KERALAUncategorized

ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിനും ഡോക്ടര്‍മാര്‍ക്കും വീഴ്ച പറ്റിയെന്ന് ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്

ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിനും ഡോക്ടര്‍മാര്‍ക്കും വീഴ്ച പറ്റിയെന്ന് ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നു. രണ്ട് ഡോക്ടര്‍മാര്‍ക്കും പോലീസിനും ജാഗ്രതക്കുറവുണ്ടായി എന്നാണ് കണ്ടെത്തിയിരിക്കുന്നത്. കൊല്ലം ഡെപ്യൂട്ടി ഡി.എം.ഒ. സാജന്‍ മാത്യൂ ആണ് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ഹൗസ് സര്‍ജന്മാരെക്കൂടാതെ മറ്റു രണ്ട് ഡോക്ടര്‍മാരെയം സംഭവദിവസം ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. എന്നാല്‍ സന്ദീപിനെ ചികിത്സിച്ചിരുന്ന സമയത്ത് രണ്ട് ഡോക്ടര്‍മാരുടെയും സാന്നിധ്യമുണ്ടായിരുന്നില്ല. ഇക്കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് ജാഗ്രതക്കുറവുണ്ടായി. സംഭവം നേരിടുന്നതില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിനും ഗുരുതര വീഴ്ച പറ്റി. പ്രതി ആക്രമിക്കുന്നതിനിടെ പോലീസ് പുറത്തേക്കോടി. തുടര്‍ന്ന് കതക് പുറത്തുനിന്ന് അടക്കുകയും ചെയ്തു. ഇത് ആക്രമണം രൂക്ഷമാകുന്നതിന് ഇടയാക്കി.

ആശുപത്രിയിലെ സുരക്ഷാ ജീവനക്കാര്‍ കാര്യക്ഷമമായി ഇടപെട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ആശുപത്രിയുടെ സുരക്ഷയ്ക്കായി വിമുക്ത ഭടന്മാരെ നിയോഗിക്കണമെന്ന നിര്‍ദേശത്തോടെയാണ് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട് അവസാനിക്കുന്നത്. അതേസമയം കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് തുടരുകയാണ്. പോലീസ് സര്‍ജന്റെയടക്കം മൊഴി രേഖപ്പെടുത്തി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button