KERALAUncategorized

ഉച്ചത്തിൽ സംസാരിക്കരുത്, പാട്ട് കേൾക്കരുത്; രാത്രി യാത്രക്കാർക്ക് പുതിയ മാർഗനിർദേശങ്ങളുമായി റെയിൽവേ

ട്രെയിനിലെ രാത്രിയാത്രക്കാർക്ക് പുതിയ മാർഗനിർദേശവുമായി ഇന്ത്യൻ റെയിൽവേ. രാത്രിയാത്രയിൽ ട്രെയിനിൽ ഉച്ചത്തിൽ സംസാരിക്കരുതെന്നും ഇയർഫോണില്ലാതെ ഉയർന്ന ശബ്ദത്തിൽ സംഗീതം ആസ്വദിക്കാൻ പാടില്ലെന്നും 10 മണിക്ക് ശേഷം ലൈറ്റുകൾ ആവശ്യമില്ലാതെ ഓൺ ആക്കരുതെന്നും പുതിയ മാർഗനിർദേശത്തിൽ പറയുന്നു.

രാത്രിയാത്ര സുഗമമാക്കുന്നതിൻ്റെ ഭാഗമായാണ് ഇന്ത്യൻ റെയിൽവേയുടെ നടപടി. ടിടിഇ, കാറ്ററിങ് സ്റ്റാഫ്, മറ്റ് റെയിൽവേ ഉദ്യോഗസ്ഥർ എന്നിവർ യാത്രക്കാർ പൊതു മര്യാദകൾ പാലിക്കുന്നതിൽ ശ്രദ്ധ നൽകണമെന്നും ഇക്കാര്യത്തിൽ യാത്രക്കാർക്ക് നിർദേശം നൽകണമെന്നും റെയിൽവേ ആവശ്യപ്പെട്ടിട്ടുണ്ട്. ട്രെയിനിനുള്ളിൽ പുകവലി, മദ്യപാനം തുടങ്ങിയ പൊതു സ്വീകാര്യതയ്‌ക്കെതിരായ പ്രവർത്തനങ്ങളും അനുവദനീയമല്ല. നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും റെയിൽവേ മുന്നറിയിപ്പ് നൽകി.

പുതിയ നിർദേശങ്ങൾ

  • സീറ്റിലോ കമ്പാർട്ടുമെൻ്റിലോ കോച്ചിലോ ഇരിക്കുന്ന ഒരു യാത്രക്കാരനും ഉച്ചത്തിൽ മൊബൈലിൽ സംസാരിക്കാൻ പാടില്ല
  • ഇയർഫോണില്ലാതെ ഉയർന്ന ഡെസിബെലിൽ സംഗീതം കേൾക്കാൻ പാടില്ല.
    രാത്രി 10 മണിക്ക് ശേഷം നൈറ്റ് ലൈറ്റ് ഒഴികെ ബാക്കിയുള്ള ലൈറ്റുകൾ ആവശ്യമില്ലാതെ ഉപയോഗിക്കരുത്.
  • രാത്രി 10 മണിക്ക് ശേഷം യാത്രക്കാരുടെ ടിക്കറ്റ് പരിശോധിക്കാൻ ടിടിഇയ്ക്ക് വരാൻ കഴിയില്ല.
  • രാത്രി 10 മണിക്ക് ശേഷം ട്രെയിനിൽ ഓൺലൈൻ ഭക്ഷണം വിതരണം ചെയ്യാൻ പാടില്ല. ഇ കാറ്ററിങ് സേവനങ്ങൾ ഉപയോഗിച്ചു രാത്രിയിൽ ഭക്ഷണമോ, പ്രഭാതഭക്ഷണമോ മുൻകൂട്ടി ഓർഡർ ചെയ്യാം.
  • രാത്രി 10 മണിക്ക് ശേഷം കൂട്ടമായി യാത്ര ചെയ്യുന്നവർ പരസ്പരം ഉച്ചത്തിൽ ആശയവിനിമയം നടത്താൻ പാടില്ല.
  • 10 ന് ശേഷം മിഡിൽ ബെർത്തിലെ സഹയാത്രികന് സീറ്റ് തുറന്ന് കിടക്കാൻ ലോവർ ബെർത്തിലെ യാത്രികൻ അനുവദിക്കണം.

ലഗേജുമായി ബന്ധപ്പെട്ടും പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. എസി കോച്ചുകളിൽ പരമാവധി 70 കിലോ വരെയുള്ള ലഗേജുമായി യാത്ര ചെയ്യാം. സ്ലീപ്പർ ക്ലാസിൽ 40 കിലോഗ്രാമാണ് അനുവദനീയമായ ലഗേജ് ഭാരം. സെക്കൻഡ് ക്ലാസിൽ 35 കിലോഗ്രാമും. കൂടുതൽ പണം നൽകി എസി ക്ലാസ് യാത്രക്കാർക്ക് 150 കിലോഗ്രാം വരെയുള്ള ലഗേജ് കൊണ്ടുപോകാം. സ്ലീപ്പറിൽ 80 കിലോഗ്രാമും സെക്കൻഡ് ക്ലാസിൽ 70 കിലോഗ്രാമുമാണ് കൂടുതൽ പണം നൽകി കൊണ്ടുപോകാൻ സാധിക്കുക.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button