കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം മാരക ലഹരിമരുന്നുമായി യുവാവ് പിടിയിൽ
കോഴിക്കോട്∙ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം മാരക ലഹരിമരുന്നുമായി യുവാവ് പിടിയിൽ. വിൽപനയ്ക്കായി കൊണ്ടുവന്ന 58 ഗ്രാം മാരക ലഹരിമരുന്നായ എംഡിഎംഎ യുമായി വെള്ളയിൽ നാലുകൂടി പറമ്പിൽ വീട്ടിൽ ഗാലിദ് അബാദിയെ(22) കോഴിക്കോട് ആന്റി നർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിൽ ഉള്ള ഡിസ്ട്രിക്ട് ആന്റി നർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സും (ഡാൻസാഫ്), സബ് ഇൻസ്പെക്ടർ കിരൺ ശശിധരന്റെ നേതൃത്വത്തിലുള്ള നടക്കാവ് പൊലീസും ചേർന്നു പിടികൂടിയത്. പിടികൂടിയ മയക്കുമരുന്നിന് രാജ്യാന്തര വിപണിയിൽ 5 ലക്ഷത്തോളം വില വരും.
ബെംഗളൂരുവിൽനിന്നെത്തിയ ബസ്സിൽ നിന്ന് ഇറങ്ങിയ പ്രതിയിൽനിന്ന് പൗഡർ ടിൻ, ഒഴിഞ്ഞ സോപ്പ് കൂട് എന്നിവയിൽ ഒളിപ്പിച്ച നിലയിൽ ലഹരി വസ്തു കണ്ടെടുത്തത്. ഏതാനും ആഴ്ചകൾക്ക് മുമ്പ് സൗത്ത് ബീച്ചിൽ വച്ച് പിടിയിലായ പ്രതിക്കും സമാന രീതിയിൽ ലൈറ്റുകളിലും സ്പീക്കറിലും ഒളിപ്പിച്ച നിലയിൽ ലഹരി വസ്തുക്കൾ എത്തിയിരുന്നു.ഇത് ബെംഗളൂരുവിലെ ലഹരി മാഫിയ തലവന്റെ നിർദ്ദേശപ്രകാരം ഇവിടെ എത്തിച്ചുനൽകൽ മാത്രമാണു തന്റെ ജോലിയെന്നും ആർക്കാണെന്ന് അറിയില്ലെന്നും മെസേജ് വഴി മാത്രമാണ് നിർദ്ദേശം ലഭിച്ചതെന്നും പ്രതി പൊലീസിനോടു പറഞ്ഞു.
ബെംഗളൂരുവിൽനിന്നു വാട്സ്ആപ്പും ഗൂഗിൾ പേയും വഴി ഓർഡർ സ്വീകരിച്ച് കാരിയർ വഴി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിച്ചുനൽകുന്നതിലെ പ്രധാന കണ്ണിയാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാൾ ഏറെനാളായി ഡാൻസാഫിന്റെ നിരീക്ഷണത്തിൽ ആയിരുന്നെന്നും ബെംഗളൂരു കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന മറ്റുള്ളവർക്കായി തുടരന്വേഷണം നടത്തുമെന്നും നാർകോട്ടിക് സെൽ അസി. കമ്മിഷണർ പ്രകാശൻ പടന്നയിൽ പറഞ്ഞു.