പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തിയ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു
പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 വയസ്സാക്കി ഉയര്‍ത്താനുള്ള തീരുമാനത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറി. ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. തുടർ നടപടികൾ വേണ്ടെന്നാണ് മന്ത്രി സഭയോഗം തീരുമാനിച്ചു. പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഡിവൈഎഫ്ഐ അടക്കം ഇടത് യുവജന സംഘടനകളും ഉത്തരവിനെതിരെ പ്രതിഷേധിച്ചിരുന്നു.
റിയാബ് ചെയർമാൻ തലവനായ വിദഗ്ധസമിതിയുടെ ശുപാർശ അംഗീകരിച്ച് കൊണ്ടായിരുന്നു പൊതുമേഖലാ സ്ഥാപനങ്ങളുടെ പെൻഷൻ പ്രായം 60 ആക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. 56, 58, 60 എന്നിങ്ങനെ വ്യത്യസ്ത പെൻഷൻ പ്രായമായിരുന്നു വിവിധ സ്ഥാപനങ്ങളില്‍ ഉണ്ടായിരുന്നത്. കെഎസ്ആർടിസി, കെഎസ്ഇബി, വാട്ടർ അതോറിറ്റി ഒഴികെ 122 സ്ഥാപനങ്ങളിലും ആറ് ധനകാര്യ കോർപ്പറേഷനുകളിലുമാണ് പെൻഷൻ പ്രായം ഏകീകരിക്കാന്‍ തീരുമാനിച്ചിരുന്നത്. മുഴുവൻ സർക്കാർ ജീവനക്കാരുടേയും പെൻഷൻ പ്രായം കൂട്ടണമെന്ന ആവശ്യമാണ് സർവ്വീസ് സംഘടനകൾ ഉയര്‍ത്തിയിരുന്നത്.
പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് പൊതു ചട്ടക്കൂടുണ്ടാക്കുന്നത് സംബന്ധിച്ച സമിതിയുടെ ശുപാര്‍ശ പരിഗണിച്ചുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ച് കഴിഞ്ഞ ദിവസം വിശദമായ ഉത്തരവിറക്കിയത്.