കൊയിലാണ്ടി കുറുവങ്ങാട് എട്ടുവർഷം മുമ്പ് കാണാതായ ബിജു എവിടെ?
എട്ടുവർഷങ്ങൾക്ക് മുമ്പ് ഒരു ദിവസം പണിക്ക് പോയതാണ്, പുളിഞ്ഞോളി താഴ കുനി ഹരിദാസന്റെയും, മീനാക്ഷിയുടേയും മകൻ ബിജു എന്ന ബിജോയ്. കൊയിലാണ്ടി നഗരസഭയിലെ ഇരുപത്തിയെട്ടാം ഡിവിഷനിലെ താമസക്കാരനായിരുന്ന ബിജുവിന്റെ തിരോധാനത്തെപ്പറ്റി നാട്ടുകാരിലും വീട്ടുകാരിലും ഓർമ്മകളും, അന്വേഷണങ്ങളും ക്രമേണ ഇല്ലാതാവുകയാണ്. കാലം അങ്ങിനെയാണ്. ചോദിക്കാനും പറയാനും വലുതായാരുമില്ലാത്ത ഒരു ദളിത് യുവാവിന്റെ കാണാതാകലിന്റെ ഓർമ്മകൾക്കും അത്രയ്ക്കേ ഉണ്ടാവൂ ആയുസ്സ്.
എല്ലാ ദിവസവും പത്രത്താളുകളിലും ടെലിവിഷനിലും സോഷ്യൽ മീഡിയയിലുമൊക്കെ കാണാതാകലുകൾ വന്നുകൊണ്ടേയിരിക്കുന്നു. അത്തരം വാർത്തകളോട് സമരസപ്പെടാൻ കാണാതാകുന്നവരുടെ അടുത്ത ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരൊഴികെ എല്ലാവർക്കും ശീലവുമായിരിക്കുന്നു.
രണ്ട് പ്രളയങ്ങളും ഒരു ലോക വ്യാപക മഹാമാരിയും കഴിഞ്ഞിട്ടും ബിജുവിനെപ്പറ്റി യാതൊരു വിവരവുമില്ല. കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ പിന്നാലെ ബിജുവിന്റെ അച്ഛൻ ഹരിദാസൻ പലവട്ടം ചെന്നതാണ്. “അന്വേഷിക്കുന്നു” എന്ന പതിവു മറുപടി മടുത്തതിനാലാവണം, ഹരിദാസന്റെ പൊലിസ് സ്റ്റേഷൻ യാത്രകൾ വൈകാതെ അവസാനിച്ചു. എല്ലാ യാത്രകളും അവസാനിപ്പിച്ച് കഴിഞ്ഞ വർഷം ഹരിദാസൻ ലോകത്തോട് തന്നെ യാത്രയും പറഞ്ഞു.
ഇത്തിരി കൊഞ്ഞുള്ള സംസാരവുമായി പല വർഷങ്ങൾ കൊണ്ട് പത്താം ക്ലാസുവരെ പഠിച്ചിരുന്നു ബിജു. വീട്ടിനു മുന്നിലുളള തോടിനപ്പുറത്തെ വയലിൽ അവൻ കളിക്കാത്ത കളികളുണ്ടാവില്ല. ഫുട്ബോളും ക്രിക്കറ്റും കബടിയും ഹോക്കിയും വരെ കളിച്ചു നടന്ന ബാല്യം. ഫുട്ബോൾ ടീമിലെ സ്ഥിരം ഗോളി. ഇത്തിരി മുതിർന്നപ്പോൾ കല്യാണ വീടുകളിലെ നല്ല സഹായിയും, രാത്രിയിൽ ഡിസ്കോ ഡാൻസറുമായി. പാട്ടിന്റെ താളത്തിനും, ലഹരിയുടെ ഊർജ്ജത്തിനുമൊപ്പിച്ച് അവൻ കൂട്ടുകാരോടൊത്ത് ചുവടുകൾ വെച്ചു. ബർമുഡയും ടീ ഷർട്ടും ധരിച്ച് കല്യാണത്തിന്റെ സൽക്കാരത്തിനു പോയ കുറുവങ്ങാടിന്റെ യുവസംഘത്തിൽ അവനും അംഗമായി. ഗാന്ധി ജയന്തിദിനത്തിൽ കോൺഗ്രസുകാരോടൊത്ത് റോഡ് ശുചിയാക്കാനും, ഡി വൈഎഫ് ഐ മെംബർഷിപ്പെടുക്കാനും ഒരുപോലെ ഉത്സാഹം കാണിച്ചു.
വിദ്യാഭ്യാസത്തിന്റെ അസ്കിതകൾ പത്താം ക്ലാസോടെ അവസാനിപ്പിച്ച് ബിജു നാടൻപണിക്കും, കോൺക്രീറ്റ് പണിക്കും പോകാൻ തുടങ്ങി. തൊട്ടു മുൻപിൽത്തന്നെ കള്ളുഷാപ്പുണ്ടായിരുന്നതിനാൽ ലഹരിയുമായി ചെറുപ്പത്തിലേ ചങ്ങാത്തത്തിലായി. പലരാത്രികളിലും ലഹരിയുടെ പുറത്ത് വീട്ടിലും റോഡിലും ലഹളയുടെ പൂവെടികൾ പൊട്ടിച്ചു. പിന്നീടൊരു നാൾ ബിജു ഗൾഫിലേക്ക് പറന്നു. ആറുവർഷങ്ങൾ അവിടെ പല ജോലികൾ ചെയ്ത് വിശേഷിച്ചൊരു മാറ്റവുമില്ലാതെ നാട്ടിൽ തിരിച്ചെത്തി.
പഴയ ശീലങ്ങളുമായുളള ജീവിതത്തിനിടയിൽ ഒരു നാൾ അവനെ കാണാതായി. ഒരു പോക്കുപോയാൽ പല നാളുകൾ കഴിഞ്ഞ് തിരിച്ചു വരുന്ന ശീലമുള്ളതിനാൽ ഒരു പരിധിക്കപ്പുറം അന്വേഷണങ്ങളുമുണ്ടായില്ല. പല തരത്തിലുള്ള അഭ്യൂഹങ്ങളും, ‘കണ്ടെത്തലുകളും’ ഉണ്ടായെങ്കിലും ബിജു ഇതുവരെ തിരിച്ചു വന്നിട്ടില്ല. അനാരോഗ്യത്തിനിടയിലും തൊഴിലുറപ്പിനും, കൂലിപ്പണിക്കും പോകുന്ന അമ്മയും, വിവാഹം കഴിഞ്ഞ സഹോദരിയും, അനാരോഗ്യമുള്ള സഹോദരനും, പണി തീരാത്ത ഒരു വീടും, ബിജുവിനെ കാത്ത് ഇപ്പോഴും ഇവിടെയുണ്ട്.
“പണി തീരാത്ത വീട് ” എന്നത് ഒരു സിനിമാ പേരു മാത്രല്ല, മറിച്ച് ഒരു ജീവതാവസ്ഥ കൂടിയാണ്. ഒരു കോലായും, ഒരു മുറിയും, ഒരടുക്കളയുമുളള ഓടുമേഞ്ഞ ചെറിയ വീടായിരുന്നു ബിജുവിന്റെ കുടുംബത്തിന്റെ ആദ്യ വീട്. പിന്നീട് ഇത്തിരി വലുതാക്കാനും, ഓടുമാറ്റി വാർപ്പാക്കാനുമുള്ള മോഹത്താൽ പണി തുടങ്ങിയതാണ്. സർക്കാർ കണക്കിൽ വ്യാപ്തി കൂടിപ്പോയതിനാൽ സഹായം ലഭിക്കാതെ ബാങ്കിൽ ആധാരം വെച്ച് വയ്പയെടുത്ത് പണി പൂർത്തിയാക്കാമെന്നായിരുന്നു പദ്ധതി. നാലു പേർ പണിക്ക് പോകുന്ന വീട്ടിൽ എല്ലാവരും ഒത്തുപിടിച്ചാൽ താങ്ങാവുന്ന ഭാരമേയുള്ളൂ എന്നായിരുന്നു കണക്കുകൂട്ടൽ. അതൊക്കെ പിഴച്ചു പോയെങ്കിലും പലിശക്കണക്കുമാത്രം കൂടിക്കൂടി വന്നു. പലതവണ ജപ്തിയുടെ വക്കിലെത്തി. ആരൊക്കയോ ഇടപെട്ട് ജപ്തി ഒഴിവാക്കിയെടുത്തു. പക്ഷെ ആധാരം വലിയൊരു തുകയുടെ ഭാരത്തിനടിയിൽ ഇപ്പോഴും ബാങ്കിലാണ്. പണി തീരാത്ത വീടുകളുടെ സ്ഥിതി എല്ലായിടത്തും ഏതാണ്ടിങ്ങനെയൊക്കെത്തന്നെയാണ്.
ബിജു ഇപ്പോൾ എവിടെയാവും ജീവിക്കുന്നുണ്ടാവുക? എങ്ങനെയാവും ജീവിക്കുന്നുണ്ടാവുക? ആർക്കാണി ചോദ്യങ്ങൾക്ക് ഉത്തരം തരാൻ കഴിയുക?