Uncategorized

ലഹരിമുക്ത കേരളം രണ്ടാം ഘട്ട കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്ത് ഗോള്‍ ചലഞ്ച് നടത്തും


ഈ മാസം 14 മുതല്‍ ജനുവരി 26വരെ നടത്തുന്ന ലഹരിമുക്ത കേരളം രണ്ടാം ഘട്ട കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്ത് ഗോള്‍ ചലഞ്ച് നടത്തും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ലോകകപ്പ് ഫുട്ബാള്‍ ആവേശവുമായി ബന്ധപ്പെട്ടാണിത്. രണ്ടു കോടി ഗോള്‍ ആണ് ചലഞ്ചില്‍ ലക്ഷ്യമിടുന്നത്.

തദ്ദേശ സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, സ്വകാര്യ കമ്പനികള്‍, ഐ.ടി പാര്‍ക്കുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, കുടുംബശ്രീ യൂണിറ്റുകള്‍ തുടങ്ങിയ ഇടങ്ങളിലൊക്കെ പരിപാടി സംഘടിപ്പിക്കും. നോ ടു ഡ്രഗ്‌സ് എന്ന പ്രചാരണ ബോര്‍ഡുകളും ചിത്രങ്ങളും ഗോള്‍ പോസ്റ്റിന് ചുറ്റും ഉറപ്പാക്കും. മുഴുവന്‍ സമയവും പോസ്റ്റ് തയ്യാറാക്കി നിറുത്തും. ഇഷ്ടമുള്ളപ്പോള്‍ ആര്‍ക്കും വന്ന് ഗോള്‍ അടിക്കാം. കൂടാതെ സെലിബ്രിറ്റി ഫുട്ബാള്‍ മത്സരവും നടത്തും.

മൂന്ന് മാസത്തിലൊരിക്കല്‍ ലഹരി വിരുദ്ധ ജനജാഗ്രത സമിതി യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങളും ലഹരി ഉപഭോഗം സംബന്ധിച്ച കാര്യങ്ങളും അവലോകനം ചെയ്യണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന പദ്ധതികളുടെയും സാമ്പത്തിക വിനിയോഗത്തിന്റെയും വിശദാംശങ്ങള്‍ സമാഹരിച്ച് ഏകോപിത കലണ്ടര്‍ തയ്യാറാക്കാന്‍ എക്സൈസ് വകുപ്പിനെയും വിമുക്തി മിഷനെയും ചുമതലപ്പെടുത്തി.

കാമ്പയിന്റെ ഭാഗമായി പൊലീസ്, എക്സൈസ് വിഭാഗങ്ങള്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ കാര്യങ്ങള്‍ പുറത്തുവിടണം. അഞ്ച് മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കായി വിമുക്തി മിഷനും എസ്.സി.ഇ.ആര്‍.ടിയും ചേര്‍ന്ന് തയ്യാറാക്കിയ ‘തെളിവാനം വരയ്ക്കുന്നവര്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം 14ന് നടത്തും. അന്ന് എല്ലാ ക്ലാസിലും വിദ്യാര്‍ത്ഥി സഭകള്‍ ചേരും.

സ്‌കൂളുകളില്‍ കൗണ്‍സലിംഗ് സംഘടിപ്പിക്കും. ആവശ്യത്തിന് കൗണ്‍സലര്‍മാര്‍ ഉണ്ടാകണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. കൂടാതെ ലഹരി മോചന കേന്ദ്രങ്ങള്‍ ആവശ്യത്തിനുണ്ടെന്ന് സാമൂഹ്യനീതി വകുപ്പ് ഉറപ്പാക്കണം. ലഹരി ഉത്പന്നങ്ങള്‍ വില്‍ക്കുന്നില്ല എന്ന ബോര്‍ഡ് കടകളിലുണ്ടെന്ന് തദ്ദേശ സ്ഥാപനങ്ങളും ഉറപ്പാക്കണം. കൂടാതെ വില്‍പ്പന ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം കൈമാറാന്‍ ഫോണ്‍ നമ്പര്‍, മേല്‍വിലാസം എന്നിവ പ്രദര്‍ശിപ്പിക്കണം.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button