മലപ്പുറത്ത് വൻ കുഴൽപ്പണ വേട്ട
മലപ്പുറത്ത് വൻ കുഴൽപ്പണ വേട്ട. രേഖകൾ ഇല്ലാതെ കടത്തുകയായിരുന്ന 78 ലക്ഷം രൂപയുമായി കോഴിക്കോട് കൊടുവള്ളി സ്വദേശി ഷമീറലിയെ അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തു.
അരീക്കോട് വാലില്ലാപ്പുഴ പൂഴിക്കുന്നില്‍ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് കൊടുവള്ളി സ്വദേശി പാമ്പങ്ങല്‍ വീട്ടില്‍ ഷമീറലി പിടിയിലായത്. നോട്ടുകൾ കെട്ടുകളാക്കി വാഹനത്തിലെ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. പണം കടത്താൻ ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
അതേസമയം, പിടിച്ചെടുത്ത തുക കോടതിക്ക് കൈമാറുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. തുടര്‍ നടപടികള്‍ക്കായി ഇന്‍കംടാക്സ് വിഭാഗത്തിനും എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിനും പൊലീസ് റിപ്പോര്‍ട്ട് നല്‍കും. അരീക്കോട് പൊലീസ് ഇന്‍സ്പെക്ടര്‍ അബ്ബാസ് അലിയുടെ നേതൃത്വത്തില്‍ അരീക്കോട് ജൂനിയര്‍ സബ് ഇന്‍സ്പെക്ടര്‍ ജിതിന് യുകെ, മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡ് എന്നിവര്‍ ചേര്‍ന്നാണ് പണം പിടിച്ചെടുത്തത്.