റവന്യൂ കുടിശ്ശിക പിരിക്കുന്നതില്‍ ധനവകുപ്പിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് സിഎജി റിപ്പോര്‍ട്ട്
റവന്യൂ കുടിശ്ശിക പിരിക്കുന്നതില്‍ ധനവകുപ്പിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് സിഎജി റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് വര്‍ഷമായി 7,100.32 കോടി രൂപയുടെ റവന്യുകുടിശ്ശിക സര്‍ക്കാര്‍ പിരിച്ചെടുത്തില്ലെന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ 1952 മുതലുള്ള എക്സൈസ് വകുപ്പിന്റെ കുടിശികയും ഉള്‍പ്പെടുന്നു. 2019-2021 കാലയളവിലെ റവന്യൂ വിഭാഗവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശമുള്ളത്.
സര്‍ക്കാരിന് ലഭിക്കാനുള്ള ആകെ റവന്യു കുടിശ്ശിക 21797.86 കോടിയാണ്. ഇതില്‍ 6422.49 കോടി സര്‍ക്കാരില്‍നിന്നും സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങളില്‍നിന്നും പിരിച്ചെടുക്കാന്‍ ബാക്കി നില്‍ക്കുന്നതാണെന്നും സിഎജി പറയുന്നു. സംസ്ഥാനത്തിന്റെ ആകെ റവന്യൂ വരുമാനത്തിന്റെ 22.33 ശതമാനമാണ് സംസ്ഥാനത്തിന്റെ മൊത്തം കുടിശ്ശിക. പിരിച്ചെടുക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ശ്രമിക്കുന്നില്ല. എഴുതി തള്ളുന്നതിനായി സര്‍ക്കാരിലേക്ക് അയച്ച 1,905 കോടിയുടെ കേസിലും തുടര്‍നടപടി സ്വീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.