ശബരിമലയില്‍ ഭണ്ഡാരം എണ്ണാന്‍ ജീവനക്കാരില്ലാത്തതിനാൽ നാണയങ്ങൾ എണ്ണാനാകുന്നില്ല
ശബരിമല സന്നിധാനത്ത് ഭണ്ഡാരത്തിലെ ജോലിക്ക് വേണ്ടത്ര ജീവനക്കാരില്ലാത്തതിനാൽ നാണയങ്ങൾ എണ്ണാനാകുന്നില്ല. മാസപൂജക്കാലയളവിലെ നാണയങ്ങൾ എണ്ണാതെ പഴയ ഭണ്ഡാരത്തിലും പുതിയതിലുമായി കൂടിക്കിടക്കുന്നു. സീസൺ ആരംഭിക്കുന്നതിന് മുന്നേ മാസപൂജാസമയത്തെ നാണയങ്ങൾ എണ്ണിത്തിട്ടപ്പെടുത്തുകയായിരുന്നു പതിവ് രീതി. കഴിഞ്ഞ കുറേ മാസപൂജക്കാലയളവിലെ നാണയങ്ങൾ എണ്ണാതെ കൂട്ടിയിട്ടിരിക്കുകയാണ്.
നാണയം എണ്ണുന്നതിന് സ്വകാര്യബാങ്ക് ഒരു യന്ത്രം സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിൽ പല വലുപ്പമുള്ള നാണയങ്ങൾ എണ്ണാനാകില്ല. ഇത് ജീവനക്കാർ തന്നെ എണ്ണണം. തീർഥാടകർ ഏറിയതോടെ നടവരവും കൂടിയിട്ടുണ്ട്. ഇപ്പോഴുള്ള ജീവനക്കാർ അധിക ഡ്യൂട്ടി ചെയ്യേണ്ട സാഹചര്യമാണിപ്പോഴുള്ളത്. രാവിലെ ഒൻപത് മുതൽ ഒന്നുവരെയും, വൈകീട്ട് 4.30 മുതൽ രാത്രി 9.30 വരെയുമാണ് ഭണ്ഡാരത്തിലെ ജീവനക്കാരുടെ ഡ്യൂട്ടിസമയം. ആഴ്ചയിൽ ഒരു ദിവസം ഓഫ് എടുക്കാൻപോലും ഇവർക്ക് പറ്റുന്നില്ല.