കേരള പിറവി ദിനത്തിൽ കേരളാ പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ് പ്രവർത്തനക്ഷമമാകും
സംസ്ഥാന സർക്കാർ ഏറ്റെടുത്ത കോട്ടയം വെള്ളൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് കേരള പിറവി ദിനത്തിൽ കേരളാ പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ് എന്ന സംരംഭത്തിന് തുടക്കം കുറിക്കുന്നു.
സ്വകാര്യവൽക്കരണ നയത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ കൈയ്യൊഴിഞ്ഞ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിനെ സംസ്ഥാന സർക്കാർ ഏറ്റെടുത്ത് വെള്ളൂർ കേരള പേപ്പർ പ്രൊഡക്റ്റ്സ് ലിമിറ്റഡ് എന്ന സംരഭത്തിനാണ് തുടക്കം കുറിക്കുന്നത്. ഇതോടെ ഉയർന്ന ഗുണമേന്മയുള്ള ന്യൂസ്പ്രിൻ്റും, പ്രിന്റിംഗ് പേപ്പറും ഉൽപാദിപ്പിക്കാൻ കഴിയുന്ന ഘട്ടത്തിലേക്ക് കെ പി പി എൽ മാറും. സംസ്ഥാന സർക്കാരിൻ്റെ നടപടിയെ വളരെ പ്രതീക്ഷയോടെയാണ് തൊഴിലാളികൾ കാണുന്നത്.
കേന്ദ്ര സർക്കാരിൽ നിന്ന് ഏറ്റെടുത്ത് റെക്കോഡ് വേഗതയിലാണ് കേരളത്തിന്റെ സ്വന്തം പേപ്പർ കമ്പനിയുടെ പുനരുദ്ധാരണപ്രവർത്തനങ്ങൾ മുന്നോട്ടുപോയത്. 2022 ജനുവരി 1ന് പുനരുദ്ധാരണപ്രക്രിയ ആരംഭിച്ച് അഞ്ച് മാസം കൊണ്ട് ആദ്യഘട്ടം പൂർത്തിയാക്കി. മെയ് 19ന് പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപനത്തിൻ്റെ പ്രവർത്തനം ആരംഭിച്ചു.
3000 കോടി രൂപ വിറ്റുവരവുള്ള സ്ഥാപനമായി കെ പി പി എല്ലിനെ വികസിപ്പിക്കുക എന്നതാണ് സർക്കാരിൻ്റെ ലക്ഷ്യം. മൂവായിരത്തോളം പേർക്ക് തൊഴിൽ നൽകാൻ സാധിക്കുന്ന പ്രതിവർഷം അഞ്ച് ലക്ഷം മെട്രിക് ടൺ ഉൽപാദന ശേഷിയുള്ള സ്ഥാപനമായി കെ പി പി എൽ മാറുമെന്നാണ് പ്രതീക്ഷ.