ലഹരിക്കെതിരെ സസ്നേഹം വടകരയുടെ റോഡ്ഷോ
സമൂഹത്തിൽ ലഹരി ഉയർത്തുന്ന പ്രശ്നങ്ങൾ യുവതലമുറയെ ബോധ്യപ്പെടുത്താനും ലഹരി മാഫിയക്കെതിരെയുള്ള പോരാട്ടം ശക്തമാക്കാനുമായി സസ്നേഹം വടകരയുടെ റോഡ് ഷോ. വടകര അഞ്ചുവിളക്ക് ഗാന്ധിപ്രതിമയ്ക്കു സമീപത്തുനിന്ന് ആരംഭിച്ച റോഡ്ഷോ പുതിയ ബസ് സ്റ്റാൻഡിൽ സമാപിച്ചു.
എസ്.പി.സി, എൻ.സി.സി, സ്കൗട്സ് ആൻഡ് ഗൈഡ്സ്, എൻ.എസ്.എസ്, സാമൂഹ്യ സന്നദ്ധ സംഘടനകൾ, കളരിസംഘങ്ങൾ, പൊലീസ്, റവന്യു, ആർ.ടി.ഒ, എക്സൈസ് തുടങ്ങി വിവിധ സർക്കാർ വകുപ്പുകൾ, പാർക്കോ ആശുപത്രി മെഡിക്കൽ ടീം, ഫാർമസിസ്റ്റുകൾ, അഭിഭാഷകർ തുടങ്ങി നിരവധിപേർ റോഡ് ഷോയിൽ പങ്കാളികളായി. നിശ്ചല ദൃശ്യങ്ങൾ, ബാൻഡ് മേളം എന്നിവയുടെ പങ്കാളിത്തം റോഡ്ഷോയ്ക്ക് മാറ്റേകി.
തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും റാലിയിൽ അണിനിരന്നു.
പരിപാടിയിൽ കെ.കെ രമ എം.എൽ.എ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് കുട്ടികൾ ആയിരം ബലൂണുകൾ ആകാശത്തേക്ക് പറത്തി. കെ.കെ രമ എം.എൽ.എയുടെ നേതൃത്വത്തിൽ വടകര മണ്ഡലത്തിൽ നടപ്പാക്കുന്ന ലഹരി വിരുദ്ധ പദ്ധതിയാണ് സസ്നേഹം വടകര. പദ്ധതിയുടെ ആദ്യഘട്ടത്തിൽ 2023 ജനുവരി 30 വരെ നീളുന്ന പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ സ്കൂളുകളിലും പൊതുസ്ഥലങ്ങളിലുമായി നടത്തുന്ന ലഹരി വിരുദ്ധ കലാജാഥക്ക് അടുത്ത ആഴ്ച തുടക്കമാകും.
ഡി.ഇ.ഒ ഹെലൻ, തഹസിൽദാർ കെ. പ്രിസിൽ, നഗരസഭ ചെയർപേഴ്സൺ കെ.പി ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി ഗിരിജ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി ശ്രീജിത്ത്, ആയിഷ ഉമ്മർ, പി.പി ചന്ദ്രശേഖരൻ, ഷക്കീല ഈങ്ങോളി, തുടങ്ങിയവർ റോഡ്ഷോക്ക് നേതൃത്വം നൽകി.