വിരലടയാളം ശെരിയായില്ല,അരലക്ഷത്തോളം ക്ഷേമ പെന്‍ഷന്‍കാരുടെ മസ്റ്ററിംഗ് അസാധു
കോഴിക്കോട്:വിരലടയാളം പൊരുത്തപ്പെടാത്തതിനെ തുടർന്ന് സംസ്ഥാനത്ത് 48,332 ക്ഷേമപെൻഷൻകാരുടെ മസ്റ്ററിങ് അസാധുവായി. ആധാറിനുവേണ്ടി വർഷങ്ങൾക്കുമുൻപ് എടുത്ത വിരലടയാളവുമായി നിലവിലെ വിരലടയാളം ചേർച്ചയില്ലാത്തതാണ് കാരണം.
സംസ്ഥാനത്ത് 52.19 ലക്ഷം പെൻഷൻകാരിൽ 17.11 ലക്ഷംപേർ മസ്റ്ററിങ് പൂർത്തിയാക്കിയപ്പോഴാണു വിരലടയാളം യോജിക്കാത്തതിന്റെ പേരിലാണ് മസ്റ്ററിങ് പരാജയപ്പെട്ടത്. ബാക്കിയുള്ളവർകൂടി വരുന്നതോടെ വിരലടയാളത്തിന്റെ പേരിൽ അസാധുവാകുന്നവരുടെ എണ്ണം ഒന്നരലക്ഷത്തോളമായി ഉയരാനാണുസാധ്യത. നിലവിൽ മസ്റ്ററിങ് പരാജയപ്പെട്ട 48,332 പേരിൽ 1,506 പേർ മാത്രമാണു ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടുള്ളത്.
പഞ്ചായത്ത് പരിധിയിൽ മാത്രം 32,364 പേരുടെ മസ്റ്ററിങ് പരാജയപ്പെട്ടു. നഗരസഭകളിലും കോർപ്പറേഷനുകളിലുമായി 9,155 പേരുടെയും വിവിധ ക്ഷേമബോർഡുകളിൽനിന്ന് പെൻഷൻ വാങ്ങുന്ന 6,813 പേരുടെയും മസ്റ്ററിങ്ങും സമാന അവസ്ഥയിൽ തന്നെയാണെന്ന് കണക്കുകൾ പറയുന്നു.
മസ്റ്ററിങ് നടത്തുന്ന ജീവൻരേഖാ പോർട്ടലിൽ ഐറിസ് സ്കാനർ പ്രവർത്തനസജ്ജമാക്കി നൽകിയാൽ വിരലടയാളം പൊരുത്തപ്പെടാത്തവർക്ക് അക്ഷയകേന്ദ്രങ്ങളിൽത്തന്നെ കണ്ണടയാളം (കൃഷ്ണമണി ഘടന) നൽകി നടപടിപൂർത്തിയാക്കാനാകും. എന്നാൽ, അതിനുള്ള സൗകര്യം ഇല്ലാത്തതാണ് പെൻഷൻകാരെ ദുരിതത്തിലാക്കുന്നത്.
സെർവർ തകരാറുമൂലം പെൻഷൻകാർക്ക് മസ്റ്ററിങ്ങിനായി പലവട്ടം അക്ഷയകേന്ദ്രങ്ങളിലെത്തിയവർക്കാണീ ഇരുട്ടടി. അക്ഷയകേന്ദ്രങ്ങളിൽനിന്നു ലഭിക്കുന്ന മസ്റ്ററിങ് പരാജയപ്പെട്ടെന്ന സർട്ടിഫിക്കറ്റും ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ലൈഫ്സർട്ടിഫിക്കറ്റും ഹാജരാക്കിയാൽ ഇവർക്ക് പെൻഷൻ ലഭിക്കും. ഇനി അത്, സംഘടിപ്പിക്കാൻ ഓടണം.