കോഴിക്കോട് പാളയം പച്ചക്കറി മാർക്കറ്റ് മറ്റൊരിടത്തേക്കും മാറ്റരുതെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ കോർപ്പറേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി
കോഴിക്കോട് പാളയം പച്ചക്കറി മാർക്കറ്റ് മറ്റൊരിടത്തേക്കും മാറ്റരുതെന്നും അവിടെത്തന്നെ നില നിർത്തണമെന്നും ആവശ്യപ്പെട്ട് വിവിധ സംഘടനകൾ കോർപ്പറേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി. പാളയം മാർക്കറ്റ്- അനുബന്ധമേഖലാ സംരക്ഷണസമിതിയാണ് മാർച്ചിന് നേതൃത്വം നൽകിയത്.
തൊഴിൽ നഷ്ടപ്പെടുത്തരുത്, മാർക്കറ്റ് നവീകരണം ഉടൻ നടപ്പാക്കുക, വികസനത്തിന്റെ പേരിൽ തൊഴിലാളികളെ പ്രയാസപ്പെടുത്തരുത്, കച്ചവടക്കാരുടെയും തൊഴിലാളികളുടെയും ജീവനോപാധി സംരക്ഷിക്കുക, പൈതൃകത്തെരുവായ മിഠായിത്തെരുവ് സംരക്ഷിക്കുന്നതു പോലെ മാർക്കറ്റും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് അഷറഫ് മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു. കെ വി അബ്ദുൾ ജലീൽ അധ്യക്ഷനായി. പി എം ഹനീഫ, അഹമ്മദ്കുട്ടി ഉണ്ണികുളം, എം പി ജനാർദനൻ, എ ടി അബ്ദു, സുഷൽ പൊറ്റെക്കാട്ട്, എൻ കെ. ഹംസക്കോയ, എ വി മുസ്തഫ, എം മുഹമ്മദ് ബഷീർ, ഇ സി സതീശൻ തുടങ്ങിയവർ സംസാരിച്ചു.