DISTRICT NEWS

മരുന്ന് കുത്തിവച്ചതിന് പിന്നാലെ രോഗി മരിച്ച സംഭവത്തിൽ മെഡിക്കല്‍ കോളേജിന് ഗുരുതരവീഴ്ചയെന്ന് പൊലീസ് റിപ്പോര്‍ട്ട്

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരുന്ന് കുത്തിവെച്ച ഉടന്‍ മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ പൊലീസിന്‍റെ അന്വേഷണ റിപ്പോര്‍ട്ട്. തിരുവമ്പാടി ചവലപ്പാറ കൂളിപ്പാറ സ്വദേശി സിന്ധു (45)വാണ് ഒക്‌റ്റോബര്‍ 27 ന് മരുന്നു കുത്തിവച്ചതിന് പിന്നാലെ മരിച്ചത്. മരുന്ന് മാറി കുത്തിവെച്ചതിനെ തുടര്‍ന്നാണ് സിന്ധു മരിച്ചതെന്ന് ബന്ധുക്കള്‍ അന്ന് തന്നെ ആരോപിച്ചിരുന്നു. എന്നാല്‍, മരുന്നിന്‍റെ റിയാക്ഷനാണ് മരണ കാരണമെന്നായിരുന്നു ആശുപത്രി അധികൃതരുടെ നിലപാട്.

ബന്ധുക്കളുടെ പരാതിയില്‍  മെഡിക്കല്‍ കോളേജ് അധികൃതര്‍ മരണകാരണമായേക്കാവുന്ന അശ്രദ്ധയോടെ പ്രവര്‍ത്തിച്ചുവെന്ന വകുപ്പ് പ്രകാരമാണ്, അസിസ്റ്റന്‍റ് കമ്മീഷണര്‍ കെ. സുദര്‍ശനന്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത്. ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായേക്കാവുന്ന മരുന്ന് യാതൊരു മുന്നൊരുക്കങ്ങളും ഇല്ലാതെ സിന്ധുവിന് നല്‍കിയെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. നഴ്‌സിങ് പരിശീലനത്തിന് വന്ന വിദ്യാര്‍ത്ഥിയാണ് കുത്തിവെപ്പ് നടത്തിയതെന്നും മരുന്ന് സിന്ധുവിന് കുത്തിവെച്ച ശേഷം മൊബൈലില്‍ സംസാരിച്ച് ലാഘവത്തോടെ ഇവര്‍ അടുത്ത രോഗിയുടെ അടുത്തേക്ക് പോയി. ഈ സമയത്ത് രോഗിയെ നിരീക്ഷിക്കാന്‍ ഡോക്ടറോ നഴ്‌സോ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

രോഗി അസ്വസ്ഥത പ്രകടിപ്പിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചപ്പോള്‍ അതൊക്കെ ഉണ്ടാകുമെന്ന് ഹെഡ് നഴ്‌സ് നിസ്സാരവത്ക്കരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. റിയാക്ഷന്‍ ഉണ്ടായപ്പോള്‍ നല്‍കേണ്ട മറുമരുന്ന് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാർഡിൽ രണ്ട് ഡോക്ടർമാർ ഉണ്ടാകണമെന്ന നിബന്ധനയും പാലിക്കപ്പെട്ടില്ല. സംഭവം നടന്ന് 20 മിനിറ്റ് കഴിഞ്ഞ് നഴ്സ് വിളിച്ച ശേഷമാണ് ഒരു ഡോക്ടർ എത്തിയത്. പിന്നീട്, മറ്റൊരു ഡോക്ടറെയും വിളിച്ചുവരുത്തിയെങ്കിലും നെഞ്ചിടിപ്പ് പരിശോധിക്കുകയല്ലാതെ മറുമരുന്നോ ഓക്സിജനോ നൽകിയില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സിന്ധുവിന്‍റെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആശുപത്രി ജീവനക്കാര്‍ നടത്തിയില്ല തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ്  റിപ്പോര്‍ട്ടിലുള്ളത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button