ലഹരിവസ്തുക്കള്‍ ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍കഴിയുന്ന അത്യാധുനിക ഉപകരണങ്ങളടങ്ങിയ ആല്‍കോ സ്‌കാന്‍ വാന്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തനമാരംഭിച്ചു
മദ്യം, സിന്തറ്റിക് ലഹരിമരുന്നുകള്‍ ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ കഴിയുന്ന അത്യാധുനിക ഉപകരണങ്ങളടങ്ങിയ ആല്‍കോ സ്‌കാന്‍ വാന്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. മദ്യം ഉപയോഗിച്ചവരെ ബ്രീത്ത് അനലൈസറും, ലഹരികള്‍ കണ്ടെത്താന്‍ അബോട്ട് എന്ന മെഷീനുമാണ് വാഹനത്തില്‍ തയാറാക്കിയിട്ടുള്ളത്. ഉമിനീര്‍ പരിശോധനയിലൂടെയാണ് കഞ്ചാവ്, എം ഡി എം എ ഉള്‍പ്പെടെയുള്ള രാസലഹരികളുടെ ശരീരത്തിലെ സാന്നിധ്യം കണ്ടെത്തുക.
ഇത്തരക്കാരെ പിടികൂടി വാനിനുള്ളിലെത്തിച്ച് പരിശോധിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ റിസള്‍ട്ട് ലഭ്യമാക്കാനാവും. പ്രിന്റും ലഭിക്കും. ആളിനെ ആശുപത്രിയില്‍ കൊണ്ടുപോയി പരിശോധിക്കേണ്ടതില്ല. മെഷീനുകള്‍ ഉപയോഗിക്കാന്‍ പ്രാവീണ്യം നേടിയ പോലീസുദ്യോഗസ്ഥനെ വാനില്‍ നിയോഗിച്ചിട്ടുണ്ട്. കാട്രിഡ്ജ് വായില്‍ കടത്തി ഉമിനീര്‍ ശേഖരിച്ചശേഷമാണ് ലഹരിവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തുക. മദ്യമയക്കുമരുന്നുകള്‍ ഉപയോഗിച്ചശേഷം വാഹനമോടിക്കുന്നവരെ കര്‍ശന നിയമനടപടികള്‍ക്ക് വിധേയരാക്കാന്‍ പുതിയ സംവിധാനം പ്രയോജനപ്പെടുത്തും.
പത്തനംതിട്ട ജില്ലയില്‍ എത്തിയ ആല്‍ക്കോ വാന്‍ ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുക്കര്‍ മഹാജന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. രണ്ടരലക്ഷം രൂപ വിലവരുന്ന യന്ത്രങ്ങളുടെ പ്രവര്‍ത്തനം നര്‍കോട്ടിക് സെല്‍ ഡി വൈ എസ് പിയായ കെ എ വിദ്യാധരന്‍ ജില്ലാ പോലീസ് മേധാവിയോട് വിശദീകരിച്ചു. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഓരോ ദിവസം ഉപയോഗപ്പെടുത്തുന്നതിന് നിര്‍ദേശം നല്‍കിയതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ എസ് പിയായ പി കെ സാബു, ഡി സി ആര്‍ ബി ഡി വൈ എസ് പി എസ് വിദ്യാധരന്‍, പത്തനംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍ ജിബു ജോണ്‍ എന്നിവര്‍ പങ്കെടുത്തു.