SPECIALUncategorized

” അവസാനത്തെ ഗോൾ “

“ലൈം ലൈറ്റിൽ നാം കാണുന്ന കാൽപ്പന്തുകളിയുടെ പിന്നാമ്പുറങ്ങളിലെ വംശവെറിയുടെ കഥ കന്മന ശ്രീധരൻ എഴുതുന്നു”

 

“കളിക്കളങ്ങളിലെ അക്രമങ്ങളെ വാഴ്ത്തുകയല്ല. ഇന്നും അവഹേളിക്കപ്പെട്ടു കൊണ്ടിരിക്കുന്ന മനുഷ്യ മനസ്സുകളെ വായിക്കുകയാണ്. ഇന്നും തുടരുന്ന വംശഹത്യകളെ അപലപിക്കുകയാണ്. കളിക്കളങ്ങളിലും അപമാനിക്കപ്പെടുന്നവരോട് ഐക്യദാർഢ്യം പ്രഖാപിക്കുകയാണ്”

ഇന്ന് നാലാം ക്വാർട്ടറിൽ ഫ്രാൻസ്ളംഗ്ലണ്ടുമായി ഏററുമുട്ടുന്നു . ചാമ്പ്യന്മാരായ ഫ്രാൻസിനു വേണ്ടി കിലിയൻ എംബാപ്പെ യും ഒളിവർ ജിറുവും കൂട്ടരും പോരാട്ടത്തിനിറങ്ങുമ്പോൾ മലയാളത്തിന്റെ പ്രിയ കവി സച്ചിദാനന്ദന്റെ അവസാനത്തെ ഗോൾ എന്ന കവിത യാണ് ഓർമ്മയിൽ ഓടി എത്തുന്നത്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ മുൻ സെക്രട്ടരിയും ഇപ്പോൾ കേരള സാഹിത്യ അക്കാദമി പ്രസിഡൻറ് മായ സച്ചിദാനന്ദൻ , ലോകമെമ്പാടുമുള പ്രതിരോധ കവിതകളെ മൊഴി മാറ്റി മലയാളിക്ക് സമ്മാനിച്ച സച്ചിദാനന്ദൻ 2006 ലാണ് ഈ കവിത എഴുതിയത്. സച്ചിദാനന്ദന്റെ തെരഞ്ഞെടുത്ത കൃതികളിൽ ഇടം നേടിയ കവിത.


2006 ലോകകപ്പിൽ സിനദി ൻ യാസിദ് സിദാൻ കളിക്കിടയിൽ ഇററാലിയൻ താരമായ മാർക്കോ മറ്റെ റാസിയെ തല കൊണ്ടിടിച്ചത് വലിയ വാർത്തയായിരുന്നു. സിദാൻ കളിയിൽ നിന്ന് പുറത്താക്കപ്പെട്ടു. ആറടിയിലധികം പൊക്കമുളള സിദാൻ പന്തടക്കത്തിലെ പാടവവും അടവുകളിലെ മികവും കളിയുടെ സൗന്ദര്യവും കൊണ്ട് കാണികളുടെ മനം കവർന്നതാരം. നൂറിലേറെ കളികളിൽ ഫ്രാൻസിനെ നയിച്ച വീരനായകൻ. 1998 ൽ ഫ്രാൻസിന് ലോകകപ്പ് നേടിക്കൊടുത്ത സോക്കർ കിംഗ് . ഫ്രാൻസിലെ ഏറ്റവും വലിയ ബഹുമതിയായ ” ലീ ജിയൻ ഓഫ് ഓണർ ” നേടിയ പ്രതിഭ. 2006 ലെ മത്സരത്തിൽ നിന്നും പുറത്താക്കപ്പെട്ടിട്ടും ഏററവും നല്ല കളിക്കാരനുള്ള ഗോൾഡൻ ബോൾ ഫിഫ സമ്മാനിച്ചത് സിദാന് തന്നെയായിരുന്നു.
തെക്കൻ ഫ്രാൻസിലെ മാഴ്സെയിൽ ജനിച്ചു വളർന്ന സിദാൻ. ഒരു നൈറ്റ് വാച്ചുമാനായിരുന്നു അച്ഛൻ. കൊടിയ പട്ടിണിയിലായിരുന്നു കുട്ടിക്കാലം. കാൽപന്ത് കളിയിലൂടെയായിരുന്നു അവൻ ഫ്രഞ്ച് ജനതക്ക് പ്രിയംകരനായത്. അവരുടെ സ്നേഹം നേടിയെടുക്കാൻ സഹിച്ച വേദനകൾ . തീവ്ര പരിശീലനങ്ങൾ. ബാല്യകാലസഹനങ്ങൾ . ഇതൊക്കെയായിട്ടും താനിവിടെ ഒരു വരത്തനാണെന്ന് സിദാന് പലപ്പോഴും തോന്നിയിട്ടുണ്ട്.

“ആ തലകൊണ്ടിടിക്കൽ ടെലിവിഷൻ ചാനലുകൾ പലവുരു കാണിച്ചു കൊണ്ടിരുന്നതായി ഓർക്കുന്നു. ഉറക്കമിളച്ചിരുന്ന് ചങ്ങാതിമാരോടൊപ്പം ലോകകപ്പ് കണ്ടു കൊണ്ടിരുന്ന കാലത്തെ ഓർമ്മചിത്രങ്ങൾ ഇന്നും മനസ്സിനെ വേട്ടയാടിക്കൊണ്ടിരിക്കുന്നു”

ആൽബേർ കാമുവിന്റെ അന്യൻ എന്ന നോവലിലെ നായകൻ മിയർ സോളിനെ ഓർമ്മയില്ലേ? അമ്മ മരിച്ചത് ഇന്നോ ഇന്നലയോ എന്നാലോചിക്കുന്ന നിസ്സംഗൻ . പക്ഷെ അയാളുടെ ഉള്ളിന്റെയുള്ളിൽ ഫ്രാൻസിലെ മറ്റനേകം പേരെപ്പോലെ അൾജീരിയൻ മുസ്ലിങ്ങളോടുണ്ടായിരുന്ന നിന്ദയും പകയും കാരണമാണ് വിശേഷിച്ചൊരു കാരണവും കൂടാതെ ഒരു മുസ്ലിമിനെ വെടിവെച്ചു കൊല്ലുന്നത്. ഒരു അൾജീരിയൻ മുസ്ലിം കുടുംബാംഗമായ തന്നോടും പലർക്കുമുണ്ടായിരുന്ന മനോഭാവം ഇതു തന്നെയായിരുന്നു എന്ന തിരിച്ചറിവ് സിദാന്റെ മനസ്സിൽ കടന്നൽ കൂട് കെട്ടിയിരുന്നു. അപ്പോഴാണ് കളിക്കിടയിൽ എതിരാളി തന്റെ വംശത്തെ തന്നെ അപമാനിക്കുന്ന ഒരു തെറി വിളിച്ചത്. പിന്നെ ഒട്ടും ആലോചിച്ചില്ല. നിസ്കാരത്തിനല്ലാതെ ഒരിക്കലും കുനിച്ചിട്ടില്ലാത്ത തന്റെ ശിരസ്സ് എതിരാളിയുടെ നെഞ്ചിൻ കൂട്ടിലേക്ക് ആഞ്ഞടിച്ചു. മുറിവേൽപിക്കപ്പെട്ട ഒരു മനസ്സിന്റെ സ്വാഭാവികമായ പ്രതികരണം. എന്നും ദു:ഖം മാത്രം തളം കെട്ടി നിൽക്കുന്ന തന്റെ അമ്മയുടെ മുഖം മാത്രമായിരുന്നു മനസ്സിൽ . ചവുട്ടിയരക്കപ്പെടുന്ന മുഴുവൻ മനുഷ്യർക്കും വേണ്ടി രക്തം ചിന്താത്ത ഒരു പ്രതിഷേധം. ആ ഹെഡ് ബട്ടിംഗ് അതായിരുന്നു തന്റെ ഒടുവിലത്തെ ഹെഡ്ഡർ . അവസാനത്തെ ഗോൾ . കളി നിയമങ്ങളെ ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങൾക്ക് പകരം വെച്ച നിമിഷം.
ആ തലകൊണ്ടിടിക്കൽ ടെലിവിഷൻ ചാനലുകൾ പലവുരു കാണിച്ചു കൊണ്ടിരുന്നതായി ഓർക്കുന്നു. ഉറക്കമിളച്ചിരുന്ന് ചങ്ങാതിമാരോടൊപ്പം ലോകകപ്പ് കണ്ടു കൊണ്ടിരുന്ന കാലത്തെ ഓർമ്മചിത്രങ്ങൾ ഇന്നും മനസ്സിനെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.
കളിക്കളങ്ങളിലെ അക്രമങ്ങളെ വാഴ്ത്തുകയല്ല. ഇന്നും അവഹേളിക്കപ്പെട്ടു കൊണ്ടിരിക്കുന്ന മനുഷ്യ മനസ്സുകളെ വായിക്കുകയാണ്. ഇന്നും തുടരുന്ന വംശഹത്യകളെ അപലപിക്കുകയാണ്. കളിക്കളങ്ങളിലും അപമാനിക്കപ്പെടുന്നവരോട് ഐക്യദാർഢ്യം പ്രഖാപിക്കുകയാണ്.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button