‘സൈബര്‍ ആക്രമണം’:തകര്‍ന്നത് ആശുപത്രിയോ ചില മുഖാവരണങ്ങളോ
കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഈയിടെ ഉണ്ടായ പ്രശ്നങ്ങള്ക്കുത്തരവാദികള് ‘സൈബര്‍ പോരാളി’കളാണന്നും, നടന്നത് ‘സൈബര്‍ ആക്രമണ’ മാണന്നും, ആശുപത്രിക്കെതിരെ ‘വ്യാജ പ്രചാരണം’ നടന്നു വരികയാണന്നും, നഗസഭാ ചെയര്മാന് പത്രസമ്മേളനത്തില്‍ പ്രസ്ഥാവിച്ചത് ശ്രദ്ധയില്‍പ്പെടുകയുണ്ടായി. ആശുപത്രിയില്‍ മകന് ചികിത്സ തേടിയെത്തിയ പിതാവ് ജയിലിലായ വിവരം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് മലയാളമനോരമ പത്രമാണ്. തൊട്ടടുത്ത ദിവസം തന്നെ വിശദമായ ഒരു വാര്‍ത്ത കലിക്കറ്റ് പോസ്റ്റ് പ്രസിദ്ധീകരിച്ചു. ഇതേ തുടര്‍ന്നുണ്ടായ സംഭവങ്ങളാണ് ചെയര്‍മാനെ ഇത്തരം ഒരു നിലപാടെടുക്കാന്‍ പ്രേരിപ്പിച്ചത് എന്ന് കരുതണം.
ആശുപത്രി മാനേജ്മെന്റ് കമ്മറ്റിയുടെ ഏകകണ്ഠമായ അഭിപ്രായം എന്ന നിലയിലാണ് ചെയര്‍മാന്റെ പ്രസ്ഥാവന പത്രങ്ങളില്‍ അച്ചടിച്ചുവന്നത്. അതെത്ര മാത്രം വസ്തുതാപരമാണ് എന്ന കാര്യത്തില്‍ സംശയമുണ്ട്. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയില്‍ പ്രാതിനിധ്യമുള്ള കോണ്‍ഗ്രസ്സ്, ബി.ജെ.പി. തുടങ്ങിയ കക്ഷികള്‍ ഇവിടെയുണ്ടായ പ്രശ്നങ്ങളെ തുടര്‍ന്ന് പ്രത്യക്ഷ സമരപരിപാടികള്‍ നടത്തിയതായി അറിയാം. സംഭവങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ജയിലില്‍ കിടന്ന ഷൈജു ജയില്വിമോചിതനായപ്പോള് അയാളെ ഹാരാര്‍പ്പണം നടത്താനും ഉള്ളിയേരിയില്‍ പൗരസ്വീകരണം നല്‍കാനുമൊക്കെ ഇവര്‍ മുന്‍കൈയ്യെടുത്തതും നേരിട്ടറിവുള്ളതാണ്. അപ്പാള്‍ അവരുടെ നിലപാട്, ഒരേ സമയം ഇരയോടൊപ്പവും വേട്ടക്കാര്ക്കൊപ്പവുമെന്ന നിലയില്‍ ഇരട്ടത്താപ്പാണ് എന്ന് സംശയിക്കേണ്ടി വരും ചെയര്‍മാന്റെ പ്രസ്ഥാവന മുഖവിലയ്ക്കെടുത്താല്‍.
എച്ച്.എം.സിയിലെ ബി.ജെ.പി. പ്രതിനിധി സ്വയം ഒരു ‘സൈബര്‍ പോരാളി’യായി ഇരയ്ക്ക് വേണ്ടി പോസ്റ്റിട്ടതും കാണാനിടയായി. ഡി. വൈ. എഫ്. ഐ യുടേതായി ചില പ്രസ്ഥാവനകളും (ഇരയുടെ പക്ഷം ചേര്‍ന്ന് നടത്തിയത്) പ്രസിദ്ധീകൃതമായിട്ടുണ്ട്. അതായത് നഗരസഭാ ചെയര്മാന് അവകാശപ്പെടുന്നത് പോലെ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങള്‍ക്കെല്ലാം ഇക്കാര്യത്തില്‍ പൊതു നിലപാടാണെന്ന് അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്. ഈ പ്രശ്നങ്ങള്‍ക്കൊക്കെ ഉത്തരവാദികള്‍ സാമൂഹ്യമാധ്യമങ്ങളും അതിലെ എഴുത്തുകാരുമാണെന്ന വാദം മിതമായ ഭാഷയില്‍ പറഞ്ഞാല്‍ തികഞ്ഞ അസംബന്ധമാണ്. സാമൂഹിക മാധ്യമങ്ങളിലെന്നപോലെ ദൃശ്യമാധ്യമങ്ങളിലും അച്ചടി മാധ്യമങ്ങളിലുമൊക്കെ സമൃദ്ധമായി വാര്‍ത്തകള്‍ പിന്നീട് പ്രസിദ്ധീകരിക്കുയുണ്ടായല്ലോ. അവരൊക്കെ സാമൂഹ്യ മാധ്യമങ്ങളെ കേവലമായി പിന്‍പറ്റുന്നവരാണ് എന്നാണോ നഗരസഭാ ചെയര്മാന് അര്‍ത്ഥമാക്കുന്നത്?
പത്ര സമ്മേളനത്തിന്റെ ഉള്ളടക്കം പരിശോധിച്ചാലും കാര്യങ്ങള്‍ വിചിത്രമാണ്. ‘ഗുരുതരാവസ്ഥയിലുള്ള രോഗികളെ പരിശോധിക്കുന്നതിനിടയില്‍ യുവാവ് ഡോക്ടറെ അസഭ്യം പറയുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്ത’തായി അദ്ദേഹം പറയുന്നു. ഇത് വസ്തുതയാണെങ്കില്‍ ചില ചോദ്യങ്ങള്‍ക്ക് ചെയര്‍മാനോ ഉത്തരവാദപ്പെട്ട മറ്റുള്ളവരോ ഇനിയെങ്കിലും മറുപടി പറയേണ്ടതുണ്ട്.
1.സെക്യൂരിറ്റി ജീവനക്കാരും, സന്നദ്ധ പ്രവര്‍ത്തകരും സദാ ജാഗരൂഗരായുള്ള ആശുപത്രിയില്‍ എന്തുകൊണ്ട് ‘കുഴപ്പക്കാരനെ’ കയ്യോടെ പിടികൂടി പോലീസിന് കൈമാറിയില്ല?
2. മകന് ചികിത്സ തേടിയ ശേഷം വീട്ടില്‍ പോയ ഇയാളെ തേടി പോലീസ് എത്തുന്നത് അഞ്ചു ദിവസങ്ങള്‍ക്ക് ശേഷമാണ്. ഈ കാലതാമസം നീതീകരിക്കാവുന്നതാണോ?
3. ഇതിനിടയില്‍ ഡോക്ടര്‍മാരുടേയോ ജീവനക്കാരുടേയോ എന്തെങ്കിലും പരാതികളോ പ്രതിഷേധമോ ആശുപത്രിയിലുണ്ടായോ?
4 ആശുപത്രി ഭരണച്ചുമതലയുള്ള ചെയര്മാന്, ആശുപത്രി സൂപ്രണ്ട്, എന്നിവരിലാരെങ്കിലും ഡോക്ടര്ക്കുണ്ടായ പ്രശ്നം അന്വേഷിക്കുകയോ പരിഹാര നടപടികള്‍ സ്വീകരിക്കുകയോ ചെയ്തോ?
5. ഔദ്ധ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതായി പോലീസ് തയാറാക്കിയ എഫ്.ഐ.ആറില്‍ പറയുന്നു. എങ്കില്‍ അതിന് പരാതി നല്‍കേണ്ടത് ആശുപത്രി സൂപ്രണ്ടല്ലേ? ഓഫീസില്‍ പരാതി തയാറാക്കി ജീവനക്കാര്‍ സ്റ്റേഷനില്‍ നല്‍കുകയാണ് കീഴ് വഴക്കം. എന്നാല്‍ സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും സൂപ്രണ്ട് ഒരു വിവരവും അറിയാതിരുന്നത് എന്തുകൊണ്ടാണ്?
6. കഴിഞ്ഞ ആറ് മാസത്തിനിടയില്‍ ഇതേ ആശുപത്രിയില്‍ പ്രശ്നമുണ്ടാക്കിയതിന് മൂന്ന് പേര് റിമാണ്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അന്നൊന്നും നിങ്ങള്‍ പറയുന്ന ‘സൈബര്‍ പോരാളി’കളോ മറ്റാരെങ്കിലുമോ ‘സൈബര്‍ ആക്രമണ’ മോ മറ്റെന്തെങ്കിലും പ്രതിഷേധമോ നടത്തിയതായി കാണുന്നില്ല. പിന്നെ ഇപ്പോള്‍ മാത്രം പ്രശ്നങ്ങളുടലെടുത്തത് എന്തുകൊണ്ടായിരിക്കും?
7. ഇയാള്‍ ചെയ്തതായി പോലീസ് പറയുന്ന ‘കുറ്റകൃത്യങ്ങള്‍’ മുഖവിലയ്ക്കെടുത്താല്‍ പോലും, 200 രൂപ പിഴയടക്കേണ്ട, സ്റേറഷന് ജാമ്യം നല്കാവുന്ന കുറ്റങ്ങളേയുള്ളൂ എന്ന അഭിപ്രായം ജാമ്യം പരിഗണിയ്ക്കുന്ന സമയത്ത് കോടതിയ്ക്കും അഭിഭാഷകര്‍ക്കും പറയേണ്ടി വന്നത് എന്തുകൊണ്ടായിരിക്കും?
8. ആശുപത്രിയില്‍ ബഹളമുണ്ടാക്കിയതിന് ഒരാളെ ഇത്രയും വകുപ്പ് ചേര്‍ത്ത് ആഴ്ചകളോളം ജയിലിലടച്ച നടപടി ന്യായീകരിക്കത്തക്കതല്ലെന്ന് ജില്ലാ കലക്ടര്‍ വാക്കാല്‍ പരാമര്‍ശിക്കുകയുണ്ടായി. മകന് ചികിത്സ വൈകിയത് കൊണ്ടല്ലേ അയാള്‍ ക്ഷോഭിച്ചത്? ഇതിനൊക്കെ കേസ്സെടുക്കാന്‍ തുടങ്ങിയാല്‍ സ്ഥിതിയെന്താവും എന്നദ്ദേഹം എ.ഡി.എമ്മിനോട് തിരക്കുകയും കാര്യങ്ങള്‍ അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്കാന് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതദ്ദേഹം ‘സൈബര്‍ പോരാളി’കളുടെ വാക്കുകള്‍ മുഖവിലയ്ക്കെടുത്തത് കൊണ്ടാണോ?
9. സംഭവത്തില്‍ ഡി.എം.ഒ, ജില്ലാ പോലീസ് സൂപ്രണ്ട് എന്നിവരില്‍ നിന്ന് സംസ്ഥാന മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടിയത് വെറുതേയാണോ?
10. രണ്ടായിരത്തിലധികം പേര് ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ നിത്യേന വന്നുകൊണ്ടിരിക്കുന്ന ഒരാശുപത്രിയില്‍ അസ്വാരസ്യങ്ങളും ബഹളങ്ങളുമൊക്കെ സ്വാഭാവികമല്ലേ? കയ്യേറ്റങ്ങളുണ്ടായാല് മാത്രം പോലീസിനെ വിളിച്ചു പ്രതിയെ കൈമാറുകയും ബാക്കിയുള്ളവ ഉത്തരവാദപ്പെട്ടവരാരെങ്കിലുമൊക്കെ ഇടപെട്ട് രമ്യമായി പരിഹരിക്കുന്നതുമാണല്ലോ ഇവിടത്തെ കീഴ്വഴക്കം. ഇക്കാര്യത്തില്‍ അത്തരം ഒരു നീക്കം എന്തുകൊണ്ട് നടന്നില്ല? ചെയര്‍മാന്റെ ഭാഗത്ത് നിന്ന് അത്തരം ഒരു മൂന്‍കൈ എന്തുകൊണ്ടുണ്ടായില്ല?
‘സൈബര്‍ ആക്രമണ’മെന്ന പൊട്ടക്കഥ പ്രചരിപ്പിച്ച് സ്വയം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന് മുമ്പ് ആശുപത്രിയിലെ വസ്തുനിഷ്ടമായ പ്രശ്നങ്ങളെന്ത് എന്ന് മനസ്സിലാക്കി അവയ്ക്ക് പരിഹാരം കാണാന്‍ പരിശ്രമിക്കുകയാണ് ഉത്തരവാദപ്പെട്ടവര്‍ ചെയ്യേണ്ടത്. ദിവസങ്ങളായി പനി ബാധിച്ച് മറ്റൊരാശുപത്രിയില്‍ ചികിത്സിച്ച് ഫലം കാണാത്തതിനെ തുടര്‍ന്നാണ് ഏഴു വയസ്സുകാരനായ മകനുമൊത്ത് ദരിദ്രരായ ഒരച്ഛനും അമ്മയും അടിയന്തര ചികിത്സ തേടി നമ്മുടെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിയത്. 3.42 ന് അയാള്‍ ചികിത്സയ്ക്കായി രജിസ്റ്റര്‍ ചെയ്ത് ശീട്ടെടുത്ത് ക്യൂ നില്ക്കുന്നു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും അവര്‍ക്ക് ഡോക്ടറുടെ സേവനം ലഭിക്കുന്നില്ല. തന്റെ കണ്മുമ്പിലൂടെ പലരും വരിനില്‍ക്കാതെ ഡോക്ടറെ സമീപിച്ച് ചികിത്സ തേടിപ്പോകുന്നു. അയാള്‍ ‘ബഹളം വെച്ചു. ഡോക്ടറെ അസഭ്യം പറഞ്ഞു. മൊബൈലില്‍ പകര്‍ത്തി’ എന്നൊക്കെ നാം ആക്ഷേപിക്കുന്നു. ഇതൊക്കെ മഹാ അപരാധമായി നാം കരുതുകയും ചെയ്യുന്നു. പിന്നെ അയാള്‍ എന്തു ചെയ്യണമായിരുന്നു എന്നാണ്? പനിച്ചു വിറയ്ക്കുന്ന മകനുമായി ഒരക്ഷരം മിണ്ടാതെ ഏതെങ്കിലും സ്വകാര്യ ആശുപത്രി തേടിപ്പോകണമായിരുന്നു എന്നാണോ? നമ്മളില്‍ പലരും (രാഷ്ടീയ പ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും പൊതു പ്രവര്‍ത്തകരും അവരുടെ ആശ്രിതരുമൊക്കെ) ഒരിടത്തും ഇങ്ങനെ ക്യൂ നില്ക്കാന് വിധിക്കപ്പെട്ടവരല്ല. സമൂഹത്തില്‍ ചില പ്രത്യേക സൗകര്യങ്ങള്‍, പദവികള്‍ (Special Privilage) അനുഭവിക്കുന്നവരാണ് നമ്മള്. നമുക്കൊരിക്കലും മണിക്കൂറുകള്‍ ക്യൂവില്‍ നില്ക്കുന്നവന്റെ വികാരം മനസ്സിലാവണമെന്നില്ല. എന്തെങ്കിലും ശുപാര്‍ശയുമായി എത്തുന്നവര്‍ക്കു മാത്രമേ പരിഗണന ലഭിയ്ക്കൂ എന്നത് അഭിലഷണിയമായ കാര്യമല്ലല്ലോ. ഇത്തരം ഒരു സാഹചര്യം സൃഷ്ടിച്ചതിന്റെ യഥാര്‍ത്ഥ ഉത്തരവാദി ആരാണ്? നഗരസഭാ ചെയര്മാന് ഉള്‍പ്പെടെ ആശുപത്രി അധികാരികളാണ് എന്ന കാര്യത്തില്‍ വല്ല സംശയവുമുണ്ടോ? അടിയന്തര സഹചര്യങ്ങളില്‍ ക്യൂ നിര്‍ത്താതെ പ്രത്യേക ചികിത്സ ലഭ്യമാക്കുന്ന, ആശുപത്രിയിലെ ഇടമാണ് ‘അത്യാഹിത ചികിത്സാ വിഭാഗം’ അഥവാ Casualty. 2000 ത്തിലധികം പേര് ഒ.പി യില്‍ വരുമ്പോള്‍ 500 ലധികം പേരാണ് കേഷ്യാലിറ്റിയില്‍ വരുന്നതെന്ന് ചെയര്മാന് അഭിമാനത്തോടെ മാധ്യമങ്ങളോട് പറയുന്നു. അതിനര്‍ത്ഥം അദ്ദേഹത്തിന് ഒ.പി.യും കേഷ്വാലിറ്റിയും തമ്മിലുള്ള വ്യത്യാസം മനസ്സിലായിട്ടില്ല എന്നാണ്. 2000 പേര് ഒപിയിലെത്തുന്ന ഒരാശുപത്രിയില്‍ 500 പേര് കേഷ്വാലിറ്റിയില്‍ വരുന്നെങ്കില്‍ അവിടെ നടക്കുന്നത് കേഷ്വാലിറ്റിയല്ല. ഒ.പി. തന്നെയാണ്. ദേശീയപാതയ്ക്കരികില്‍ ഒരു പാട് വാഹന അപകടങ്ങള്‍ ഉള്‍പ്പെടെ സംഭവിക്കാനിടയുള്ള ഒരിടത്ത് അത്യാഹിത ചികിത്സാ വിഭാഗത്തെ അതായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തതിന്റെ ഉത്തരവാദിത്വമേല്ക്കേണ്ടതും അതിന് ശിക്ഷിക്കപ്പെടേണ്ടതും പാവപ്പെട്ട ഷൈജുമാരല്ല. ഇതു പോലെ ഒരു സംഭവമുണ്ടായിട്ട്, ഷൈജുവിന്റെ കുടുംബം തന്നെ വന്നു കാണുകയോ പരാതി നല്‍കുകയാ ചെയ്തിട്ടില്ലന്നും അദ്ദേഹം പരിതപിക്കുന്നു. തന്റെ നിയന്ത്രണത്തിലുള്ള ആശുപത്രിയിലുണ്ടാവുന്ന . സംഭവങ്ങള്‍ അപ്പപ്പോള്‍ അറിയുക, അതാതവസരങ്ങളില്ത്തന്നെ ഇടപെട്ട് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക എന്നതൊക്കെ ഒരു ഭരണാധികാരിയില്‍ നിക്ഷിപ്തമായ ചുമതലയാണന്ന് അദ്ദേഹേതിന് മനസ്സിലാകുന്നുപോലുമില്ല. ഷൈജു റിമാണ്ടിലായ അവസരത്തില്‍ ആ വിവരം വിളിച്ചറിയിച്ച പത്രലേഖകനോട് ‘ശരി നോക്കാം’ എന്ന പതിവു മറുപടി പറഞ്ഞൊഴിയുകയാണദ്ദേഹം ചെയ്തത്. അന്നെങ്കിലും ഇടപെട്ട് പരിഹരിയ്ക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ കാര്യങ്ങള്‍ ഇത്ര വഷളാവുമായിരുന്നില്ല.
ജനകീയമായ ഇടപെടലിലൂടേയും കടുത്ത പ്രക്ഷോഭണങ്ങളിലൂടേയും ഭരണപരമായ നടപടികളിലൂടെയുമൊക്കെയാണ് കൊയിലാണ്ടി താലൂക്ക് ആശുപത്രി ഈ നിലയിലെത്തിയത് എന്ന യാഥാര്‍ത്ഥ്യം, ചുരുങ്ങിയത് ഇടതുപക്ഷ രാഷ്ട്രീയക്കാരെന്നവകാശപ്പെടുന്നവരെങ്കിലും മറന്നു പോകരുത്. ആശുപത്രിയിലെ ബഹളവും പ്രക്ഷോഭവുമൊന്നും ഒരു പുതിയ കാര്യമല്ല. അതൊന്നും കരിനിയമങ്ങള്‍ കൊണ്ടോ അറസ്റ്റു കൊണ്ടോ തടയാനുമാവില്ല. നാഥനില്ലാകളരിയായിരുന്ന ആശുപത്രിയില്‍, വികസനം സംബന്ധിച്ച അതിവിപുലമായ ജനകീയ രൂപരേഖ തയാറാക്കി അധികാരികള്‍ക്ക് സമര്‍പ്പിച്ച്, ശക്തമായ പ്രക്ഷോഭം സംഘടിപ്പിച്ച പാരമ്പര്യമുള്ള യുവജന സംഘടനകളുണ്ട് കൊയിലാണ്ടിയില്‍. ഡോക്ടര്‍മാരുടെ അനാസ്ഥക്കെതിരെ സമരം ചെയ്തതിന് ഡി.വൈ.എഫ്.ഐ നേതാക്കളെ കൊലപ്പെടുത്താനുള്ള കൊടുവാളുമായാണ് താന്‍ സഞ്ചരിക്കുന്നത് എന്ന് വീമ്പിളക്കിയ ഡോക്ടര്‍ ഉണ്ടായിരുന്നു ഇവിടെ. മുഷിഞ്ഞ വസ്ത്രം ധരിച്ചെത്തുന്നവരെ മൂക്കുപൊത്തി ചികിത്സിക്കുകയും പാവങ്ങളെ ചികിത്സിക്കുന്നതില്‍ വിമുഖത പ്രകടിപ്പിക്കുകയും ചെയ്ത വനിതാഡോക്ടര്‍ക്കെതിരെ വനിതകള്‍ സമരം ചെയ്തതിന്റെ പേരില്‍ ദിവസങ്ങളോളം ആശുപത്രി അടച്ചിട്ട സംഭവമുണ്ടായിട്ടുണ്ട്. എന്നാല്‍ ഇത്തരക്കാരൊക്കെ വിരലിലെണ്ണാ വുന്നവരായിരുന്നു. മനുഷ്യത്വത്തിന്റെ മകുടോദാഹരണളായ, ഒരിക്കലും മനസ്സില്‍ നിന്നു മാഞ്ഞു പോകാത്ത ഡോക്ടര്‍മാര്‍ തന്നെയാണ് ഇവിടെ ധാരാളമായി ഉണ്ടായിട്ടുള്ളത്. ഇപ്പോഴുണ്ടായ സംഭവത്തിലും ഡോക്ടര്‍മാരെ അധിക്ഷേപിക്കുന്ന നിലപാടൊന്നും ആരും സ്വീകരിച്ചിട്ടുമില്ല. അവരുടെ കുറ്റം കൊണ്ടാണ് ഇത് സംഭവിച്ചത് എന്ന അഭിപ്രായമൊന്നും ആരും പ്രകടിപ്പിച്ചിട്ടുമില്ല. കേഷ്വാലിറ്റിയെ അതായി നടത്താന്‍ സംവിധാനമുണ്ടാക്കുകയാണ് നഗരസഭ ആദ്യം ചെയ്യേണ്ടത്. ജലദോഷം ബാധിച്ചയാളെ കേഷ്വാലിറ്റിയില്‍ പരിശോധിക്കാത്തതിന്, മുസ്ലീം ലീഗ് കൗണ്‍സിലര്‍ അനുയായികളുമായി വന്ന് ആശുപത്രിയില്‍ ബഹളം വെയ്ക്കുകയും അത് ലൈവിടുകയുമൊക്കെ ചെയ്ത സംഭവം വളരെ അടുത്ത ദിവസമാണ് ഇവിടെ അരങ്ങേറിയത്. അന്ന് അയാള്‍ക്കെതിരെ ചെറുവിരലനക്കാത്ത നഗരസഭാ അധികൃതരാണ്, അയാളെ കൂടെയിരുത്തി സൈബര്‍ ആക്രമണത്തെക്കുറിച്ച്, ഇപ്പോള്‍ പത്രസമ്മേളനം നടത്തുന്നത്.
കേരളത്തില്‍ തന്നെ ശ്രദ്ധേയമായ വികസന മുന്നേറ്റങ്ങള്‍ നടത്തിയ ആശുപത്രികളിലൊന്നായിരുന്നു കൊയിലാണ്ടി താലൂക്ക് ആശുപത്രി. സര്‍ക്കാര്‍ പുതിയ കെട്ടിടം നിര്‍മ്മിച്ചു നല്‍കിയത് വലിയ വികസനക്കുതിപ്പിന് സഹായകമാകേണ്ടതാണ്. ഇനിയും മറ്റൊരു പുതിയ കെട്ടിടം പണിയാനുള്ള സന്നദ്ധതയും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. പക്ഷേ ഇപ്പാള്‍ ലഭ്യമായ സൗകര്യങ്ങളെങ്കിലും നന്നായി ഉപയോഗിക്കുന്നതില്‍ നാമെത്ര മാത്രം വിജയിച്ചിട്ടുണ്ട് എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്.
മലബാറില്‍ ഏറ്റവും കൂടുതല്‍ ഒ.പി.യുംഐ.പിയും കേഷ്വാലിറ്റിയുമൊക്കെയുള്ള താലൂക്ക് ആശുപത്രിയെ ഇനിയും ജില്ലാ ആശുപത്രി പദവിയിലേയ്ക്ക് ഉയര്‍ത്താന്‍ നമുക്ക് സാധിച്ചിട്ടില്ല. അതിന് വേണ്ടിയുള്ള ജനകീയ സമ്മര്‍ദ്ദം രൂപപ്പെടുത്തുന്നതില്‍ നഗരസഭ വട്ടപൂജ്യമായിരുന്നു എന്ന് പറയേണ്ടി വരുന്നത് ഖേദകരമാണ്. ഉച്ചയ്ക്ക് ശേഷമുള്ള സമയത്ത് ഒന്നില്‍ കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം ആശുപത്രിയില്‍ അനിവാര്യമാണ്. അത് നേരത്തെ തന്നെ ഇവിടെ നടപ്പില്‍ വരുത്തിയതുമാണ്. ഉച്ചയ്ക്ക് ശേഷം ഒരേയോരു ഡോക്ടറുടെ സേവനം മാത്രമാണിപ്പോള്‍ ഇവിടെ ലഭിയ്ക്കുന്നത്. ഫീവര്‍ ക്ലിനിക്കിനും കേഷ്യാലിറ്റിയ്ക്കും വേറെ വേറെ ഡോക്ടര്‍മാര്‍ കൂടിയേ കഴിയൂ. ട്രോമാകെയര്‍ സെന്റര്‍ ഇപ്പോഴും ആഗ്രഹം മാത്രമായി അവശേഷിക്കുന്നു. ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മറ്റി വരുമാനത്തിന്റെ കാര്യത്തില്‍ മോശമൊന്നുമല്ല. മാനേജ്മെന്റ് കമ്മറ്റി നേരിട്ട് ശമ്പളം നല്കി കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും അത്തരം നീക്കങ്ങളൊന്നും നഗരസഭ നടത്തുന്നേയില്ല. ജില്ലയില്‍ ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുണ്ട്. അവിടെ നിന്ന് കുറേ ഹൗസ് സര്ജന്മാരുടെ സേവനം ലഭ്യമാക്കിയാല്‍ അത് വലിയ ആശ്വാസമാകും.അവര്‍ക്കും നല്ല പരിശീലനത്തിന് അത് സഹായിക്കും. തിരുവങ്ങൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പോലും ഇവരുടെ സേവനം ലഭ്യമാക്കിയതിന്റെ അനുഭവം മുമ്പുതന്നെയുണ്ട്. ഇത്തരം കാര്യത്തിലൊക്കെ എത്രമാത്രം വിജയിക്കാന്‍ കഴിഞ്ഞൂ എന്ന ആത്മപരിശോധനയാണ് നഗരസഭ ആദ്യം നടത്തേണ്ടത്. അല്ലാതെ സൈബര്‍ ആക്രമണം എന്ന് വിലപിക്കലല്ല. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ലാറ്റക്സിന്റെ അനുബന്ധ സ്ഥാപനമായ ലൈഫ് കെയര്‍ സെന്റര്‍ കൊണ്ടുവന്ന് പ്രവര്‍ത്തിപ്പിച്ച ആശുപത്രിയായിരുന്നു നമ്മുടേത്. വമ്പിച്ച സഹായമായിരുന്നു അവരില്‍ നിന്ന് ജനങ്ങള്‍ക്ക് ലഭിച്ചത്. ഫുട്ബോള്‍ കളിയ്ക്കുന്നതിനിടയില്‍ തെന്നി വീണ് കാലില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തിയ കുട്ടിയ്ക്ക് 700 രൂപയ്ക്ക് മെഡിക്കല്‍ ഇംപ്ലാന്‍സ് ഉപകരണങ്ങള്‍ ഇവിടെനിന്ന് വാങ്ങാന്‍ കഴിഞ്ഞതിന്റെ സന്തോഷം കൊയിലാണ്ടിയിലെ ഒരു പത്രപ്രവര്ത്തകന് പങ്കുവെച്ചതോര്‍ക്കുന്നു. സ്വകാര്യ സ്ഥാപനങ്ങള്‍ 2500 രൂപ വിലയിട്ട വസ്തുക്കളാണ് കേവലം 700 രൂപയ്ക്ക് ലഭിച്ചത്. ഇപ്പോള്‍ ലൈഫ് കെയര്‍ സെന്റര്‍ ഇവിടെ പ്രവര്‍ത്തിക്കുന്നില്ല. ഈ നഗരസഭാ കൗണ്‍സില്‍ അധികാരമേറ്റ ഉടനെ ചെയ്ത പ്രവൃത്തികളിലൊന്ന് അതിനെ കെട്ടുകെട്ടിയ്ക്കുകയായിരുന്നു. അതു കൊണ്ട് ആര്‍ക്കെങ്കിലും മെച്ചമുണ്ടായിട്ടുണ്ടെങ്കില് അത് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഡോ.പിയൂഷ് നമ്പൂതിരി ഈ ആശുപത്രി സൂപ്രണ്ടായിരുന്ന കാലത്ത് നഗരസഭാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ‘പാഥേയം’ എന്ന പേരില്‍ രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും സൗജന്യ ഭക്ഷണം നല്കുന്ന കേന്ദ്രം, പ്രമേഹരോഗികള്‍ക്ക് ചികിത്സയും മറ്റു സഹായങ്ങളും ഉറപ്പുവരുത്തുന്ന ഡയബറ്റിക്ക് ഫൗണ്ടേഷന്, അപകടങ്ങളില്പ്പെടുന്നവര്ക്കായി ട്രോമാകെയര്‍ യൂനിറ്റ് എന്നിങ്ങനെ ചില ട്രസ്റ്റുകള്‍ രൂപീകരിച്ച് പ്രവര്‍ത്തിപ്പിച്ചിരുന്നു. പുതിയ കൗണ്‍സില്‍ നാല് വര്‍ഷം ആയിട്ടും അവ വിളിച്ചു ചേര്‍ക്കുക പോലും ചെയ്തിട്ടില്ല. പാഥേയം സംസ്ഥാനമാകെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. വലിയ ജനപങ്കാളിത്തം ഉറപ്പുവരുത്തി, സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിച്ചു. ലക്ഷങ്ങള്‍ സമാഹരിച്ച് നല്ല ഭക്ഷണം രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും നല്‍കാനും കഴിഞ്ഞിരുന്നു. വളരെ സന്തോഷത്തോടെയാണ് ഭക്ഷണത്തിനുള്ള തുക ജനങ്ങള്‍ തന്നത്. എന്നാല്‍ കഴിഞ്ഞ നാലു വര്‍ഷങ്ങളില്‍ ഒരു പൈസ പോലും ഈയിനത്തില്‍ ശേഖരിക്കാന്‍ നഗരസഭ ശ്രമിച്ചില്ല. ഇവയൊന്നും വിളിച്ചു ചേര്‍ക്കാന്‍ പോലും സന്നദ്ധമായില്ല. സര്‍ക്കാറിന്റെ റേഷന്‍ ഉപയോഗിച്ച് നാമമാത്രമായി ഭക്ഷണം നല്കുന്നതല്ലാതെ മറ്റൊന്നും ഇപ്പാള്‍ നടക്കുന്നില്ല. അത് തന്നെ എത് നിമിഷവും നിലയ്ക്കാവുന്ന സ്ഥിതിയിലാണ്. ഭക്ഷണം നല്കിയ വകയില്‍ കുടുബശീ വനിതാ യൂനിറ്റുകള്‍ക്കും മറ്റും ലക്ഷങ്ങളുടെ കടബാധ്യതയുമുണ്ട്.
ജനങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തി കിട്ടാവുന്ന മേഖലകളിലൊക്കെ ഇടപെട്ട് ഫണ്ട് സമാഹരിച്ച് പുതിയ വികസനങ്ങളും മുന്നേറ്റങ്ങളും സൃഷ്ടിക്കുകയാണ് ഒരു ജനകീയ ഭരണ സമിതി പ്രാഥമികമായി ചെയ്യേണ്ടത്. അത് കഴിയുന്നില്ലന്നതോ പോകട്ടെ, കുറ്റം മുഴുവന്‍ ‘സൈബര്‍ പോരാളികള്‍ – സൈബര്‍ ആക്രമണം’ എന്നൊക്കെ വിലപിച്ച് കൈ കഴുകാന്‍ ശ്രമിക്കുന്നത് ഒരിടതുപക്ഷ ഭരണ സമിതിക്ക് ഒട്ടും ചേര്‍ന്ന നടപടിയല്ല.