നമ്പറിടാത്ത കൂപ്പണു പയോഗിച്ച് പണപ്പിരിവ്. ബി ജെ പി പയ്യോളി മണ്ഡലം വൈസ് പ്രസിഡണ്ട് വിശ്വനാഥൻ രാജി വെച്ചു.
കൊയിലാണ്ടി: പയ്യോളി തിക്കോടി മേഖലയില അറിയപ്പെടുന്ന സംഘപരിവാർ ബി ജെ പി നേതാവ് പിലാച്ചേരി വിശ്വനാഥൻ ബി ജെ പി മണലം വൈസ് പ്രസിഡണ്ട് പദവിയും കമ്മറ്റി അംഗത്വവും രാജിവെച്ചു. പയ്യോളി മണ്ഡലം പ്രസിഡണ്ടിന് നൽകിയ രാജിക്കത്തിന്റെ പകർപ്പ്, ബി ജെ പി ജില്ലാ സംസ്ഥാന പ്രസിഡണ്ട്മാർക്കും പയ്യോളി മണ്ഡലം പ്രഭാരിക്കും അയച്ചു കൊടുത്തിട്ടുണ്ട്. നമ്പറച്ചടിക്കാത്ത, 500 മുതൽ 50 രൂപ വരേയുള്ള ടോക്കണുകൾ ഉപയോഗിച്ച് പണം പിരിക്കാൻ, ബി ജെ പി യുടെ തിക്കോടി പഞ്ചായത്ത് കമ്മറ്റി വിസമ്മതിച്ചിരുന്നു. ഈ നടപടി പാർട്ടി അച്ചടക്ക ലംഘനമാണ് എന്ന് വിലയിരുത്തിയാണ്, ജില്ലാ പ്രസിഡണ്ട് സജീവൻ തിക്കോടി കമ്മറ്റി തന്നെ പിരിച്ചു വിട്ട്, പുതിയൊരാൾക്ക് താൽക്കാലിക ചുമതല നൽകിയത്. വിശ്വനാഥൻ ഉൾപ്പെടെയുള്ള മണ്ഡലം നേതാക്കളുടെ സാന്നിദ്ധ്യത്തിലാണ്, തിക്കോടി പഞ്ചായത്ത് കമ്മറ്റി കൂപ്പണിൽ നമ്പറില്ലാത്തക്കാര്യം ചൂണ്ടിക്കാട്ടിയത്. പണം പിരിക്കില്ലെന്ന നിലപാടല്ല പഞ്ചായത്ത് കമ്മറ്റി സ്വീകരിച്ചത്.
നമ്പറില്ലാത്ത കൂപ്പണുകൾക്ക് പകരമായി നമ്പറടിച്ചവ നൽകണം എന്നാവശ്യപ്പെടുകയായിരുന്നു. മുമ്പ് നമ്പറില്ലാത്ത കൂപ്പണുകളുപയോഗിച്ചു നടന്ന പിരിവിൽ സംസ്ഥാനത്താകെ ക്രമക്കേടുകൾ നടന്നതും സംഘടനാ അച്ചടക്ക നടപടികൾ ആവശ്യമായി വന്നതും ചൂണ്ടികാട്ടുകയുമുണ്ടായി. എന്നാൽ അതൊന്നും കണക്കിലെടുക്കാതെ, നമ്പറില്ലാത്ത കൂപ്പണുപയോഗിച്ച് തന്നെ പണം പിരിക്കണമെന്ന വാശിയാണ് പ്രശ്നങ്ങളുടെ കാരണം എന്ന് പറയുന്നു. തെരെഞ്ഞെടുക്കപ്പെട്ട ഒരു കമ്മറ്റിക്ക് പറയാനുള്ളത് കേൾക്കാനോ, പിരിച്ചു വിടൽ നടപടിക്ക് മുമ്പ് കമ്മറ്റിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാനോ ജില്ലാ പ്രസിഡണ്ട് തയാറായില്ല. ഇത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും ഏകാധിപത്യ സ്വഭാവമുള്ളതുമായ നടപടിയാണെന്ന് പ്രവർത്തകർ ആരോപിക്കുന്നു.
ഒരു കാരണവശാലും ഇതം ഗീകരിക്കാനാവില്ല; മണ്ഡലം കമ്മറ്റിയെപ്പോലും വിശ്വാസത്തിലെടുക്കാതെയാണ് അച്ചടക്ക നടപടി; നോക്കുകുത്തിയായി മാറിയ മണ്ഡലം കമ്മറ്റിയിലോ മണ്ഡലം വൈസ് പ്രസിഡണ്ട് എന്ന പദവിയിലോ ഇനിയും തുടരുന്നതിലർത്ഥമില്ല; അതുകൊണ്ട് രാജി വെക്കുന്നു എന്നാണ് രാജികത്തിൽ പറയുന്നത്. ജില്ലാ കമ്മറ്റിയുടെ ഏകാധിപത്യ നടപടികൾ തിരുത്തുന്നില്ലെങ്കിൽ മണ്ഡലം കമ്മറ്റിയിൽ നിന്നും തിക്കോടിയിൽ നിന്നും കൂടുതൽ രാജിയുണ്ടാവുമെന്നും പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു.