KERALAMAIN HEADLINES

കോൺഗ്രസിനെ ഇനി മല്ലികാർജുൻ ഖർഗേ നയിക്കും

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖർഗേക്ക് ജയം. വോട്ടെടുപ്പിലൂടെയാണ്  നെഹ്‌റു കുടുംബത്തിന് പുറത്ത് നിന്ന് 24 വര്‍ഷത്തിന് ശേഷം  മല്ലികാര്‍ജുന ഖാര്‍ഗെയെ കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുത്തത് . 7897 വോട്ടുകൾ നേടിയാണ് ഖർഗേ ആധികാരിക ജയം സ്വന്തമാക്കിയത്. ശശി തരൂരിന് 1072 വോട്ടുകൾ ലഭിച്ചു. മികച്ച പ്രകടനം പുറത്തെടുത്ത തരൂർ, 12 ശതമാനം വോട്ടുകൾ നേടി. 89 ശതമാനം വോട്ടുകൾ മല്ലികാർജുൻ ഖ‍‍ർഗേ സ്വന്തമാക്കി. 9385 വോട്ടുകളാണ് ആകെ പോൾ ചെയ്തത്. 416 വോട്ടുകൾ അസാധുവായി. 

കോൺഗ്രസ് പാർട്ടിയിൽ അന്തിമാധികാരം അധ്യക്ഷനായിരിക്കുമെന്ന് രാഹുൽ ഗാന്ധി. തന്റെ നിർദേശങ്ങൾ പുതിയ അധ്യക്ഷന് ആവശ്യമില്ലെന്നും രാഹുൽ വ്യക്തമാക്കി. കോൺഗ്രസിന്റെ പുതിയ തീരുമാനങ്ങൾ പുതിയ അധ്യക്ഷന്റേതായിരിക്കും. അതിൽ തന്റെ അഭിപ്രായങ്ങൾ ഉണ്ടാകില്ല. തന്റെ പ്രവർത്തന മണ്ഡലം പുതിയ അധ്യക്ഷൻ തീരുമാനിക്കുമെന്നും രാഹുൽ പറഞ്ഞു. ഖർഗേയും തരൂരും മിടുക്കരാണ്. കോൺഗ്രസിനെ മുന്നോട്ട് കൊണ്ടുപോകാൻ അർഹതയും കഴിവും ഉള്ളവരാണ് ഇരുവരുമെന്നും രാഹുൽ പറഞ്ഞു.

നെഹ്‌റു കുടുംബത്തിന് പുറത്ത് നിന്ന് ഒരാള്‍ അധ്യക്ഷപദവിയിലേക്ക് എത്തി എന്ന് പറയുമ്പോഴും അതേ കുടുംബത്തിന്റെ വിശ്വസ്തനാണ് പകരം വരുന്നത് എന്നതാണ് ശ്രദ്ധേയം. രാജസ്ഥാന്‍ മുഖ്യമന്ത്രി പദം വിട്ടുകൊടുക്കാന്‍ ഗഹലോത്ത് തയ്യാറാകാതെ വന്നതോടെ പകരം ഖാര്‍ഗെയുടെ രംഗപ്രവേശം. സുതാര്യമെന്ന തിരഞ്ഞെടുപ്പ് എന്ന് അവകാശപ്പെടുമ്പോഴും ഔദ്യോഗിക പരിവേഷം ഖാര്‍ഗെയെ തുണച്ചു.
പുതിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കര്‍ണാടകയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവാണ്. രാജ്യസഭാ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെച്ചാണ് അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button