പ്രശസ്ത ഗായിക വാണി ജയറാം അന്തരിച്ചു
ചെന്നൈ: പ്രശസ്ത പിന്നണി ഗായികയും പദ്മഭൂഷണ്‍ ജേതാവുമായ വാണി ജയറാം (77) അന്തരിച്ചു. ചെന്നൈയിലെ വസതിയില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. നെറ്റിയില്‍ ഒരു പൊട്ടലുണ്ടായിരുന്നു. തമിഴ്, തെലുഗു, കന്നട, മലയാളം, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലായി നൂറുകണക്കിന് ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മൂന്നു തവണ നേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ റിപബ്ലിക് ദിനത്തിലാണ് പദ്മഭൂഷണ്‍ പുരസ്കാരം തേടിയെത്തിയത്.
മലയാളത്തില്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്കാണ് വാണി ജയറാം സ്വരം നല്‍കിയത്. ആഷാഢമാസം ആത്മാവില്‍ മോഹം, ഏതോ ജന്മ കല്പ്പനയില്, സീമന്ത രേഖയില്‍, നാദാപുരം പള്ളിയിലെ, തിരുവോണപ്പുലരിതന്‍, പകല്‍ സ്വപ്നത്തിന് പവനുരുക്കും… തുടങ്ങി ഒട്ടനവധി ഗാനങ്ങള്‍ ആലപിച്ചു. ഒരു നീണ്ട ഇടവേളക്ക് ശേഷം 1983 എന്ന ചിത്രത്തില്‍ ഗോപീ സുന്ദറിന്റെ സംഗീതത്തില്‍ പി. ജയചന്ദ്രനൊപ്പം ‘ഓലഞ്ഞാലി കുരുവി…’ എന്ന ഗാനം ആലപിച്ചു കൊണ്ടാണ് വാണി ജയറാം മലയാളത്തിലേക്ക് മടങ്ങി വന്നത്.
19 ഭാഷകളിലായി പതിനായിരത്തിലധികം ഗാനങ്ങള്‍ അവര്‍ ആലപിചിട്ടുണ്ട്. 1975 ല്‍ തമിഴ് ചിത്രമായ അപൂര്‍വ്വരാഗത്തിലെ ഏഴുസ്വരങ്ങളുക്കുള്‍ എന്ന ഗാനത്തിനും, 1980ല്‍ ശങ്കരാഭരണത്തിലെ ഗാനങ്ങള്‍ക്കും, 1991 സ്വാതി കിരണത്തിലെ ഗാനങ്ങള്‍ക്കും ദേശീയ പുരസ്കാരം നേടി. വാണി ജയറാമിന്റെ 30 കവിതകള്‍ ‘ഒരു കുയിലിന് കുരള്‍ കവിതൈ വടിവില്‍’ എന്ന പേരില്‍ പുസ്തകമായിട്ടുണ്ട്.