Uncategorized

വൈദ്യുതി ബോര്‍ഡിന്റെ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിയിലും വന്‍ തട്ടിപ്പിന് നീക്കം

വൈദ്യുതി ബോര്‍ഡിന്റെ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിയിലും വന്‍ തട്ടിപ്പിന് നീക്കം. ഐ. എ ക്യാമറ ഇടപാട് പോലെ തന്നെ സ്വകാര്യ കമ്പനികള്‍ക്ക് ഉപകരാറിന് വഴി തുറന്നാണ് കോടികള്‍ തട്ടിയെടുക്കാന്‍ ശ്രമം.

ക്യാമറ ഇടപാടില്‍ കെല്‍ട്രോണിനെയാണ് മറയാക്കിയെങ്കില്‍ സിഡാക്കിനെയാണ് മുന്നില്‍ നിര്‍ത്തിയാണ് അഴിമതിക്ക് കളമൊരുക്കുന്നത്. സി.ഡാക്കിന്റെ നേതൃത്വത്തിലുള്ള എസ്.പി.വി (സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍) മുഖേന സ്മാര്‍ട്ട് മീറ്റര്‍ നടപ്പാക്കാന്‍ അനുമതി തേടി സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചു.

വൈദ്യുതി മീറ്റര്‍ രംഗത്ത് എംപാനല്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് ഓപ്പണ്‍ ടെന്‍ഡറിലൂടെ ടോട്ടക്‌സ് മാതൃകയില്‍ കരാര്‍ നല്‍കനാണ് കേന്ദ്ര നിര്‍ദ്ദേശം. ഇത് അട്ടിമറിക്കാനാണ് ശ്രമം. സി.ഡാക് പോലുള്ള സ്ഥാപനങ്ങള്‍ക്ക് സ്മാര്‍ട്ട് മീറ്റര്‍ നടപ്പാക്കാന്‍ പ്രയാസമായിരിക്കുമെന്ന് സര്‍ക്കാര്‍ തന്നെ നിയോഗിച്ച ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ചെയര്‍മാനായ വിദഗ്ദ്ധസമിതി മാര്‍ച്ച് 23ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഇക്കാര്യം മറച്ചു വച്ചാണ് കേന്ദ്രത്തിന്റെ അനുമതി തേടി കഴിഞ്ഞയാഴ്ച സെക്രട്ടേറിയറ്റില്‍ നിന്ന് ഉന്നത ഉദ്യോഗസ്ഥന്റെ കത്തയച്ചിട്ടുള്ളത്. സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി സ്വകാര്യവത്കരണമാണെന്ന ആക്ഷേപമുയര്‍ത്തി വൈദ്യുതി ബോര്‍ഡിലെ തൊഴിലാളികള്‍ തന്നെ എതിര്‍ക്കുന്നുണ്ട്.

കെ.എസ്.ഇ.ബി.യുടെ ഉപയോക്തൃ വിവരവും നടത്തിപ്പ് രീതിയും സ്വകാര്യ സ്ഥാപനം മനസിലാക്കാനും ഭാവിയില്‍ വൈദ്യുതി വിതരണം പൂര്‍ണമായി സ്വകാര്യവല്‍കരിക്കാനും ഇടയാക്കുമെന്നാണ് തൊഴിലാളി സംഘടനകളുടെ നിലപാട്. ജൂണ്‍ 15 നകം ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കേരളത്തിനുള്ള ഗ്രാന്റ് റദ്ദാക്കി അത് മറ്റ് സംസ്ഥാനങ്ങള്‍ക്ക് വീതിച്ച് നല്‍കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button