സംസ്ഥാനത്തെ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഏപ്രിൽ ഒന്നിന് ആരംഭിക്കും
സംസ്ഥാനത്തെ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഏപ്രിൽ ഒന്നിന് ആരംഭിക്കും. വിവിധ വകുപ്പുകളുടെ ഏകോപിതമായ പ്രവർത്തനങ്ങൾ ഉറപ്പുവരുത്തണമെന്ന് ഇതുമായി ബന്ധപ്പെട്ട ഉന്നതതലയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾക്ക് പുറമെ വീടുകളിലും ഓഫീസുകളിലും ഉൾപ്പെടെ ശുചീകരണ പ്രവർത്തനങ്ങൾ പൊതുജന പങ്കാളിത്തത്തോടെ നടത്തണം.
യോഗത്തിൽ മന്ത്രിമാരായ പി. രാജീവ്, പി. എ. മുഹമ്മദ് റിയാസ്, റോഷി അഗസ്റ്റിൻ, എം.ബി. രാജേഷ്, വീണാ ജോർജ്ജ്, അഡീ. ചീഫ് സെക്രട്ടറിമാരായ ഡോ. വി. വേണു, ശാരദാ മുരളീധരൻ, വകുപ്പ് മേധാവികൾ, ജില്ലാ കളക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.
വൃത്തിയുള്ള കേരളം, വലിച്ചെറിയൽമുക്ത കേരളം ക്യാമ്പയിനിന്റെ ഭാഗമായി വൃത്തിയാക്കാൻ നിശ്ചയിച്ചിട്ടുള്ള ഇടങ്ങൾ, മാലിന്യക്കൂനകൾ, കവലകൾ, ചെറു പട്ടണങ്ങൾ, പൊതു ഇടങ്ങൾ, അപ്പാർട്ട്മെന്റ് കോംപ്ലക്സുകൾ, വ്യാപാര കേന്ദ്രങ്ങൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ, ചന്തകൾ, കമ്മ്യൂണിറ്റി ഹാൾ, വിവാഹ മണ്ഡപങ്ങൾ, ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ക്യാമ്പസുകൾ മുതലായവ വൃത്തിയാക്കി വലിച്ചെറിയൽ മുക്ത ഇടങ്ങളായി പ്രഖ്യാപിക്കണം. ഇക്കാര്യം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ചെയ്യണം.
എല്ലാ ജില്ലകളിലും ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തിൽ പ്രതിമാസ മഴക്കാല മുന്നൊരുക്ക അവലോകനയോഗം ചേരണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. യോഗത്തിൽ വകുപ്പ് മേധാവികളെയും തദ്ദേശ സ്ഥാപന മേധാവികളെയും പങ്കെടുപ്പിക്കണം. ജില്ലകളിൽ നടന്നുവരുന്ന മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ, മഴക്കാലപൂർവ്വ ശുചീകരണ പ്രവൃത്തികളുടെ പുരോഗതി എന്നിവ വിലയിരുത്തേണ്ടതും പൂർത്തീകരിക്കപ്പെടാത്ത കാര്യങ്ങളുണ്ടെങ്കിൽ അവ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കാൻ കർമ പദ്ധതി തയ്യാറാക്കുകയും വേണം.
എല്ലാ തദ്ദേശ സ്ഥാപനങ്ങളും മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കണം. പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും പ്രവർത്തന കലണ്ടർ തയ്യാറാക്കുന്നത് ഉചിതമാകും. പൂർത്തീകരിക്കാത്ത പ്രവൃത്തികൾ ബന്ധപ്പെട്ട വകുപ്പ് മേധാവികളെയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളെയും അറിയിക്കണം.