എല്ലാവര്‍ക്കും സ്വന്തം വീടുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ടി പി രാമകൃഷ്ണന്‍
എല്ലാവര്‍ക്കും സ്വന്തം വീടുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് തൊഴില്‍-എക്‌സൈസ് മന്ത്രി ടി പി രാമകൃഷണന്‍ പറഞ്ഞു. പ്രകൃതിക്ഷോഭത്തില്‍ വീട് തകര്‍ന്ന കട്ടിപ്പാറ കരിഞ്ചോലമലയിലെ സുശീലദേവിക്കായി സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് നിര്‍മ്മിച്ച സ്‌നേഹഭവന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലൈഫ് മിഷനില്‍ മൂന്നേ മുക്കാല്‍ വര്‍ഷം കൊണ്ട്, ആദ്യ രണ്ടു ഘട്ടങ്ങളിലായി 1.37 ലക്ഷം വീടുകള്‍ നിര്‍മ്മിച്ചു കൈമാറി. ഒരു ലക്ഷം വീടുകളുടെ നിര്‍മ്മാണം പുരേഗമിക്കുകയാണ്. 2020 ഓടെ ഈ വീടുകള്‍ പൂര്‍ത്തീകരിച്ച് കൈമാറാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. വീടും ഭൂമിയുമില്ലാത്തവര്‍ക്കായി ഭവനസമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നതിനും തുടക്കമിട്ടു. 56 ഭവനസമുച്ചയങ്ങളുടെ ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. കേരളത്തിന്റെ പുനര്‍നിര്‍മ്മാണ ദൗത്യത്തിന് ഊര്‍ജ്ജം പകരുന്ന പ്രശംസനീയമായ പ്രവര്‍ത്തനമാണ് സ്‌കൗട്ട് ആന്റ് ഗൈഡ്‌സിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം സേവന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതോടൊപ്പം വിദ്യാലയങ്ങളിലും പരിസര പ്രദേശങ്ങളില്‍ നിന്നും ലഹരിയെ തുരത്താന്‍ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് മുന്നിട്ടിറങ്ങണം. സാഹചര്യങ്ങള്‍ക്കനുസരിച്ച് സേവനം ചെയ്യുക എന്നതാണ് വീട് നിര്‍മ്മിച്ചു നല്‍കിയതിലൂടെ സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് നല്‍കുന്ന സന്ദേശമെന്നും മന്ത്രി പറഞ്ഞു.
ചെമ്പ്രകുണ്ടയിലെ കനിവ് ചാരിറ്റബിള്‍ട്രസ്റ്റ്് സൗജന്യമായി നല്‍കിയ സ്ഥലത്ത് കേരള സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് താമരശേരി വിദ്യാഭ്യാസ ജില്ലാ അസോസിയേഷന്‍ ഏഴ് ലക്ഷം രൂപ ചെലവഴിച്ചാണ് വീട് നിര്‍മ്മിച്ചത്. കട്ടില്‍, മേശ, അലമാര, പ്രഷര്‍ കുക്കര്‍ തുടങ്ങി വീട്ടിലേക്കാവശ്യമായ ഉപകരണങ്ങളും നല്‍കി.
ഹോളിഫാമിലി സ്‌കൂളില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ കാരാട്ട് റസാക്ക് എംഎല്‍എ അധ്യക്ഷത വഹിച്ചു. വീട്ടുപകരണങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്‍ കൈമാറി. വിവിധ അവാര്‍ഡ് ജേതാക്കള്‍, കനിവ് ചാരിറ്റബിള്‍ ട്രസ്റ്റ്, വേള്‍ഡ് ജാംബൂരിയില്‍ പങ്കെടുത്തവര്‍ എന്നിവര്‍ക്കുള്ള ഉപഹാരങ്ങള്‍
മന്ത്രി സമ്മാനിച്ചു. ഇലക്ട്രിക് ഉപകരണങ്ങളും ഫര്‍ണിച്ചറുകളും സ്‌കൗട്ട് ആന്റ് ഗൈഡ്സ് സംസ്ഥാന സെക്രട്ടറി കെ പി പ്രദീപ്കുമാര്‍ കൈമാറി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിധിഷ് കല്ലുള്ളതോട്, പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ പി സ്ി തോമസ്, സ്‌കൗട്ട് ആന്റ് ഗൈഡ്സ് സ്റ്റേറ്റ് അസി. കമിഷണര്‍ എം രാമചന്ദ്രന്‍, താമരശേരി എഇഒ എന്‍ പി മുഹമ്മദ് അബ്ബാസ്, കനിവ് ഗ്രാമം പ്രതിനിധി ആര്‍ കെ അബ്ദുല്‍മജീദ്, സ്‌കൗട്ട് ആന്റ് ഗൈഡ് താമരശേരി ഡിസ്ട്രിക്ട് കമിഷണര്‍മാരായ വി ഡി സേവ്യര്‍, കെ രമ, ഹോളിഫാമിലി സ്‌കൂള്‍ മാനേജര്‍ ഫാ. റോയ് വള്ളിയാംതടം പ്രിന്‍സിപ്പല്‍ ഷിവിച്ചന്‍ മാത്യു, പ്രധാനധ്യാപകന്‍ എം എ അബ്രഹാം, പിടിഎ പ്രസിഡന്റ് ബാബു, പി ടി ഷംസുദ്ദീന്‍, രാജന്‍ വെളുത്തേടത്ത്, ജ്യോതിലക്ഷ്മി, എം ഇ ഉണ്ണികൃഷ്ണന്‍, ത്രേസ്യാമ്മ തോമസ്, പി എ ജോസ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി ടി ഫിലിപ്പ് സ്വാഗതവും ജോയിന്റ് സെക്രട്ടറി വിനോദിനി നന്ദിയും പറഞ്ഞു.
