എളംകുളത്തെ നേപ്പാൾ യുവതിയുടെ കൊലപാതകക്കേസിൽ പ്രതി റാം ബഹദൂർ നേപ്പാളിൽ പിടിയിൽ
എറണാകുളം ജില്ലയിലെ എളംകുളത്ത് വീടിനകത്ത് ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ നേപ്പാളിൽ പിടിയിലായി. നേപ്പാൾ സ്വദേശിയായ ഭഗീരഥി ദാമിയാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ ഇവർക്കൊപ്പം താമസിച്ചിരുന്ന പങ്കാളിക്കായി പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഇവരെ കുറിച്ച് നേപ്പാൾ പൊലീസിനും വിവരം നൽകിയിരുന്നു.
ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നേപ്പാൾ പൊലീസാണ് പ്രതിയെ പിടികൂടിയത്. റാം ബഹദൂർ എന്നാണ് പ്രതിയുടെ പേര്. നാല് വർഷമായി ഭഗീരഥി ദാമിക്കൊപ്പം ഇയാൾ എളംകുളത്ത് താമസിച്ച് വരികയായിരുന്നു. ലക്ഷ്മിയെന്ന പേരിലാണ് കൊല്ലപ്പെട്ട ഭഗീരഥി ദാമി കഴിഞ്ഞിരുന്നത്. ചിലവന്നൂരിൽ വാടക വീട്ടിനകത്താണ് ഭഗീരഥിയുടെ മൃതദേഹം കണ്ടെത്തിയത്. ഒക്ടോബർ 24നായിരുന്നു ഇത്. പ്ലാസ്റ്റിക് കവർ കൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം.
കൊല്ലപ്പെട്ട ഭഗീരഥി ധാമിക്കൊപ്പം കൊച്ചിയിലെ വാടകവീട്ടിലാണ് റാം ബഹദൂര്‍ ബിസ്തി താമസിച്ചിരുന്നത്. ഇയാള്‍ വര്‍ഷങ്ങളായി കൊച്ചിയിലാണ് താമസം. മുടിവെച്ചുപിടിപ്പിക്കുന്ന (ഹെയര്‍ ഫിക്സിങ്) കടവന്ത്രയിലെ സ്ഥാപനത്തിലായിരുന്നു ആദ്യം. പിന്നീട് സ്വന്തം വീട്ടില്‍ തന്നെ ഈ ജോലികള്‍ ചെയ്യാന്‍ തുടങ്ങി. ഇതിനിടയിലാണ് അടിക്കടിയുള്ള ഡല്‍ഹി സന്ദര്‍ശനങ്ങളുണ്ടായിരുന്നത്. മയക്കുമരുന്ന് മാഫിയയുമായി റാം ബഹദൂറിന് ബന്ധമുണ്ടായിരുന്നോ എന്ന സംശയത്തിലാണ് പൊലീസ്. മുമ്പ് നേപ്പാള്‍ സ്വദേശിനിയായ ഭാര്യയും രണ്ട് കുട്ടികളുമായി റാം ബഹദൂര്‍ പനമ്പിള്ളി നഗറില്‍ താമസിച്ചിരുന്നു. സൗത്ത് എസ്.ഐ. ജെ.അജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡല്‍ഹിയിലും നേപ്പാളിലും അന്വേഷണം നടത്തുന്നത്.