കണ്‍സ്യൂമര്‍ ഫെഡ് അഞ്ച് ലക്ഷത്തിലധികം രൂപയുടെ കേക്കുകള്‍ കുഴിച്ച് മൂടാനൊരുങ്ങുന്നു
കണ്‍സ്യൂമര്‍ ഫെഡ് അഞ്ച് ലക്ഷത്തിലധികം രൂപയുടെ കേക്കുകള്‍ കുഴിച്ച് മൂടാനൊരുങ്ങുന്നു. ഒരു വര്‍ഷമായി ഗോഡൗണുകളിൽ വിറ്റഴിയാതെ കെട്ടികിടക്കുന്ന കേക്കുകളാണ് കുഴിച്ചുമൂടുന്നത്. ടെന്‍ഡര്‍ കമ്പനിയുടെ വിറ്റഴിയാത്ത കേക്കുകള്‍ തിരിച്ചെടുക്കാത്തതിനെ തുടര്‍ന്നാണ് ഗോഡൗണില്‍ കെട്ടികിടക്കുന്നത്. കാലാവധി തീരുന്നതിന് മുമ്പ് വിറ്റഴിക്കാനും സാധിച്ചില്ല. കമ്പനിയോട് തിരിച്ചെടുക്കാന്‍ കണ്‍സ്യൂമര്‍ ഫെഡ് പല തവണ ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്തതിനെ തുടര്‍ന്നാണ് പഴയ കേക്കുകള്‍ കുഴിച്ച് മൂടാൻ കണ്‍സ്യൂമര്‍ഫെഡ് തീരുമാനമെടുത്തത്.
ഇടുക്കി കോട്ടയം മേഖലയില്‍ മൂന്ന് ലക്ഷം രൂപയുടെ കേക്കുകള്‍, മലപ്പുറത്ത് രണ്ട് ലക്ഷം രൂപയുടെ കേക്കുകള്‍, എറണാകുളത്ത് 14,000 രൂപയോളം കേക്കുകൾ എന്നിങ്ങനെയാണ് വിറ്റുപോകാതെ കിടക്കുന്നത്.
കൺസ്യൂമർ ഫെഡ് ഈ ക്രിസ്മസിന് കേന്ദ്രീകൃതമായി ടെൻഡർ വിളിച്ച് കേക്കുകൾ മേഖലാ കേന്ദ്രങ്ങളിലേക്ക് നൽകുന്നതിനു പകരം മേഖലാ കേന്ദ്രങ്ങളോട് സ്വന്തമായി കേക്ക് സംഭരിച്ച് വിൽപ്പന നടത്താനാണ് നിർദേശിച്ചിരിക്കുന്നത്. അതേ സമയം ഇത്തരത്തിലുള്ള സ്റ്റോക്കുകള്‍ ഒഴിവാക്കുന്നതിന് നടപടി ക്രമങ്ങള്‍ ഉണ്ട്. അതത് റീജണല്‍ ഡയറക്ടര്‍മാരുടെ സാന്നിധ്യത്തില്‍ കേക്കുകള്‍ കുഴിച്ച് മൂടാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് കണ്‍സ്യൂമര്‍ ഫെഡ് എംഡി എംപി സലീം പറഞ്ഞു.