ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നൽകി
ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നൽകി. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ വ്യവസ്ഥ ചെയ്യുന്നതാണ് ഓര്‍ഡിനന്‍സ്. ഡോക്ടര്‍മാരും ആരോഗ്യ- ആഭ്യന്തര വകുപ്പുകളും മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് ഓര്‍ഡിനന്‍സ് തയ്യാറാക്കിയത്.
2012ലെ കേരള ആരോഗ്യരക്ഷാ സേവന പ്രവര്‍ത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയല്‍) നിയമം കൂടുതല്‍ ശക്തമാക്കും. ആശുപത്രി അക്രമണങ്ങളില്‍ ശിക്ഷ ആറ് മാസം മുതല്‍ ഏഴ് വര്‍ഷം വരെ തടവാക്കി ഉയര്‍ത്തും.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ വാക്കുകള്‍ കൊണ്ടുള്ള അസഭ്യവും അധിക്ഷേപവും ആശുപത്രി സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തും. ഡോക്ടര്‍മാരോടൊപ്പം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും സുരക്ഷാ ജീവനക്കാര്‍ക്കും നിയമ പരിരക്ഷ ലഭിക്കും. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ പ്രത്യേക കോടതിയില്‍ ഒരു വര്‍ഷത്തിനകം വിചാരണ തീര്‍ക്കണമെന്നും വ്യവസ്ഥയുണ്ട്.