SPECIALUncategorized

തടുക്കാൻ കഴിയാതെ ഗോൾ വലയിലേക്ക് കയറിപ്പോയ ഒരു പന്ത്

“കളി തീരും മുമ്പേ കളിക്കളം വിടേണ്ടി വരുന്ന കളിക്കാരനെ, അവന്റെ അതുവരെയുളള പ്രകടനത്തിന്റെ പേരിലാവും കാണികൾ എതിരേൽക്കുക. എങ്കിൽ തീർച്ചയായും കാണികളായ നമുക്ക് എഴുന്നേറ്റ് നിന്ന് കെ.ടി. സുരേന്ദ്രന് നിറഞ്ഞ കൈയ്യടികളോടെ ആദരമർപ്പിക്കാം”

കനാത്ത് താഴെ കേളന്റേയും, ചോയിച്ചിയുടെയും മകനായി ജനിച്ച സൂരേന്ദ്രന് വീട്ടിന്റെ മുന്നിലെ വയൽ തന്നെയായിരുന്നു ആദ്യ പാഠശാല. പിന്നെ പഠിച്ച് കൊയിലാണ്ടിയിലെത്തിയപ്പോൾ ബോയ്സ് ഹൈസ്കൂളിന്റെ ഗ്രൗണ്ടിൽ വിക്ടറി ടാക്കീസിൽ നിന്നുയർന്ന സിനിമാ കാറ്റിന് ചെവി കൊടുക്കാതെ അന്നത്തെ കായികാധ്യാപകരായിരുന്ന വില്യംസ് മാഷിനും, ഇമ്പിച്ചി അഹമ്മദ് മാഷിനനും മുമ്പിൽ കാൽപ്പന്തിനായി കാത്തിരുന്നു. പിന്നെ ചിൽഡ്രൻസ്  ക്ലബിലും, യുവഭാവനയിലും, സ്റ്റേറ്റ് പോസ്റ്റൽ ടീമിലും, ഇന്റിപെൻഡൻസ് ബഡ്സിലും, ക്വാർട്സ് സോക്കറിലും ഗോൾ വലകൾ കാത്ത് കളങ്ങൾ നിറഞ്ഞാടി.
കളിക്കമ്പത്തോടൊപ്പം സൗഹൃദത്തിന്റെ വലയങ്ങളിലും നിറയെ സ്നേഹം നിറച്ചു. കൊയിലാണ്ടിയുടെ ഫുട്ബോൾ ഐക്കണായ ഋഷിദാസ് കല്ലാട്ട് സുരേന്ദ്രനെ സ്മരിക്കുന്നു

ഋഷിദാസ് കല്ലാട്ട്

കോഴിക്കോട് ജില്ലാ ഫുട്ബാൾ അസോസിയേഷന്റെ നേതൃത്വത്തിൽ ഒളിമ്പ്യൻ റഹ്മാന്റെ പേരിലുളള ഫുട്ബാൾ ക്യാമ്പിൽ കെ.ടി. സുരേന്ദ്രന്റെ കായിക ശേഷിയുടെ എല്ലാ തലങ്ങളെയും നേരിട്ട റിയാൻ കഴിഞ്ഞിട്ടുണ്ട്. ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചിങ്ങ് ബൂട്ടിയ പങ്കെടുത്ത പ്രസ്തുത ക്യാമ്പ് സുരേന്ദ്രന്റെ കായിക ജീവിതത്തിലെ നാഴികകല്ലായിരുന്നു. സുരേന്ദ്രന്റെ നിരവധി സേവുകൾ ഇന്നും ഋഷിദാസിന്റെ ഓർമ്മകളിൽ ഒളി മങ്ങാതെയുണ്ട്. പോസ്റ്റൽ ഡിപ്പാർട്മെന്റിൽ നിന്നും വിരമിച്ചതിനുശേഷവും, വിശ്രമിച്ചിരിക്കാനല്ല, കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകാനാണ് സുരേന്ദ്രൻ തീരുമാനിച്ചത്. അന്തട്ട ജി.യു.പി.സ്കൂളിലെ കുട്ടികൾക്ക് പരിശീലനം നൽകുന്ന കാര്യം തന്നോട് പറഞ്ഞിരുന്നതായും ഋഷിദാസ് ഓർക്കുന്നു.

=====================================================================================

കുറുവങ്ങാട് നിന്നും കൊയിലാണ്ടിയിലെത്തിയ ശേഷം ചിൽ ഡ്രൻസ് ആയിരുന്നു കെ.ടി. സുരേന്ദ്രന്റെ തട്ടകം.
ചിൽഡ്രൻസിന്റെ അന്നത്തെ കളിക്കാരനും എ.കെ.ജി സ്പോർട്സ് ക്ലബിന്റെ ഭാരവാഹിയും ആയിരുന്ന യു.കെ. ചന്ദ്രന്റെ ഓർമ്മകളിലൂടെ

യു.കെ. ചന്ദ്രൻ

കൊയിലാണ്ടി ബോയ്സ് ഹൈസ്കൂൾ മുതൽ സുരേന്ദ്രനിലെ കളിക്കാരനെ അടുത്തറിയാം. ആത്മാരാമിനു ശേഷം ഗോൾ കീപ്പിംഗിൽ ഇത്രയും മികവുളള മറ്റൊരു കളിക്കാരനുണ്ടായിരുന്നില്ല. നിരവധി ടൂർണമെന്റുകളിൽ സുരേന്ദ്രനോടൊത്ത് കളിച്ച അനുഭവമുണ്ട്, യു.കെ.ചന്ദ്രന്. കൊയിലാണ്ടിയും, മടപ്പള്ളിയും, നാഗ്ജിയിലും, ബി.ഡി വിഷനിലുമൊക്കെയായി കാൽപ്പന്തുകൾ കഥകൾ തീർത്ത നിരവധി മത്സരങ്ങൾ …
കളിക്കാരനായും, സുഹൃത്തായും, സഖാവായും കെ.ടി. സുരേന്ദ്രൻ ചന്ദ്രന്റെ ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്നു.

==================================================================================

    ചിൽഡ്രൻസിന്റെ അന്നത്തെ ക്യാപ്റ്റനായിരുന്ന എ.ടി. രാജന്റെ കളിയോർമ്മകളിൽ ജ്വലിച്ചു നിൽപ്പുണ്ട്, കെ.ടി. സുരേന്ദ്രൻ ….

ക്യാപ്ററനെന്ന നിലയിൽ പഴുതടച്ച ഗോൾ പോസ്റ്റ് കെ.ടി. സുരേന്ദ്രനിൽ നിന്ന് പ്രതീക്ഷിക്കാമായിരുന്നു. സുരേന്ദ്രന്റെ ഡൈവിംഗ് സേവുകൾ അക്കാലത്തെ ഫുട്ബോൾ കാണികളുടെ മനസ്സിൽ നിന്ന് മാഞ്ഞു പോകാത്തവയാണ്.

എ.ടി. രാജൻ

=========================================================================

 

ഒരുമിച്ച് കളിച്ചതിനേക്കാൾ എതിരാളികളായി കളിച്ചതിന്റെ ഓർമ്മകളിലാണ് ബോണി പ്ലയേഴ്സിന്റെ കളിക്കാരനും, ഇപ്പോൾ ഉഷ സ്കൂൾ ഓഫ് അത് ലറ്റിക്സിന്റെ സെക്രട്ടറിയുമായ പി.എ. അജനചന്ദ്രന് പറയാനുള്ളത്.

 

” ഒരു പ്രത്യേക ചങ്ങായിയായിരുന്നു കെ.ടി. സുരേന്ദ്രൻ. സുരേന്ദ്രന്റെ ഗോൾ പോസ്റ്റിൽ ഗ്യാപ് കണ്ടെത്തുകയെന്നത് ഇത്തിരി ദുഷ്കരമായിരുന്നു. ഇരുഭാഗത്തേക്കും ഡൈവ് ചെയ്ത് ഗോൾ രക്ഷിക്കാനുളള നല്ല കഴിവുള്ള പ്ലയറായിരുന്നു. എതിർ ടീമിലാവുമ്പോഴും ശാന്തമായും, തികഞ്ഞ സ്പോർട്സ് മാൻ സ്പിരിറ്റോടെയും ഗ്രൗണ്ടിൽ പെരുമാറിയിരുന്നു. പോസ്റ്റ് മാനായ ശേഷവും കത്തുമായി വന്നാൽ ഫുട്ബാൾ കാര്യം പറയാനായിരുന്നു താൽപ്പര്യം.

പി.എ. അജനചന്ദ്രൻ

===============================================================================

പുതിയ കാലത്ത് മരണത്തിനും പുതിയ വഴികളാണല്ലോ?
നിത്യവും നന്നായി വ്യായാമം ചെയ്യുന്ന, കളിക്കുന്ന, നടക്കുന്ന, ഓടുന്ന ഒരാൾ പെട്ടെന്നൊരു നാൾ പോയി എന്നു കേൾക്കുന്നു. നമുക്കിടയിൽ നിന്ന് ഒരാളെ പെട്ടന്ന് പിടിച്ച് പറച്ച് കൊണ്ടുപോവുന്നതുപോലെ…
ഒരാൾ കുഴഞ്ഞ് വീഴുന്ന അവസരങ്ങളിൽ അടിയന്തരമായി നൽകേണ്ട പ്രഥമ ശുശ്രൂഷകളെപ്പറ്റിയൊക്കെ അറിവുള്ളവർ പറയുന്നത് കേൾക്കുമ്പോൾ വെറുതെ ആഗ്രഹിച്ചു പോവുകയാണ്, രക്ഷപ്പെടുമായിരുന്നോ ….
കുറച്ച് കാലം കൂടി ഇവിടെ ഉണ്ടാകുമായിരുന്നോ എന്നൊക്കെ…
വെറുതെ, അവനോടുള്ള അടുപ്പം കൊണ്ടും സ്നേഹം കൊണ്ടും തോന്നുന്നതാവാം.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button