കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറെ എം എസ് എഫ് പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു
കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറെ എം എസ് എഫ് പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു. യൂണിയന്‍ തിരഞ്ഞെടുപ്പ് വൈകുന്നുവെന്നാരോപിച്ചായിരുന്നു നടപടി. വൈസ് ചാൻസലർ ഡോ.എം.കെ.ജയരാജിനെ ഒന്നര മണിക്കൂറോളം ചേംബറിൽ പൂട്ടിയിട്ടു. പിന്നീട് പൊലീസ് എത്തി വിദ്യാർഥി നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കിയ ശേഷമാണ് വിസിയെ മോചിപ്പിച്ചത്. അഡ്മിനിസ്ട്രേഷൻ ബ്ലോക്കിനു പുറത്ത് തമ്പടിച്ച പ്രവർത്തകരും പൊലീസുമായി സംഘർഷവുമുണ്ടായി. ഇന്നു രാവിലെ 10.15നാണ് സംഭവങ്ങളുടെ തുടക്കം.
തിരഞ്ഞടുപ്പ് വൈകിക്കുന്നത് അട്ടമറിക്കാനാണെന്നാരോപിച്ച് ഇന്നു സർവകലാശാലയിലേക്ക് മാർച്ച് നടത്തുമെന്ന് എംഎസ്എഫ് സംസ്ഥാന സമിതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പ് ചുമതലയുള്ള വിദ്യാർഥി ക്ഷേമ വിഭാഗം ഡീൻ ഓഫിസിലേക്കായിരിക്കും മാർച്ച് എന്ന കരുതി അവിടെ വൻ പൊലീസ് സന്നാഹവുമൊരുക്കിയിരുന്നു. എന്നാൽ പെട്ടെന്ന് എംഎസ്എഫ് സമരമുറ മാറ്റുകയായിരുന്നു. സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം നേതാക്കൾ ഇതിനിടെ വിസിയുടെ ഓഫിസ് പ്രവർത്തിക്കുന്ന അഡ്മിനിസ്ട്രേഷൻ ബ്ലോക്കിലൂടെ കടന്നു. പെട്ടെന്ന് രണ്ടാം നിലയിലെ വിസിയുടെ ഓഫിസിലേക്ക് മുദ്രാവാക്യം വിളിച്ച് ഇരച്ചെത്തി ചേംബർ പുറത്തു നിന്നു പൂട്ടുകയായിരുന്നു.
രണ്ട് വര്‍ഷമായി യൂണിവേഴ്സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പ് നടത്തിയിട്ടില്ലെന്നാണ് എം എസ് എഫ് ആരോപിക്കുന്നത്. എസ് എഫ് ഐയുമായി ചേര്‍ന്ന് സര്‍വകലാശാല അധികൃതര്‍ ജനാധിപത്യം അട്ടിമറിക്കുകയാണെന്നാണ് എം എസ് എഫിന്റെ ആരോപണം. ഇത്തവണത്തെ കോളജ് യൂണിയന്‍ തിരഞ്ഞടുപ്പില്‍ എം എസ് എഫിന് കൂടുതല്‍ സീറ്റ് ലഭിച്ച സാഹചര്യത്തില്‍ യൂണിവേഴ്സിറ്റി യൂണിയന്‍ നഷ്ടമാകുമോ എന്ന ഭയത്താലാണ് തിരഞ്ഞടുപ്പ് നടത്താത്തതെന്നും നേതാക്കള്‍ ആരോപിച്ചു.