സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ വിമുക്ത ഭടന്മാര്ക്കുള്ള ചികിത്സ അവസാനിപ്പിക്കുന്നു
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ വിമുക്ത ഭടന്മാര്ക്കുള്ള ചികിത്സ അവസാനിപ്പിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ കുടിശിക വരുത്തി തുടങ്ങിയതോടെയാണ് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചു തുടങ്ങിയത്.
ഇതോടെ എക്സ് സര്‍വീസ് മെന്‍ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്കീമില്‍ ചികിത്സ നടത്തി വന്നിരുന്ന നിരവധി പേരുടെ ചികിത്സ വഴിമുട്ടി. പാക്കിസ്ഥാനുമായുണ്ടായ യുദ്ധത്തില്‍ ഏറ്റുമുട്ടി പരിക്കേറ്റ സെല്വരാജന് നായിഡു എന്ന വിമുക്ത ഭയന് ഇതില്‍ ഒരു ഉദാഹരണമാണ്. ധീരതക്ക് രാഷ്ട്രപതിയില്‍ നിന്നും വീരചക്ര പുരസ്ക്കാരം നേടിയ പോരാളിയായ സെല്വരാജന് നായിഡു ചികിത്സക്ക് നിവര്‍ത്തിയില്ലാത്ത സങ്കട കഥയാണ് പറയാനുള്ളത്. കഴിഞ്ഞ പത്ത് വര്‍ഷമായി ഇദ്ദേഹം വ്യക്ക രോഗിയാണ്. ആഴ്ച്ചയില്‍ മൂന്ന് തവണ ഡയാലിസിസ് ചെയ്താണ് ജീവന് നില നിര്‍ത്തുന്നത്. അടുത്തകാലം വരെ എക്സ് സര്‍വീസ് മെന്‍ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്കീമില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ സൗജന്യമായിരുന്നു ചികിത്സ. എന്നാല്‍ പെട്ടന്ന് പക്ഷെ ആശുപത്രി സൗജന്യ ചികിത്സ നിര്‍ത്തി.
ഇപ്പോള്‍ ഓരോ തവണയും ഡയാലിസിസിന് മൂവായിരത്തോളം രൂപയാണ് സെല്വരാജന് നായിഡുവിന് ചെലവിടേണ്ടി വരുന്നത്. എന്നാല്‍ വിമുക്തഭടന്മാരുടെ പെന്‍ഷനില്‍ നിന്നും ചികിത്സാ ആനുകൂല്യത്തിന് എന്ന പേരില്‍ 1000 രൂപ വീതം മാസം തോറും ഇപ്പോഴും പണം പിടിക്കുന്നുമുണ്ടെന്ന് സെല്‍വരാജിന്റെ മകന് പറയുന്നു. ഇത് ഒരാളുടെ മാത്രം അവസ്ഥയല്ല. രാജ്യത്തിനു വേണ്ടി ജീവിതം സമര്‍പ്പിച്ച നിരവധി വിമുക്ത ഭടന്മാരുടെ ദയനീയ അവസ്ഥയാണ്.