എ കെ ജി സെന്റർ ആക്രമണത്തിനായി ജിതിൻ എത്തിയ സ്കൂട്ടർ കൈമാറിയത് പ്രാദേശിക വനിതാ നേതാവെന്ന് ക്രൈംബ്രാഞ്ച്
എ കെ ജി സെന്റർ ആക്രമണത്തിനു വേണ്ടി പ്രതി ജിതിൻ എത്തിയ സ്കൂട്ടർ കൈമാറിയത് പ്രാദേശിക വനിതാ നേതാവാണെന്ന് ക്രൈംബ്രാഞ്ച്. തിരുവനന്തപുരം മൺവിള സ്വദേശിയായ ഇവരെ ഉടൻ ചോദ്യം ചെയ്യും. ജിതിൻ സഞ്ചരിച്ച സ്കൂട്ടറും ധരിച്ച വസ്ത്രവും ചെരിപ്പും കണ്ടെടുക്കാനുള്ള തെളിവെടുപ്പ് തുടങ്ങി. അതിനിടെ ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് യൂത്ത്കോൺഗ്രസ് നടത്തിയ മാർച്ചിൽ നേരിയ സംഘർഷമുണ്ടായി.
അതിനിടെ തിങ്കളാഴ്ച വൈകിട്ട് വരെ കസ്റ്റഡിയിൽ ലഭിച്ച ജിതിനെ വിശദമായ ചോദ്യം ചെയ്ത് വരികയാണ്.മുഖ്യ തെളിവുകളായ ആക്രമണ സമയത്തെ ടീ ഷർട്, ചെരിപ്പ് ,സ്കൂട്ടർ എന്നിവ കണ്ടെടുക്കാനായി ജിതിനുമായി ആറ്റിപ്ര, കഴക്കൂട്ടം ഭാഗത്ത് തെളിവെടുപ്പ് നടത്തി.
അതേസമയം പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുന്നുവെന്നാരോപിച്ചു യൂത്ത് കോൺഗ്രസ് ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് മാർച്ച് നടത്തി. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ പൊലീസ് വാഹനത്തിന് നേരെ കല്ലെറിഞ്ഞു.