുന്നു എന്നതിന്റെ അടയാളപ്പെടൽ.
‘വികസനം’ എന്ന മുഖം മൂടി ധരിച്ച് അധികാരത്തിന്റെ ഇടനാഴികളിൽ
നിർബാധം തുടരുന്ന
തീവെട്ടിക്കൊള്ളകളേയും
അത് അടയാളപ്പെടുത്തുന്നുണ്ട്.

ഫിനാൻസ് മൂലധനം കണ്ണ് മഞ്ഞളിപ്പിച്ച് ഒഴുകിപ്പരന്ന നാളുകളിലാണ്
കൊച്ചി പാർശ്വത്തിലെ
ഒരു സാധാരണ പഞ്ചായത്തായ മരട്
‘വികസന’ ത്തിന്റെ വെള്ളിവെളിച്ചത്തിൽ മിന്നിത്തിളങ്ങിയത്.
കണ്ണിമ വെട്ടുന്ന നേരം കൊണ്ട്
കോർപ്പറേറ്റ് മൂലധനം
മരടിന്റെ രൂപവും ഭാവവും മാറ്റിപ്പണിതു.
മൂലധനവും രാഷ്ട്രീയവും ഉദ്യോഗസ്ഥമേധാവിത്വവും
അധികാരവുമൊക്കെ
പരസ്പരം ചുററി പടർന്ന്
മുറ്റിത്തെഴുത്തു വടവൃക്ഷങ്ങളായി.
ക്രോണീ ക്യാപ്പിറ്റലിന്റെ
കേരളാ മോഡലുകളിലൊന്നായി
മരട് അടയാളപ്പെട്ടു.

2005-10 കാലത്ത്,
‘വികസന’ ത്തിന്
വെമ്പി നിൽക്കുന്ന
ഒരു പഞ്ചായത്തായിരുന്നു മരട് .
ദേവസി എന്ന നിർധനനായ ഇടതുപക്ഷക്കാരൻ പഞ്ചായത്ത് പ്രസിഡണ്ട്.
അന്നാണ് വിവാദ ഫ്ലാറ്റുകൾക്ക്
അനുമതി നൽകിയത്.
തീരദേശത്തെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തീരദേശ പരിപാലന അതോറിറ്റിയുടെ
അനുമതി വേണമെന്ന നിയമം
ദേവസിയെപ്പോലെ പരിണിതപ്രജ്ഞനായ
ഒരു പഞ്ചായത്ത് പ്രസിഡണ്ടിന് അറിയാത്തതായിരിക്കുമോ?
അത്തരം ഒരജ്ഞാനം ദേവസിക്കുണ്ടായിരുന്നെങ്കിൽ
അത് തിരുത്തിക്കൊടുക്കാൻ
അവിടെയും ഒരു പഞ്ചായത്ത് സെക്രട്ടറി ഉണ്ടായിരുന്നില്ലേ?

ഈ നിയമ ലംഘനത്തിന് പിഴ മൂളാൻ
ദേവസിയ്ക്ക് ബാദ്ധ്യതയില്ലേ?
അന്നത്തെ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് ബാദ്ധ്യതയില്ലേ?
തീരദേശ അതോറിറ്റി,
അനുമതി റദ്ദാക്കണം,
പണി നിർത്തിവെയ്ക്കണം,
എന്നാവശ്യപ്പെട്ടപ്പോൾ,
അനുമതി റദ്ദാക്കാതെ,
പണി നിർത്തി വെയ്ക്കാതിരിക്കാൻ
കാരണം കാണിയ്ക്കാനുള്ള
ഷോക്കോസ് നോട്ടീസുകൾ
ഫ്ലാററുടമകൾക്ക് ഔപചാരികമായി
നൽകുക മാത്രമാണ് പഞ്ചായത്ത് ചെയ്തത്.

അങ്ങിനെ നോട്ടീസ് നൽകാൻ
പഞ്ചായത്ത് സെക്രട്ടറിയ്ക്ക്
അവകാശമില്ലന്ന് വാദിച്ച് ഉടമകൾ
കോടതിയെ സമീപിച്ചു.
ഷോക്കോസ് നോട്ടീസിന്
സ്റ്റേ നൽകുന്ന വിചിത്രമായ നടപടിയാണ് കോടതിയിൽ നിന്നുണ്ടായത്.
തീരദേശ പരിപാലന നിയമം
മൊത്തമായി ലംഘിച്ച്
തീരദേശ അതോറിറ്റിയുടെ
അനുമതിയില്ലാതെ
പരിസ്ഥിതിയ്ക്ക് അങ്ങേയറ്റം
നാശമുണ്ടാകുന്ന,
കൂറ്റൻ ഫ്ലാറ്റ് സമുച്ചയം പണിയുന്ന
നിയമവിരുദ്ധ പ്രവൃത്തിയാണ്,
മൗലികമായി കോടതി പരിശോധിക്കേണ്ടിയിരുന്നത്.
ബാക്കിയൊക്കെ സാങ്കേതികമാണ്
എന്ന് കോടതികൾ തിരിച്ചറിയാത്തത് എന്തുകൊണ്ടാണ്?

എന്തുകൊണ്ടാണ് സാങ്കേതികതൊടുന്യായങ്ങളിൽ
നമ്മുടെ കോടതികൾ അള്ളിപ്പിടിക്കുന്നത്? എന്തുകൊണ്ടാണ്‌ ഇത്തരം പ്രശ്നങ്ങളിൽ
കോടതി ത്തീർപ്പുകൾ പലപ്പോഴും
ജനവിരുദ്ധവും മൂലധനശക്തികൾക്ക് അനുകൂലവുമാകുന്നത്?

10 വർഷക്കാലം കീഴ്ക്കോടതികൾ
മുതൽ ഹൈക്കോടതി വരെ
പല വിധ നിയമ വ്യവഹാരങ്ങൾ നടത്തി,
അനുകൂല വിധികൾ സമ്പാദിച്ച ഉടമകൾ ആകാശത്തോളം സൗധങ്ങൾ കെട്ടിപ്പൊക്കി.
ഇതിനിടയിൽ മരട്
പഞ്ചായത്തിൽ നിന്ന് വളർന്ന് നഗരസഭയായി. ഇടതുപക്ഷത്ത് നിന്ന്
അധികാരം വലതുപക്ഷത്തെത്തി.
പക്ഷേ ഇടതുപക്ഷവും വലതുപക്ഷവുമൊക്കെ തങ്ങൾക്ക് യഥേഷ്ടം ധരിക്കാവുന്ന കുപ്പായങ്ങൾ മാത്രമായിരുന്നു ഉടമകൾക്ക്.
കെട്ടിടങ്ങൾ വളരുന്ന പോലെ ദേവസിമാരും രാഷ്ട്രീയക്കാരും വളർന്നു മുറ്റിത്തെഴുത്തു.

 


ജനങ്ങളോടും നിയമത്തോടും
പ്രതിബദ്ധത പുലർത്തിയ തീരദേശ അതോറിറ്റി പരമോന്നത കോടതിയിൽ വരെയെത്തി
അനുകൂല വിധി നേടി.
ഇതല്ലേ ജനങ്ങളുടെ വിജയം?
ഈ വിധിയല്ലേ നാം ആഘാഷമാക്കേണ്ടത്?
ഈ വിധിയോടൊപ്പമല്ലേ സർക്കാരും ജനപ്രതിനിധികളും രാഷ്ടീയ പാർട്ടികളും നേതാക്കളുമൊക്കെ നിൽക്കേണ്ടത്?

മെയ് മാസത്തിൽ
പരമോന്നത നീതിപീഠത്തിന്റെ
അന്തിമ വിധി വന്നിട്ടും സർക്കാർ
ആർക്ക് വേണ്ടിയാണ് കാത്തുനിൽക്കുന്നത്?

ഫ്ലാറ്റിലെ താമസക്കാരായ
356 കുടുംബങ്ങളുടെ ‘കണ്ണീരിൽ’
പിണറായി സർക്കാർ
പിണ്ണാക്കുപോലെ കുതിർന്നു പോയോ? ” ഞാനിതൊന്നും അറിഞ്ഞതേയില്ലേ”
എന്നത് നാടൻ പാട്ടിന്റെ വരിയാക്കാം
എന്നല്ലാതെ,
താമസക്കാരെ രക്ഷിക്കുമോ?

ഒരാൾ വസ്തു വാങ്ങുമ്പോൾ
അതിന്റെ അടിയാധാരങ്ങളൊക്കെ പരിശോധിക്കാതിരിക്കുമോ?
കോടതി വ്യവഹാരങ്ങളും
ഇവരെ കേൾക്കാനുള്ള കോടതി വിധിയുമൊക്കെ വായുവിൽ വിലയം പ്രാപിച്ചോ?
നിയമം അറിയില്ലാ എന്നത് കൊണ്ട് ലോകത്തെവിടേയെങ്കിലും ആർക്കെങ്കിലും
ഇളവ് ലഭിച്ചിട്ടുണ്ടോ?
വിദ്യാസമ്പന്നരും ധനശേഷിയുള്ളവരും പൗരപ്രമുഖരുമായ ഇവരൊക്കെ ആപ്തവാക്യമായികരുതിയത്
“പണത്തിന് മീതെ പരുന്തും പറക്കില്ല”
എന്ന പഴഞ്ചൊല്ലല്ലേ?

താരതമ്യേന ധനാഡ്യരായ
ഇവരുടെ പേരിൽ സഹാനുഭൂതി
വഴിഞ്ഞൊഴുകുന്ന മന്ത്രിമാർക്ക്
വികസനത്തിന്റെ പേരിൽ കുടിയൊഴുപ്പിക്കപ്പെട്ട ആയിരക്കണക്കിന് ആദിവാസികളോടും പാർശ്വവൽകൃതരോടും ഇങ്ങനെ
ഒരനുകമ്പ തോന്നാത്തത്
എന്തുകൊണ്ടായിരിക്കും?

പ്രളയത്തിൽ വീടു നഷ്ടപ്പെട്ടവർ
തെരുവിൽ അലയുമ്പോൾ
ഉള്ള വീടുകൾ പൊളിയ്ക്കുന്നത്
ശരിയോ എന്ന് അധികാരികൾ ചോദിക്കുന്നു. കേരളത്തിൽ 11 ലക്ഷം വീടുകൾ താമസക്കാരില്ലാതെ പൂട്ടിക്കിടക്കുന്നുണ്ട്
എന്നാണ് സർക്കാർ കണക്ക്.
അവയൊക്കെ പിടിച്ചെടുത്ത്
ഭവനരഹിതരെ താമസിപ്പിക്കുന്നതിന്
രാഷ്ട്രീയ പാർട്ടികളോ സർക്കാരോ
ഇച്ഛാശക്തി കാണിക്കുമോ?
(10 സെന്റ് വളച്ചുകെട്ടി ഭൂരഹിതർക്കും ഭവനരഹിതർക്കും നൽകുകയും
ഭൂപരിഷ്ക്കരണ നിയമങ്ങൾ നടപ്പിലാക്കുകയും ചെയ്തവരുടെ പിൻമുറക്കാരാണല്ലോ,
ഇന്നത്തെ ഇടതുപക്ഷം)

ഇപ്പോൾ ഇവരൊക്കെ കണ്ണീരൊഴുക്കുന്നത്
ഫ്ലാറ്റു പൊളിയുമ്പോഴുള്ള
പരിസ്ഥിതി മലിനീകരണത്തെ
ചൊല്ലിയാണല്ലോ.
ഇവ നിർമ്മിക്കുമ്പോൾ ഇതിലും വലിയ മലിനീകരണം നടന്നിട്ടുണ്ടാവില്ലേ?
അന്ന് നിങ്ങളാരേയും ആ വഴിയൊന്നും കണ്ടില്ലല്ലോ.
(ഒരിലയനങ്ങാതെ, ഒരു കല്ലടരാതെ, സ്പോടനമില്ലാതെ, പൊടിപടലങ്ങളില്ലാതെ ഇതിലും വലിയ കെട്ടിടങ്ങൾ ജനവാസ കേന്ദ്രങ്ങളിൽ പൂവിറുക്കും പോലെ പൊളിച്ചുമാറ്റുന്നുണ്ട് ലോകത്തിന്റെ പല ഭാഗങ്ങളിലും)

ജനങ്ങൾക്ക്‌ ഈ സർക്കാരിൽ നിന്നറിയേണ്ടത്, ജനങ്ങളുടെ വോട്ടു വാങ്ങി
ജനവിരുദ്ധരുടെ പക്ഷത്തുനിന്ന ജനപ്രതിനിധികളെ,
നീതിയും ന്യായവും കാറ്റിൽ പറത്തിയ ന്യായാധിപരെ,
എന്ത് നെറികേട് ചെയ്തും
പണമെറിഞ്ഞ് പണം വാരുന്ന
മൂലധനശക്തികളെ,
നിയമത്തിന് മുമ്പിൽ നിർത്താൻ
സർക്കാരിന് കഴിയുമോ
എന്ന ചോദ്യത്തിനുള്ള ഉത്തരമാണ്.
ഫ്ലാറ്റിലെ താമസക്കാർക്ക്
അർഹമായ നഷ്ടപരിഹാരം
കെട്ടിട ഉടമകളിൽ നിന്ന് ഈടാക്കി നൽകാൻ
തങ്ങളുടെ അധികാരം വിനിയോഗിക്കുമോ എന്നതിനുള്ള ഉത്തരമാണ്.

ബാക്കി കേൾക്കുന്നതൊക്കെ
മൂലധനസേവയുടെ പിച്ചും പേയുമാണ്.
നമുക്ക് കേൾക്കേണ്ടത്
ഇടതുപക്ഷത്തിന്റെ സുന്ദരവും
ദൃഡവുമായ വാക്കുകളാണ്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button