Uncategorized

സംസ്ഥാനത്ത് കെ എസ് ഇ ബിയുടെ ഇ വി ചാര്‍ജിങ് കേന്ദ്രങ്ങള്‍ക്കായി ഏകീകൃത ‘ആപ്’ വരുന്നു

സംസ്ഥാനത്ത് കെ എസ് ഇ ബി ആരംഭിച്ച വൈദ്യുതവാഹന (ഇലക്ട്രിക് വെഹിക്കിള്‍-ഇ വി) ചാര്‍ജിങ് കേന്ദ്രങ്ങള്‍ക്കായി ഏകീകൃത ‘ആപ്’ വരുന്നു. സംസ്ഥാനത്ത് കെ എസ് ഇ ബി ആരംഭിച്ച 1,227 ചാര്‍ജിങ് കേന്ദ്രങ്ങളില്‍ അഞ്ചുതരത്തിലുള്ള ‘ആപ്പു’കളാണ് ഉപയോഗിച്ചുവരുന്നത്. ഇത്രയും ‘ആപ്പു’കള്‍ മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡുചെയ്ത് ഉപയോഗിക്കുന്നത് മധ്യദൂര-ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ്  കേരള സ്റ്റാര്‍ട്ടപ് മിഷന്‍ ഇടപെട്ട് പുതിയ സോഫ്റ്റ് വെയര്‍ വികസിപ്പിക്കുന്നതിന്  സ്വകാര്യസ്ഥാപനത്തെ ചുമതലപ്പെടുത്തിയത്.

ആദ്യഘട്ടത്തിൽ കോഴിക്കോട് ജില്ലയിലെ 10 വൈദ്യുതപോസ്റ്റ് ചാര്‍ജിങ് കേന്ദ്രങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍  ഏകീകൃത ‘ആപ്’ നടപ്പാക്കിയത്. ഇത് വിജയകരമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സംസ്ഥാനത്ത് ഏകീകൃത ‘ആപ്’ തയ്യാറാക്കുന്നതിന് കെ എസ് ഇ ബി ബോര്‍ഡ് യോഗം അനുമതി നല്‍കിയത്. ഇതിനായി റിന്യൂവബിള്‍ എനര്‍ജി ആന്‍ഡ് എനര്‍ജി സേവിങ് വിഭാഗം ചീഫ് എന്‍ജിനിയര്‍ ചെയര്‍മാനായുള്ള എട്ടംഗ സമിതിയും രൂപവത്കരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് പ്രഖ്യാപിച്ച 62 അതിവേഗ ചാര്‍ജിങ് കേന്ദ്രങ്ങളില്‍ 35 എണ്ണവും 1,165 വൈദ്യുതപോസ്റ്റ് ചാര്‍ജിങ് കേന്ദ്രങ്ങളില്‍ 536 എണ്ണവും പ്രവര്‍ത്തനക്ഷമമായിട്ടുണ്ട്. ബാക്കിയുള്ളവ വൈകാതെ ആരംഭിക്കുമെന്ന് കെ എസ് ഇ ബി ബോര്‍ഡ് ചെയര്‍മാന്‍ രാജന്‍ എന്‍. ഖോബ്രഗഡെ അറിയിച്ചു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button