CALICUTDISTRICT NEWS
പ്രസവം ഇവിടെ ഇനി മധുരതരം

കോഴിക്കോട് :സ്വകാര്യ ആശുപത്രികളെ വെല്ലുന്ന സൗകര്യങ്ങളുമായി മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം മാറുന്നു. ആധുനിക സൗകര്യങ്ങളോടെ ഡെലിവറി കോട്ട് മുതൽ സംഗീതവും ചിത്രങ്ങളുമായി ലേബർ മുറി അടിമുടി മാറുകയാണ്.
ലേബർ, ഡെലിവറി, റിക്കവറി എന്ന ക്രമീകരണത്തിലൂടെയുള്ള മികച്ച പരിചരണത്തിന് തിങ്കളാഴ്ച തുടക്കമാകും. സംഗീതത്തിന്റെ മധുരത്തിനൊപ്പം ചുമരുകളിൽ മാതൃത്വത്തിന്റെ വശ്യതയാർന്ന ത്രിമാനചിത്രങ്ങളും നിറയും. മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെത്തുന്ന പ്രസവ കേസുകളിൽ ഏറെയും സങ്കീർണാവസ്ഥയിലുള്ളതാണ്. സ്വകാര്യ ആശുപത്രികൾ കൈയൊഴിയുന്നതാണ് ഇതിന് പ്രധാന കാരണം. ഇത്തരം രോഗികൾക്ക് മെച്ചപ്പെട്ട പരിചരണത്തിനായി സജ്ജീകരിച്ച ഹൈ ഡിപ്പൻസി യൂണിറ്റാണ് ഏറെ ശ്രദ്ധേയം.
ഐസിയുവും പ്രസവമുറിയും ശസ്ത്രക്രിയാ വിഭാഗവും ഒരു കുടക്കീഴിൽ വരുന്നു എന്നതാണ് പ്രധാന സവിശേഷത. ഇവിടെ 36 ഡെലിവറി കോട്ടുകളും ഐസിയുവിൽ രണ്ട് വെന്റിലേറ്റർ ഉൾപ്പടെ നാല് കോട്ടുകളുമാണ് ഉള്ളത്. സാധാരണ പ്രസവങ്ങൾക്കായി പ്രത്യേക വിഭാഗംതന്നെ സജ്ജീകരിച്ചിട്ടുണ്ട്.
നാലുമുറികളിലായി 12 ആധുനിക ഡെലിവറി കോട്ടുകളുണ്ട്. ഓരോ കോട്ടുകളും കർട്ടൺ ഉപയോഗിച്ച് വിഭജിച്ചതിനാൽ മുറി പോലെ ഉപയോഗിക്കാനാവും. അടുത്ത ബന്ധുവിന്റെ സാമീപ്യവും ഇവിടെയുണ്ടാകും. വാർഡിലേക്ക് പ്രവേശിപ്പിക്കുന്നത് മുതൽ പ്രസവംവരെ വിവിധയിടങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്ന അവസ്ഥ ഇനിയുണ്ടാകില്ല.
ഈ സംവിധാനങ്ങൾക്ക് പുറമെ സ്കാനർ, എക്സ്റേ, മോണിറ്റർ തുടങ്ങി രോഗ നിർണയ സംവിധാനങ്ങളും ഇതോടൊപ്പമുണ്ട്.മെച്ചപ്പെട്ട ചികിത്സ നൽകി അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും മരണനിരക്ക് കുറക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നീങ്ങുമ്പോൾ റഫറൽ സംവിധാനത്തിന് വിരുദ്ധമായി മറ്റു ആരോഗ്യ സ്ഥാപനങ്ങൾ രോഗികളെ ഇവിടേക്ക് തള്ളിവിടുന്ന അവസ്ഥയുണ്ടെന്ന് വകുപ്പ് മേധാവി ഡോ.വിനയചന്ദ്രൻ പറഞ്ഞു. രോഗികളുടെ ബാഹുല്യം മെച്ചപ്പെട്ട ചികിത്സക്ക് തടസ്സമാകുന്നതായും അദ്ദേഹം പറഞ്ഞു. സിൽവർ ജൂബിലി കെട്ടിടത്തിലാണ് പുതിയ സജ്ജീകരണമൊരുക്കിയത് ലക്ഷ്യ പദ്ധതിയുടെ ഭാഗമായി 1.15 കോടിരൂപ ചെലവിട്ടാണ് പുതിയ സംവിധാനമൊരുക്കിയതെന്ന് ഗൈനക്കോളജി അസി. പ്രൊഫസർ നൂറുൽ അമീൻ പറഞ്ഞു
Comments